സഖാവ് കോടിയേരീ... ഇതാണ് പാണക്കാട്ടെ തങ്ങള്‍
മലപ്പുറത്ത് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുതന്ത്രം ഫലിക്കാതെ പോയി. മലയാളത്തിന്റെ സ്‌നേഹസ്പര്‍ശമായി കേരളക്കര വിശേഷിപ്പിക്കുന്ന സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സംഘ്പരിവാറിന്റെ യോഗി ആദിത്യനാഥുമായി ഉപമിച്ചതിലൂടെ ആരുടെയൊക്കെയോ പിന്തുണ കോടിയേരി ലക്ഷ്യമിട്ടിരുന്നു. ഒപ്പം സി.പി.എമ്മിനെ തകര്‍ത്തുകൊണ്ടിരിക്കുന്ന ജിഷ്ണുവിന്റെ പ്രേതബാധയില്‍നിന്നു രക്ഷ നേടാനുള്ള വഴി കൂടിയായിരുന്നു അത്.
ഒന്നും ക്ലച്ച് പിടിച്ചില്ല. തെരഞ്ഞെടുപ്പ് രംഗത്ത് വര്‍ഗീയ കാര്‍ഡ് കളിക്കുക എന്ന നെറികെട്ട രാഷ്ട്രീയം ഇവിടെയും ഒന്ന് പയറ്റി നോക്കിയതാണ്. മലപ്പുറത്തിന്റെ ഉല്‍ബുദ്ധ മനസ്സ് കോടിയേരിയുടെ ഉള്ളിലിരുപ്പ് അടുത്തറിഞ്ഞപ്പോള്‍ തന്ത്രം ആവിയായി. ഇപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നു. എന്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇതിലേക്ക് വലിച്ചിഴക്കണം? മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ ബഹുമാനപ്പെട്ട തങ്ങള്‍ വിമര്‍ശന വിധേയമായാല്‍ തെറ്റൊന്നും പറയാനില്ല. പക്ഷേ, നാളിതുവരെയായി എതിരാളികള്‍ക്കു പോലും വിമര്‍ശിക്കാനുള്ള സാഹചര്യം തങ്ങള്‍ ഉണ്ടാക്കിയിട്ടില്ല എന്ന സത്യം നിലനില്‍ക്കേ വര്‍ഗീയതയുമായി തങ്ങളെ ബന്ധപ്പെടുത്തിയ കോടിയേരി സ്വന്തം വ്യക്തിത്വത്തെയാണ് മലീമസമാക്കിയത്. ഒരിക്കല്‍ ജര്‍മനിയിലെ പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ പെട്ട പുരോഹിതന്‍ കാറല്‍ മാക്‌സിനെ ഭ്രാന്തനായ സഞ്ചാരിയെന്ന് വിളിച്ചതിക്ഷേപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'സത്യം കാലം തെളിയിക്കും. പുരോഹിതനെ വെറുതെ വിടുക'. ഇവിടെ ഹിമാലയന്‍ മണ്ടത്തരം വിളമ്പിയ കോടിയേരിയെ വെറുതെ വിടുന്നു. എന്നാലും ചില വസ്തുതകള്‍ പറയാതെ വയ്യ.
മതനിരപേക്ഷത എന്ന ഓമനപ്പേരില്‍ സി.പി.എം. നടത്തുന്നതത്രയും വര്‍ഗീയതയാണ്. വോട്ടിന് വേണ്ടി എന്ത് നെറികേടിനും ആ പാര്‍ട്ടി തയാറാണെന്ന് ഇതിനകം തന്നെ തെളിയിച്ചതാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യോഗി ആദിത്യനാഥിനെ മലപ്പുറത്തേക്ക് കൊണ്ടു വന്നത്. ബുദ്ധിയും വിവേകവുമുള്ള ഭൂമിമലയാളത്തിലെ ആരെങ്കിലും ഹൈദരലി ശിഹാബ് തങ്ങളെ ആദ്യത്യനാഥിനോട് ഉപമിക്കുമോ. പാണക്കാട് സയ്യിദുമാര്‍ ഈ ദേശത്തിന്റെ സുകൃതമാണ്. ഇത് ആരോടും ചോദിച്ചുവാങ്ങിയ അംഗീകാരമല്ല. മാനവശക്തി സ്വയം പതിച്ചു നല്‍കിയ മുദ്രയാണത്.
ഒരിക്കലും വറ്റാത്ത കനിവുറവകളുടെ ഓരത്ത് ആഢ്യന്‍മാരായി നില്‍ക്കുകയല്ല പാണക്കാട് സയ്യിദുമാര്‍. പച്ചയായ മനഷ്യര്‍ക്കൊപ്പമാണ് ആ വിനയാന്വിതര്‍. രോഗികള്‍, നിരാലംബര്‍, അനാഥര്‍ അങ്ങനെ ജീവിതത്തിന്റെ വിവിധ മേഖലകളിലെ വ്യത്യസ്ത വിഭാഗങ്ങള്‍ പാണക്കാട്ടേക്കെത്തുന്നു. രാവേറെ ചെന്നാലും പാണക്കാട്ടെ ദാറുന്നഈമിന്റെ കവാടം അടയുന്നില്ല. അവിടേക്ക് ശരണാര്‍ഥികളുടെ പ്രയാണം തുടരുകയാണ്.
ഈ വര്‍ത്തമാനകാലത്ത് സര്‍വജാതി മതവിഭാഗങ്ങളുടെയും ആദരവും സ്‌നേഹവും പിടിച്ചുപറ്റുകയെന്നത് ചെറിയ കാര്യമല്ല. പാണക്കാട്ടെ സയ്യിദ്മാരുടെ ജീവിതം തുറന്ന പുസ്തകമാണ്. അതുകൊണ്ടു തന്നെ ഏതൊരാള്‍ക്കും അവരെ വായിച്ചെടുക്കാന്‍ എളുപ്പത്തില്‍ കഴിയുന്നു. പാണക്കാട്ടെ അകത്തളങ്ങളില്‍ ഹൈദരലി തങ്ങളുടെ അതിഥികളായിരിക്കുന്നവരില്‍ എല്ലാ മതക്കാരുമുണ്ട്. വിവിധ ദേശക്കാരുണ്ട്. നയതന്ത്ര പ്രതിനിധികള്‍, ഭരണ കര്‍ത്താക്കള്‍, മതപണ്ഡിതര്‍, സന്ന്യാസിവര്യന്‍മാര്‍, സാഹിത്യ നായകര്‍, മാധ്യമ മേധാവികള്‍, സാംസ്‌കാരിക വ്യക്തിത്വങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, വിദ്യാര്‍ഥികള്‍ ഇവരെല്ലാം പാണക്കാട്ടെത്തുന്നത് അനുഗ്രഹാശിസുകള്‍ തേടിയിട്ടാണ്. ഇങ്ങനെയൊരു കുടുംബം മറ്റേതുണ്ട്.
അധികാരം വര്‍ഗശത്രുവിന്റെ സിംഹാസനമാണെന്ന് സി.പി.എമ്മിന്റെ പഴയ മുദ്രാവാക്യം ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. ചോര വീണ വഴികളില്‍ ജീവത്യാഗം നടത്തിയ വര്‍ഗപോരാട്ടത്തിന്റെ കഥയൊടുങ്ങിയ കഥകള്‍ വായിച്ചു മറക്കാത്തവര്‍. അധികാര സോപാനങ്ങളിലേക്ക് എ.കെ.ജിയും ഇ.എം.എസുമൊക്കെ കയറി വന്നവഴികള്‍ എങ്ങനെയെന്ന പുതു തലമുറയുടെ ചോദ്യത്തിന് ഏതായാലും പ്രസക്തിയുണ്ട്. അവരുടെ കുടുംബങ്ങളും അധികാരത്തിന്റെ വഴിയെത്തന്നെയായിരുന്നു എന്നത് മറ്റൊരു നിറഞ്ഞ സത്യം. വിശ്വസിച്ച ഒരു ജനതയുടെ ചിന്താബോധത്തെ തച്ചുടച്ച് അധികാരത്തിന് വേണ്ടി എന്ത് നെറികേടും ചെയ്യാന്‍ മടികാണിക്കാത്ത സി.പി.എമ്മിന്റെ വിപ്ലവ കേസരികളായ നേതാക്കളുടെ കഥകള്‍ വേറെയുമുണ്ട്.
പാണക്കാട്ടെ കസേര അധികാരത്തിന്റേതല്ല. ജനങ്ങള്‍ നല്‍കിയ വിശ്വാസത്തിന്റെയും സ്‌നേഹാദരവുകളുടേയും സിംഹാസനമാണത്. ചുറ്റുവട്ടങ്ങളെ പ്രകാശിതമാക്കി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നമുക്കഭിമുഖമായി ദേശസ്‌നേഹവും രാഷ്ട്രീയവും മതവും സംസ്‌കാരവും വിജ്ഞാനവും വിദ്യാഭ്യാസവും പറയുമ്പോള്‍ അത് നെഞ്ചേറ്റാന്‍ ആയിരങ്ങള്‍ ഇപ്പോഴുമുണ്ട്. അതില്‍ അസൂയപ്പെട്ടിട്ടു കാര്യമില്ല. ദൈവാനുഗ്രഹമാണത്.
ഈജിപ്തിലെ അലി ജാബിര്‍ എന്ന കവി ഇന്ത്യയിലെ ഗംഗ, യമുന, ബ്രഹ്മപുത്ര എന്നീ നദികളെ കുറിച്ച് എഴുതിയ കവിതയിലെ വരികള്‍ക്കൊടുവില്‍ ചെങ്കോട്ടയുടെയും താജ്മഹലിന്റെയും അജ്മീരിന്റെയും ചരിത്രം പറയുന്നത് മലബാറിന്റെ സവിശേഷത കൂടി ഒപ്പിയെടുത്തു കൊണ്ടാണ്. അതില്‍ മാലിക് ഇബ്‌നു ദീനാര്‍ പള്ളിയും പാണക്കാട്ടെ സയ്യിദുമാരും സ്ഥലം പിടിച്ചിരിക്കുന്നു.
എനിക്ക് കോടിയേരിയെ വെല്ലുവിളിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, എന്റെ സംസ്‌കാരം അതിനനുവദിക്കുന്നില്ല. പാണക്കാട്ടെ പവിത്രമായ നേതൃത്വം ഞങ്ങളെ അങ്ങനെയല്ല പഠിപ്പിച്ചത്. വര്‍ഗീയത പോട്ടെ, ശത്രുതയുടെയോ അസ്വാരസ്യങ്ങളുടെയോ ചെറിയൊരു ശതമാനമെങ്കിലും പാണക്കാട്ടെ കുടുംബത്തിന്റെ പേരില്‍ ചര്‍ച്ച ചെയ്യപ്പെട്ടതായി ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? വര്‍ഗീയതയും തീവ്രവാദവും കേരളത്തില്‍ വേരുറയ്ക്കാതിരിക്കാന്‍ പാണക്കാട്ടെ സയ്യിദുമാരും അവര്‍ നേതൃത്വം നല്‍കുന്ന പ്രസ്ഥാനങ്ങളും നടത്തുന്ന വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തില്‍ ഇടംനേടിയിട്ടുണ്ട്. ഈ യാഥാര്‍ഥ്യം കോടിയേരിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും നന്നായി അറിയാമെങ്കിലും ചില താല്‍ക്കാലിക ലാഭങ്ങള്‍ക്കായി അവര്‍ മനപ്പൂര്‍വം അത് വിസ്മരിക്കുകയാണ്.
അതേയവസരം കോടിയേരി മനസ്സില്‍ പ്രതിഷ്ഠിക്കുന്ന കമ്മ്യൂണിസ്റ്റ് ആചാര്യന്‍മാര്‍ പല ഘട്ടത്തിലും പല വിധത്തിലും കുറ്റവാളികളായി പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെട്ട ചരിത്രം നമുക്ക് മറക്കാന്‍ കഴിയില്ല. കമ്മ്യൂണിസ്റ്റുകാര്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ സംരക്ഷണം അവകാശപ്പെടാറുണ്ട്. എവിടെയാണ് നിങ്ങള്‍ മുസ്‌ലിംകളെ സംരക്ഷിച്ചത്. എവിടെയൊക്കെ കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ചിട്ടുണ്ടോ അവിടെയൊക്കെ മുസ്‌ലിംകളുടെ അവകാശം ധ്വംസിക്കപ്പെട്ടിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് റഷ്യയില്‍ തകര്‍ക്കപ്പെട്ട പള്ളികളുടെ എണ്ണം തിട്ടപ്പെടുത്താന്‍ കഴിയില്ല. ഇപ്പോഴും ചൈനയില്‍ ബാങ്കുവിളി പാടില്ല. വ്രതാനുഷ്ഠാനം കുറ്റകരമാണ്. പര്‍ദ സമ്പ്രദായം ശിക്ഷാര്‍ഹമാണ്. സംഘ്പരിവാര്‍ ശക്തികള്‍ ഇന്ത്യയില്‍ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ ഉന്‍മൂലനം ചെയ്യാനുള്ള ഒരുക്കപ്പാടിലാണ്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഈ ജോലി ഏറ്റെടുത്തിരിക്കുന്നത് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തന്നെയാണ്. എന്തിനേറെ പശ്ചിമ ബംഗാളിലെ മുസ്‌ലിംകളോട് കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് ചെയ്ത നീതി നിഷേധം ആര്‍ക്കാണ് മറക്കാന്‍ കഴിയുക. നാദാപുരം മേഖലയില്‍ ഒരു പ്രത്യേക സമുദായത്തിനെതിരേ സി.പി.എം. വര്‍ഷങ്ങളായി കലാപമുയര്‍ത്തുകയാണ്. മതവിദ്വേഷം പരത്തിയും വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിച്ചും സി.പി.എം നാദാപുരത്തെ സ്വസ്ഥത ഊതിക്കെടുത്തുന്നു. സംഘ്പരിവാറുകള്‍ക്ക് വലിയ വേരോട്ടമില്ലാത്ത ഈ മേഖലയില്‍ സി.പി.എമ്മാണ് ന്യൂനപക്ഷ വേട്ട ഏറ്റെടുത്തിരിക്കുന്നത്. വാണിജ്യ താല്‍പര്യത്തോടെ സി.പി.എം തെരഞ്ഞെടുപ്പുകളില്‍ മതപണ്ഡിതരേയും മതപുരോഹിതരേയും പ്രചാരണോപാധിയാക്കാറുണ്ട്. അത് കേരളത്തിലും പലവുരു കണ്ടതാണ്. എന്നാല്‍, ജനങ്ങളോട് ഒന്നും പറയാനില്ലാത്ത സി.പി.എം എന്തു കുതന്ത്രങ്ങള്‍ പ്രയോഗിച്ചാലും ജനങ്ങള്‍ അതൊക്കെ അവജ്ഞയോടെ തള്ളിക്കളയുമെന്നത് ചരിത്രമാണ്.
മതേതരത്വത്തിന്റെ പ്രസക്തി സി.പി.എം. പറയുമ്പോഴും അതിന്റെ സംരക്ഷണം പ്രയോഗവല്‍ക്കരണത്തില്‍ കൊണ്ടുവരാന്‍ സി.പി.എമ്മിന്റെ കൈകളില്‍ ഇപ്പോഴും അജണ്ടയില്ല. മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുകയെന്ന അവരുടെ പഴയ പണി ഇപ്പോഴും തുടരുകയാണ്. ഇതാ മലപ്പുറത്തും...
2024ല്‍ യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രിയാക്കാനുള്ള സംഘ്പരിവാര്‍ ശക്തികളുടെ അണിയറ നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതിനെ തടയിടാന്‍ കോടിയേരിയുടെ കൈയില്‍ എന്തായുധമാണുള്ളത്. എന്നാല്‍, മതേതര കേരളത്തിന്റെ അനിഷേധ്യനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മതേതര ഭാരതത്തോട് പറയുന്നു. എല്ലാം മറന്ന് ഒന്നിക്കുക. രാജ്യത്തെ രക്ഷിക്കാന്‍. സഖാവ് കോടിയേരീ... ഇതാണ് പാണക്കാട്ടെ തങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."