'തീരുമാനം ഇതെങ്കില്‍ വീണ്ടും അധികാരത്തിലെത്തുന്ന കാര്യം മറന്നേക്കൂ'; മദ്യവില്‍പ്പനയില്‍ തമിഴ്‌നാട് സര്‍ക്കാരിനെ കടന്നാക്രമിച്ച് രജനീകാന്ത്
ചെന്നൈ: മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി നടന്‍ രജനീകാന്ത്. കൊവിഡിനെതിരെ നാട് പകച്ചുനില്‍ക്കുന്ന സമയത്ത് മദ്യശാലകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ വീണ്ടും അധികാരത്തിലേറുകയെന്ന അണ്ണാ ഡി.എം.കെയുടെ സ്വപ്‌നം മറക്കുന്നതാകും നല്ലതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് രജനീകാന്ത് വിമര്‍ശനവുമായെത്തിയത്. ഖജനാവുകള്‍ നിറയ്ക്കാന്‍ ദയവായി മറ്റു മികച്ചവഴികള്‍ നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടനും രാഷ്ട്രീയക്കാരനുമായ കമല്‍ ഹാസന്‍, ഡി.എം.കെ നേതാവ് എം കെ സ്റ്റാലിന്‍ എന്നിവര്‍ മദ്യവില്‍പ്പന ശാലകള്‍ വീണ്ടും തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
മദ്യശാലകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടി മദ്യശാലകള്‍ അടക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മദ്യ വില്‍പ്പന ഓണ്‍ലൈനാക്കുന്നതാണ് നല്ലതെന്നും അല്ലാത്തപക്ഷം സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ചയുണ്ടാകുമെന്നും ഹൈക്കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."