കാഷ്യു ബോര്‍ഡിന്റെ മറവില്‍ വന്‍ അഴിമതിക്ക് നീക്കം: ബിന്ദുകൃഷ്ണ
കൊല്ലം: കശുവണ്ടി മേഖലയുടെ സംരക്ഷണത്തിന്റെ പേരു പറഞ്ഞ് രൂപീകരിച്ച കാഷ്യു ബോര്‍ഡിന്റെ ലക്ഷ്യം അഴിമതി മാത്രമാണെന്ന് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആരോപിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നും അവിടുത്തെ ഗവണ്‍മെന്റുകളുടെ സഹായത്തോടെ കുറഞ്ഞ വിലയ്ക്ക് തോട്ടണ്ടി സംഭരിച്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലയ്ക്കും നല്‍കുമെന്ന് പ്രഖ്യാപിച്ച് രൂപീകരിച്ച കാഷ്യു ബോര്‍ഡിന്റെ മറവില്‍ നിലവിലെ നിയമങ്ങള്‍ മുഴുവന്‍ അട്ടിമറിക്കുവാനും വന്‍ അഴിമതി നടത്താനുമാണ് ശ്രമിക്കുന്നത്.
നിലവിലെ നിയമങ്ങളെ മുഴുവന്‍ അട്ടിമറിച്ച് ഇ-ടെണ്ടര്‍ ഒഴിവാക്കി കുത്തകകള്‍ക്ക് വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിന് അവസരം നല്‍കുന്ന തരത്തിലാണ് കാഷ്യു ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ കഴിഞ്ഞ ഏഴിന് പ്രസിദ്ധീകരിച്ച പതിനായിരം ടണ്‍ ഗിനി ബസാവോ തോട്ടണ്ടിക്കുള്ള ടെണ്ടര്‍. നിലവില്‍ പൊതു മേഖലാ സ്ഥാപനങ്ങളായ കെ.എസ്.സി ഡി.സിയും കാപെക്‌സും ഇ-ടെണ്ടറിലൂടെ തോട്ടണ്ടി സംഭരിക്കുമ്പോള്‍ കാഷ്യു ബോര്‍ഡിന് വേണ്ടി നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നത് ആരെ സഹായിക്കാനാണ് എന്ന് മന്ത്രിയും ഗവണ്‍മെന്റും വ്യക്തമാക്കണം. വിദേശ രാജ്യങ്ങളില്‍ നിന്നും ഗവണ്‍മെന്റുകള്‍ വഴി തോട്ടണ്ടി ലഭ്യമാകുന്നില്ല എങ്കില്‍ കാഷ്യു ബോര്‍ഡ് പിരിച്ച് വിടുകയാണ് വേണ്ടത്.
5 ലക്ഷം രൂപയ്ക്ക് മുകളില്‍ ഇ-ടെണ്ടര്‍ വേണമെന്ന വ്യവസ്ഥ നിലനില്‍ക്കെ ഉദ്ദേശ്യം 150 കോടി രൂപയുടെ കരാറിന് ഇ-ടെണ്ടര്‍ ഒഴിവാക്കിയതും ടെണ്ടറില്‍ വ്യവസായിക്കോ ഏജന്റിനോ പങ്കെടുക്കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയതും അഴിമതിക്കുള്ള മുന്നൊരുക്കങ്ങളാണ്. യു ഡി എഫ് ഭരണകാലത്ത് കശുവണ്ടി മേഖലയില്‍ ചില ശിഖണ്ഡികളെ മുന്‍നിര്‍ത്തി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് കേവലം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും വ്യക്തിപരമായ വിജയത്തിനും വേണ്ടി സ്വന്തക്കാരായ കുത്തകകളുടെ പിന്തുണയോടെ പ്രവര്‍ത്തിച്ച മന്ത്രി അവര്‍ക്കുള്ള പാരിതോഷികമായിട്ടാണ് ഇ ടെണ്ടര്‍ ഒഴിവാക്കി നല്‍കിയിരിക്കുന്നത്.
പട്ടിണി പാവങ്ങളായ കശുവണ്ടി തൊഴിലാളികളുടെ സംരക്ഷണം എന്ന മറവില്‍ സര്‍ക്കാരുമായി ഔദ്യോഗിക ബാധ്യതയില്ലാത്ത റിട്ടേര്‍ഡ് ഉദ്യോഗസ്ഥര്‍ ഭരണകര്‍ത്താക്കളായ കാഷ്യു ബോര്‍ഡിലൂടെ കോടികളുടെ അഴിമതി നടത്തുവാനുള്ള മന്ത്രിയുടെയും ബിനാമികളുടെയും ശ്രമത്തിനെതിരേ വരും നാളുകളില്‍ ശക്തമായ പ്രതിരോധം സംഘടിപ്പിക്കുമെന്ന് ബിന്ദുകൃഷ്ണ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."