ചാനല്‍ ജീവനക്കാരനെന്ന വ്യാജേന തട്ടിപ്പ്; പ്രതി പിടിയില്‍
തിരുവനന്തപുരം: സ്വകാര്യ ചാനല്‍ ജീവനക്കാരനെന്ന വ്യാജേന നഗരത്തിലെ കടകളില്‍ തട്ടിപ്പ് നടത്തിവന്നയാളെ ഷാഡോ പൊലിസ് പിടികൂടി. അരുവിക്കര സുമയ്യ മന്‍സിലില്‍ ജാബിര്‍(36) ആണ് പിടിയിലായത്.
നഗരത്തിലെ വിവിധ കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങുന്ന ഇയാള്‍ , പണം നല്‍കേണ്ട സമയമാകുമ്പോള്‍ താന്‍ സ്വകാര്യ ചാനല്‍ ജീവനക്കാരനാണെന്നു പരിചയപ്പെടുത്തി , പഴ്സില്‍ രൂപ കുറവാണെന്നും എ.ടി.എമ്മില്‍ നിന്നും കാശ് എടുത്ത് തരാമെന്നും പറഞ്ഞ് സാധനങ്ങളുമായി മുങ്ങുകയാണ് പതിവ്.
മൂലവിളാകം ജങ്ഷഷനിലുള്ള ഒരു കടയില്‍ നിന്നും ഇതുപോലെ സാധനം വാങ്ങി കാശ് നല്‍കാതെ കടന്നുകളഞ്ഞതില്‍ കടയുടമയുടെ പരാതി പ്രകാരം സിറ്റി ഷാഡോ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. നഗരത്തിലെ പല കടകളിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതായി ഇയാള്‍ പൊലിസിനോട് വെളിപ്പെടുത്തി.
കണ്ട്രോള് റൂം അസി.കമ്മിഷണര്‍ വി.സുരേഷ് കുമാര്‍, മ്യൂസിയം എസ്.ഐമാരായ സുനില്‍, പ്രേമന്, ഷാഡോ എസ്.ഐ സുനില്‍ ലാല്‍ ,സിറ്റി ഷാഡോ ടീം അംഗങ്ങള്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."