ഹരിത പ്രോട്ടോക്കോളില്‍ മലയാറ്റൂര്‍ തീര്‍ഥാടനം
കൊച്ചി: ഹരിത നടപടിക്രമം പാലിച്ച് മലയാറ്റൂര്‍ തീര്‍ത്ഥാടനം. പൊന്നിന്‍ കുരിശുമുത്തപ്പന്റെ സന്നിധിയിലേക്കുള്ള മലകയറ്റത്തിനിടയില്‍ ഒരു തരി പോലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീഴുന്നില്ലെന്നുറപ്പാക്കി തീര്‍ത്ഥാടകരും അവരെ സഹായിക്കുന്ന സന്നദ്ധപ്രവര്‍ത്തകരും.
ജില്ലാ ശുചിത്വമിഷന്റെയും സന്നദ്ധപ്രസ്ഥാനമായ പെലിക്കണ്‍ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഹരിതകേരളം മിഷനും വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികളും എന്‍.എസ്.എസ് വോളന്റിയര്‍മാരും രംഗത്തുണ്ട്.
സംരക്ഷിത വനമേഖലയുടെ ഭാഗമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ പ്ലാസ്റ്റിക്കിന്റെ ആധിക്യം ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫിറുള്ള മുന്‍കയ്യെടുത്ത് ഹരിത പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി മലയാറ്റൂരും പരിസരത്തും പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, ഡിസ്‌പോസബിള്‍ പ്ലേറ്റുകള്‍, കപ്പുകള്‍ എന്നിവ നിരോധിച്ച് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അടിവാരം മുതല്‍ കുരിശുമുടി വരെ പ്ലാസ്റ്റിക് ഉപയോഗം പരിമിതപ്പെടുത്തുന്നതിനായി ശുചിത്വ മിഷനും രംഗത്തിറങ്ങി.
പ്ലാസ്റ്റിക് കുപ്പികളിലെ കുടിവെള്ള വില്‍പ്പന അടിവാരം മുതല്‍ കുരിശുമുടി വരെ ഒഴിവാക്കി. അതിന് പകരം വെള്ളം പകര്‍ന്നെടുക്കുന്നതിന് വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചു. കുപ്പിവെള്ളവുമായി വരുന്നവരുടെ കയ്യില്‍ നിന്ന് പത്തു രൂപ ഈടാക്കി കുപ്പിയില്‍ സ്റ്റിക്കര്‍ പതിക്കും. മലയിറങ്ങി വരുമ്പോള്‍ കുപ്പി തിരികെ വാങ്ങി ഈ തുക തിരികെ നല്‍കുന്നതും വിജയകരമായി മുന്നോട്ടു പോകുന്നു. തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള അന്നദാനം സ്റ്റീല്‍ പ്ലേറ്റുകളിലാക്കിയതോടെ ഇവിടെയും പ്ലാസ്റ്റിക്ക് ഒഴിവാക്കാനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."