അപരന്മാര്‍ റെഡി
തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായില്ലെങ്കിലും അപരന്മാരുടെ പട്ടിക റെഡിയാക്കി മുന്നണികള്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍നിന്ന് വിത്യസ്തമായി മൂന്നു മുന്നണികളും അപരന്മാരെ നിര്‍ത്താനുള്ള നീക്കത്തിലാണ്. ഒരു മുന്നണി രണ്ട് അപരന്മാരെ വീതം പല മണ്ഡലങ്ങളിലും അങ്കത്തിനിറക്കും.
സാധ്യതാ പട്ടിക നോക്കിയാണ് ഇപ്പോള്‍ അപരന്മാരെ സംഘടിപ്പിക്കാന്‍ മുന്നണികള്‍ ഇറങ്ങിയത്. ഏറ്റവും കൂടുതല്‍ അപരന്മാരുണ്ടാകുക തിരുവനന്തപുരത്താവാനാണ് സാധ്യത. ഇവിടെ മൂന്നു മുന്നണികളും രണ്ടു പേരെ വീതം സമീപിച്ചതായി അറിയുന്നു.
വന്‍ വില നല്‍കിയാണ് അപരന്മാരെ ഇറക്കുന്നത്. ഓരോ വോട്ടും വിലപ്പെട്ടതായതിനാല്‍ ബി.ജെ.പിയും ഇത്തവണ അപരന്മാരെ പരീക്ഷിക്കുകയാണ്. പ്രധാനമായും തിരുവനനന്തപുരം ഉള്‍പ്പെടെ വിജയ സാധ്യതയുണ്ടെന്നു ബി.ജെ.പി വിശ്വസിക്കുന്ന മണ്ഡലങ്ങളിലാണ് ഇരു മുന്നണി സ്ഥാനാര്‍ഥികള്‍ക്കുമെതിരേ അപരന്മാരെ ഇറക്കുന്നത്.
തിരുവനന്തപുരത്ത് സി. ദിവാകരന്റെയും ശശി തരൂരിന്റെയും അതേ പേരുള്ളവരെ കണ്ടെത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പു കാലത്ത് സ്ഥാനാര്‍ഥിയുടെ പേരിന് അടുത്ത സാമ്യമുള്ളവര്‍ക്ക് വന്‍ വിലയാണ്.
ഒരു ലക്ഷം മുതല്‍ പത്തു ലക്ഷം രൂപ വരെയും അവരുടെ ചെലവുമാണ് മുന്നണികള്‍ നല്‍കുക. എതിര്‍സ്ഥാനാര്‍ഥിക്കു കിട്ടേണ്ട വോട്ട് മറിക്കുക എന്നതായിരിക്കും ഇവരുടെ പ്രധാന ജോലി.
കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ സ്ഥാനാര്‍ഥികള്‍ ആയതിനു ശേഷമാണ് അപരന്മാരെ കണ്ടെത്തി നോമിനേഷന്‍ കൊടുപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അത് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനു മുമ്പു തന്നെ തുടങ്ങി.
ഇതിനിടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച 24 അപരന്മാര്‍ ഉള്‍പ്പെടെയുള്ളവരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചെലവുകള്‍ സമര്‍പ്പിക്കാത്തതിനാണ് അയോഗ്യത. കൊല്ലത്ത് കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ എന്‍.കെ പ്രേമചന്ദ്രനെതിരേ നിര്‍ത്തിയ വി.എസ് പ്രേമചന്ദ്രനും ആര്‍. പ്രേമചന്ദ്രനും ആലത്തുരില്‍ സി.പി.എം സ്ഥാനാര്‍ഥി പി.കെ ബിജുവിനെതിരേ നിര്‍ത്തിയ ആലത്തൂര്‍ ബിജുവും ആറ്റിങ്ങലില്‍ സി.പി.എം സ്ഥാനാര്‍ഥി എ. സമ്പത്തിനെതിരേ നിര്‍ത്തിയ സമ്പത്ത് അനില്‍കുമാറും തിരുവനന്തപുരത്ത് സി.പി.ഐ സ്ഥാനാര്‍ഥി ബെന്നറ്റിനെതിരേ നിര്‍ത്തിയ തിരുവനന്തപുരം ബെനറ്റും ബെനറ്റ് ബാബു ബെഞ്ചമിനും അയോഗ്യരാക്കപ്പെട്ടവരുടെ പട്ടികയില്‍ പെടുന്നു.
പത്തനംതിട്ടയില്‍ മത്സരിച്ച ഡി.എച്ച്.ആര്‍.എം അധ്യക്ഷ സെലീന പ്രാക്കാനം, മലപ്പുണ്ടറത്ത് ബി.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിച്ച ഇല്യാസ്, പാലക്കാട് ശിവസേന പ്രതിനിധിയായി ജനവിധി തേടിയ എസ്. രാജേഷ്, സ്വതന്ത്രന്‍ സി.കെ രാമകൃഷ്ണന്‍, ഇടുക്കിയില്‍ സി.പി.ഐ (എം.എല്‍) റെഡ്സ്റ്റാര്‍ പ്രതിനിധിയായി മത്സരിച്ച ടി.കെ ടോമി, തിരുവനന്തപുരത്ത് മത്സരിച്ച ആര്‍.പി.ഐ.എ പ്രതിനിധി തോമസ് ജോസഫ്, ആലത്തൂരില്‍ സ്വതന്ത്രരായി മത്സരിച്ച വിജയന്‍ അമ്പക്കാട്, കെ.എസ് വേലായുധന്‍, ഇടുക്കിയില്‍ സ്വതന്ത്രരായി മത്സരിച്ച ജെയിംസ് ജോസഫ്, അനീഷ് മരിയില്‍, ഷോബി ജോസഫ്, സോമിനി പ്രഭാകരന്‍, കോട്ടയത്ത് മത്സരിച്ച രതീഷ് പെരുമാള്‍, പത്തനംതിട്ടയില്‍ അപരനായി മത്സരിച്ച പിലിപ്പോസ് മാത്യു പാറെ, ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിച്ച സുരേഷ്‌കുമാര്‍ തോന്നയ്ക്കല്‍ എന്നിവരും അയോഗ്യരാക്കപ്പെണ്ടട്ടണ്ടവരുടെ പട്ടികയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."