റഷ്യ തുടരുന്നു
സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: രാജകുമാരനും ഈജിപ്തിനെ കരകയറ്റാനായില്ല. മുഹമ്മദ് സലാഹ് ഇറങ്ങിയിട്ടും ഈജിപ്ത് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് റഷ്യക്ക് മുന്നില്‍ കീഴടങ്ങി. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ റഷ്യ ലോകകപ്പ് പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി. അഹമ്മദ് ഫാത്തിയുടെ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ റഷ്യക്ക് വേണ്ടി ഡെനിസ് ചെറിഷേവും ആര്‍ട്ടെം ഡിസ്യൂബയും പട്ടികപൂര്‍ത്തിയാക്കി. സലാഹ് ഒരു ഗോള്‍ മടക്കിയപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നു.
തുല്യശക്തികളുടെ പോരാട്ടമായിരുന്നു ഇന്നലെ സെന്റ്പീറ്റേഴ്‌സ് ബര്‍ഗ് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോളിലൂടെ റഷ്യ ഈജിപ്തിനെ പരീക്ഷിച്ചു. കാണികളുടെ പിന്തുണയും അവര്‍ക്ക് ആവേശം പകര്‍ന്നു. ഇരു ടീമുകളും മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോളുന്നുമില്ലാതെ ആദ്യ പകുതി അവസാനിച്ചു. ജയത്തോടെ പ്രീക്വാര്‍ട്ടറില്‍ കയറാമെന്നതിനാല്‍ രണ്ടാം പകുതിയില്‍ റഷ്യ കൂടുതല്‍ ആക്രമണകാരികളായി. അതിന്റെ ഫലമായി 47ാം മിനുട്ടില്‍ ആദ്യ ഗോള്‍ വീണു.
റഷ്യന്‍ താരം സോബ്‌നിന്റെ ദുര്‍ബല ഷോട്ട് ഈജിപ്ത് ക്യാപ്റ്റന്‍ അഹമ്മദ് ഫാത്തിയുടെ കാലില്‍ തട്ടി വലയില്‍ കയറി. 59ാം മുനുട്ടില്‍ ഡെനിസ് ചെറിഷേവിലൂടെ റഷ്യ ഒരു ഗോള്‍കൂടി നേടി. ചെറിഷേവിന്റെ ഈ വേള്‍ഡ് കപ്പിലെ മൂന്നാം ഗോളായിരുന്നു ഇത്. ഗോള്‍വേട്ട പട്ടികയില്‍ ക്രിസ്റ്റ്യാനോക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ചെറിഷേവ്. തൊട്ടുപിന്നാലെ തന്നെ 62ാം മിനുട്ടില്‍ ആര്‍ട്ടെം ഡിസ്യൂബയിലൂടെ മൂന്നാം ഗോളും നേടി റഷ്യ ഈജിപ്തിനെ ഞെട്ടിച്ചു. ഗോള്‍ മടക്കാന്‍ ഈജിപ്ത് ശ്രമിച്ചെങ്കിലും പ്രതിരോധത്തിലേക്ക് വലിഞ്ഞ് റഷ്യ ചെറുത്തു. അവസാനം 73ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സലാഹ് ഈജിപ്തിന്റെ ആശ്വാസ ഗോള്‍ നേടി. തോല്‍വിയോടെ ഈജിപ്തിന്റെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അസ്തമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."