ദേശീയതലത്തില്‍ വിശാല മതേതര കൂട്ടായ്മ ഒരുക്കും: എ.കെ ആന്റണി
മലപ്പുറം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയതലത്തില്‍ വിശാല മതേതര കൂട്ടായ്മ ഒരുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണി. മലപ്പുറം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മ സംബന്ധിച്ച് മതേതര പാര്‍ട്ടികള്‍ തമ്മില്‍ അനൗപചാരിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളെ കുഴിച്ചുമൂടാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഒരു ബദല്‍ ഉയര്‍ന്നുവരേണ്ടത് അനിവാര്യമാണ്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതര ശക്തികളെ ഉള്‍പ്പെടുത്തി പുതിയ കൂട്ടായ്മയെക്കുറിച്ച് ആലോചിക്കുമ്പോള്‍ അതിന് തുരങ്കം വയ്ക്കുന്ന കരിങ്കാലിപ്പണിയാണ് സി.പി.എം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ അത്യാപത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പിയും ആര്.എസ്.എസും ചേര്‍ന്ന് ഈ രാജ്യത്ത് നിലനില്‍ക്കുന്ന സകല സൗഹൃദങ്ങളെയും തകര്‍ക്കാനാണ് ശ്രമിക്കുന്നത്. വര്‍ഗീയ ദ്രുവീകരണം അതിവേഗത്തിലാണ് പടര്‍ന്നു പിടിക്കുന്നത്. ഭരണഘടന ഉറപ്പുവരുത്തുന്ന അവകാശങ്ങളെ ഒരോ ദിവസവും ചോദ്യം ചെയ്യപ്പെടുകയാണ്. മോദിയല്ല, ആര്.എസ്.എസ് ആണ് രാജ്യഭരണം കൈയടക്കിയിരിക്കുന്നത്. ഇതുവഴി ആര്.എസ്.എസ് അവരുടെ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്നു. എന്തു ത്യാഗം സഹിച്ചും മതേതരത്വം സംരക്ഷിക്കാന്‍ തയാറാകണം. തര്‍ക്കങ്ങള്‍ മാറ്റിവച്ച് മതേതര ശക്തികള്‍ സന്ദര്‍ഭത്തിനനുസരിച്ച് ഉയര്‍ന്നില്ലെങ്കില്‍ നമ്മുടെ രാജ്യം സര്‍വനാശത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."