ചെമ്പരിക്ക ഖാസി കേസ്: പ്രതിഷേധ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍
കോഴിക്കോട്: ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മാര്‍ച്ച് 10ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സമ്മേളനത്തിന് സംസ്ഥാന വ്യാപകമായി ഒരുക്കങ്ങള്‍ നടന്നുവരുന്നു.
കഴിഞ്ഞ 28ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം നിയമ തടസങ്ങളാല്‍ മാറ്റി വയ്ക്കുകയായിരുന്നു.
സമസ്തയുടെ ആഹ്വാന പ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച പള്ളികളില്‍ ഉദ്ബോധനം നടന്നിരുന്നു. മഹല്ലുകളില്‍നിന്ന് പരമാവധി പ്രവര്‍ത്തകരെ സമ്മേളനത്തിനെത്തിക്കാന് നീക്കങ്ങള്‍ ആരംഭിച്ചു. വിവിധ അറബിക് കോളജുകള്‍ കേന്ദ്രീകരിച്ച് കാംപസ് പ്രചാരണ പരിപാടികള്‍ നടന്നുവരികയാണ്. അബ്ദുല്ല മൗലവി ഖാസിയായി ദീര്‍ഘകാലം സേവനം ചെയ്ത കാസര്‍കോട്, ദക്ഷിണ കന്നഡ ജില്ലകളില്‍നിന്ന് ആയിരക്കണക്കിന് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ സമസ്തയുടെ വിവിധ പോഷക ഘടകങ്ങള്‍ കര്‍മരംഗത്ത് സജീവമാണ്.
ഒന്‍പത് വര്‍ഷം പിന്നിട്ടിട്ടും കുറ്റവാളികളെ പിടികൂടാന്‍ കഴിയാതിരിക്കുകയും അന്വേഷണം വഴിതിരിച്ച് വിടാനുമുള്ള അധികൃതരുടെ പ്രവര്‍ത്തനങ്ങളെ സമ്മേളനം തുറന്ന് കാണിക്കും. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ സമസ്തയുടേയും പോഷക ഘടകങ്ങളുടേയും നേതാക്കള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."