കുടിവെള്ള വിതരണം: ജി.പി.എസ് ട്രാക്കിങ് നിലവില്‍ വന്നു
കൊച്ചി: കുടിവെള്ള വിതരണം നടത്തുന്ന ടാങ്കറുകളെ നിരീക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ജി.പി.എസ് ട്രാക്കിങ് സംവിധാനം നിലവില്‍ വന്നു. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം നടത്തുന്ന വാഹനങ്ങളിലാണ് ജി.പി.എസ് ഘടിപ്പിച്ചിട്ടുള്ളത്.
കുടിവെള്ളം എവിടെ നിന്നും ശേഖരിക്കുന്നുവെന്നും വിതരണം ചെയ്യുന്നുവെന്നും ഇതിലൂടെ നിരീക്ഷിക്കാന്‍ കഴിയും. കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനം സുതാര്യമാക്കാനും ചെലവ് ഗണ്യമായി കുറക്കാനും ഈ സംവിധാനം സഹായകമാകുമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പറഞ്ഞു.
കുടിവെള്ള വിതരണം നടത്തുന്ന വാഹനങ്ങളെ ഈ സംവിധാനം വഴി നിരീക്ഷിക്കാന്‍ ജില്ലാ ഭരണകൂടത്തിനും താലൂക്ക്,വില്ലേജ്, തദ്ദേശ സ്ഥാപന അധികൃതര്‍ക്കും കഴിയും. ജില്ലയിലെ എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവര്‍ക്കും നിരീക്ഷണം സാധ്യമാണ്. ഇവര്‍ക്ക് ഇതിനാവശ്യമായ യൂസര്‍ നെയിമും പാസ്‌വേഡും നല്‍കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന ട്രാക്ക് എന്ന ആപ്ലിക്കേഷനിലൂടെയാണ് വാഹനങ്ങളുടെ പോക്കും വരവും നിരീക്ഷിക്കുക. 9061518888 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കുമ്പോള്‍ ലോഗിന്‍ ചെയ്യുന്നതിനുള്ള വിവരങ്ങള്‍ ലഭിക്കും.
വരള്‍ച്ച സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പ്രശ്‌നങ്ങളും പരാതികളും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 0484 2423513 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ അറിയിക്കാം. 9061518888 എന്ന വാട്‌സ് ആപ്പ് നമ്പറിലും പരാതികള്‍ സ്വീകരിക്കും. ജില്ലയില്‍ ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, മുളന്തുരുത്ത്, മൂക്കന്നൂര്‍, പുത്തന്‍വേലിക്കര, ചെല്ലാനം, പിറവം, നെല്ലിക്കുഴി, കോട്ടപ്പടി എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലാണ് ഇപ്പോള്‍ ടാങ്കറുകളില്‍ കുടിവെള്ള വിതരണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."