വാഹന പാര്‍ക്കിങ് തോന്നുംപടി ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി പഴയങ്ങാടി ടൗണ്‍
പഴയങ്ങാടി: തോന്നുംപടിയുള്ള വാഹന പാര്‍ക്കിങ് കാരണം പഴയങ്ങാടി ടൗണ്‍ ഗാതഗക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. ബസ്സ്റ്റാന്‍ഡിലും പരിസര പ്രദേശമായ എരിപുരത്തുമാണ് കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. തിരക്കേറിയ പഴയങ്ങാടി ബസ്സ്റ്റാന്‍ഡിന് സമീപത്ത് രാവിലെയും വൈകിട്ടുമാണ് ഗതാഗതകുരുക്ക് രൂക്ഷം. കെ.എസ്.ടി.പി റോഡിന് ഇരുവശത്തുമായി അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്ന ചെറുതും വലുതുമായ വാഹനങ്ങള്‍ കാല്‍നടയാത്ര പോലും തടസപ്പെടുത്തുകയാണ്. ഇതു വാഹനാപകടങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയില്‍ ചെറുതും വലുതുമായ അഞ്ച് അപകടങ്ങളാണ് എരിപുരം-പഴയങ്ങാടി ഭാഗങ്ങളിലുണ്ടായത്. റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന ഇരുചക്രവാഹനമുള്‍പ്പെടെ ശ്രദ്ധയില്ലാതെ റോഡിലിറക്കുമ്പോള്‍ അമിത വേഗതയിലെത്തുന്ന മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് പലപ്പോഴും അപകടമുണ്ടാകുന്നത്. അനധികൃത പാര്‍ക്കിങ് തടയാന്‍ കെ.എസ്.ടി.പി റോഡരികില്‍ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതില്‍ മിക്കതും വാഹനമിടിച്ചു തകര്‍ന്ന നിലയിലാണ്.
അനധികൃത പാര്‍ക്കിങിനെതിരേ പൊലിസ് പിഴ ഈടാക്കുന്നത് കര്‍ശനമാക്കിയെങ്കിലും ദിനം പ്രതി ഇവിടെ അപകടത്തിന് കുറവുണ്ടായിട്ടില്ല. കൂടാതെ റോഡ് മുറിച്ചു കടക്കാനും പ്രയാസം നേരിടുന്നു. ഇതിനു പരിഹാരമായി സീബ്രാലൈനും ഇവിടെ സ്ഥാപിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."