പെരിങ്ങമ്മലയില്‍ മാലിന്യപ്ലാന്റ്: വി.കെ മധുവിന്റെ പ്രസ്താവനക്കെതിരേ കോണ്‍ഗ്രസ്
കെ മുഹമ്മദ് റാഫി
നെടുമങ്ങാട്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം പോലും നടക്കുന്നതിനു മുന്‍പേ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സി.പി.എം- കോണ്‍ഗ്രസ് വാക്‌പോര്. പെരിങ്ങമ്മല മാലിന്യ പ്ലാന്റ് വിഷയത്തിലാണ് മണ്ഡലത്തില്‍ ഇരു പാര്‍ട്ടി നേതാക്കളും വാക്‌പോരുമായി രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സി.പി.എം നേതാവായ വി.കെ മധു പെരിങ്ങമ്മല അഗ്രിഫാമില്‍ മാലിന്യ പ്ലാന്റ് യാഥാര്‍ഥ്യമാവില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനായി തീരുമാനിച്ചെന്നും ഇതിനു തിരുവനന്തപുരം ജില്ലയിലെ പ്ലാന്റിനായി പെരിങ്ങമ്മല അഗ്രിഫാമിലെ കൃഷി തോട്ടം നിര്‍ദേശമായാണ് വന്നത്. എന്നാല്‍ ഇതുമായി ബന്ധപെട്ടു ഒരു തുടര്‍നടപടികളും ഉണ്ടായിട്ടില്ല. അത് കൊണ്ട് ആര്‍ക്കും ഈ വിഷയത്തില്‍ ആശങ്ക വേണ്ടെന്നുമാണ് വി.കെ മധു പറഞ്ഞത്. എന്നാല്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്റിന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഒളിച്ചോട്ടമാണെന്ന് കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ആനാട് ജയന്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തില്‍ ആറു മാലിന്യ പ്ലാന്റ് സ്ഥാപിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും അതിലൊന്ന് തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല അഗ്രി ഫാമിലെ പതിനഞ്ചു ഏക്കര്‍ സ്ഥലത്താണ് ക്യാബിനറ്റ് തീരുമാനമെടുത്തെന്ന് സംസ്ഥാന മന്ത്രിയും വിവരാവകാശപ്രകാരം ചീഫ് സെക്രട്ടറിയും മറുപടി കൊടുത്തപ്പോള്‍ ഇത് ഇവിടെ സ്ഥാപിക്കാന്‍ സാധ്യമല്ലെന്ന് പറയാനുള്ള ധൈര്യം കാണിക്കാത്ത ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഇപ്പോള്‍ ഇത്തരമൊരു പ്രസ്താവനയുമായി വന്നതിന് സാഹചര്യം എന്താണെന്നു വ്യക്തമാക്കണമെന്നും ആനാട് ജയന്‍ ആവശ്യപ്പെട്ടു ജില്ലാപഞ്ചായത്ത് 2019-20 ബജറ്റ് പ്രസംഗത്തിലോ ആമുഖ പ്രസംഗത്തിലോ മാലിന്യപ്ലാന്റിനെതിരേ അഭിപ്രായം പറയാതെ മാലിന്യപ്ലാന്റിനെ പറ്റിയുള്ള പത്രക്കാരുടെ ചോദ്യത്തിനു മറുപടി പറയാന്‍ കഴിയാതെ തടിയൂരിയ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അവസാനം പ്രസ്താവനയുമായി രംഗത്ത് വന്നത് പാര്‍ലമെന്റ്റ് ഇലക്ഷന്‍ മുന്നില്‍ കണ്ടാണന്നും ആനാട് ജയന്‍ പറഞ്ഞു. ഇതോടെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ പെരിങ്ങമ്മല മാലിന്യ പ്ലാന്റ് വിഷയം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചരണ വിഷയമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."