കാനഡയില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ്; കൊല്ലം സ്വദേശി പിടിയില്‍
കൊച്ചി: കാനഡയില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ കൊല്ലം സ്വദേശിയെ എറണാകുളം നോര്‍ത്ത് പൊലിസ് പിടികൂടി. കൊല്ലം കുളത്തൂപ്പുഴ സ്വദേശി നൂറുദ്ദീന്‍ (22) ആണ് പിടിയിലായത്. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നിരവധി പേരെ ഇയാള്‍ വിസ വാഗ്ദാനം നല്‍കി കബളിപ്പിച്ച് മുങ്ങുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ഇയാള്‍ മുന്‍പ് ഡല്‍ഹി വിമാനത്താവളത്തില്‍ കസ്റ്റമര്‍ കെയര്‍ ഓഫിസറായി ജോലി ചെയ്തിരുന്നു. ആ ജോലി മതിയാക്കിയ ശേഷമാണ് എയര്‍ ഇന്ത്യയില്‍ ഓഫിസറാണെന്നു പറഞ്ഞ് ഇയാള്‍ തട്ടിപ്പിനിറങ്ങിയത്. കാനഡയില്‍ ജോലിക്കായി 65,000 രൂപ മാത്രം മുടക്കിയാല്‍ മതിയെന്നും 10,000 രൂപ അഡ്വാന്‍സ് ആയി നല്‍കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. എയര്‍ ഇന്ത്യയുടെ വെബ് സൈറ്റില്‍ ഇതേ പേരിലുള്ള ഒരു ഓഫിസര്‍ ഉണ്ടായിരുന്നതിനാല്‍ ഇയാള്‍ പറഞ്ഞത് ഉദ്യോഗാര്‍ഥികള്‍ വിശ്വസിക്കുകയായിരുന്നു. ഒടുവില്‍ ജോലി കിട്ടാതായതോടെ എയര്‍ ഇന്ത്യയില്‍ നേരിട്ടന്വേഷിച്ചപ്പോഴാണ് ചതി മനസിലാക്കിയത്.
പണം തിരികെ കിട്ടുന്നതിനായി ഇയാളുടെ വീട്ടില്‍ പല തവണ ഉദ്യോഗാര്‍ഥികള്‍ പോയെങ്കിലും നൂറുദ്ദീന്‍ എവിടെയാണെന്ന് അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."