ചിട്ടി തട്ടിപ്പ്: ജില്ലാകലക്ടര്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
ആലപ്പുഴ: ടി.എന്‍.ടി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ സംസ്ഥാനത്തുടനീളം 44 ശാഖകളുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉടമകള്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്ത ശേഷം മുങ്ങിയ സംഭവത്തില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് ഉത്തരവിട്ടു. കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ് ഓഫ് ഡിപ്പോസിറ്റേഴ്‌സ് ഇന്‍ ഫിനാന്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് 2013 അനുസരിച്ച് നടപടി സ്വീകരിക്കാനാണ് കമ്മിഷന്‍ ഉത്തരവിട്ടത്. നാലാഴ്ചക്കകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. ചേര്‍ത്തല ഡിവൈ.എസ്.പി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് ആരോപണത്തെ കുറിച്ച് അന്വേഷിച്ച് നാലാഴ്്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 30ന് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കണം. എഴുപുന്ന കുത്തിയതോട് നിവാസികള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
സ്വകാര്യ സ്ഥാപനത്തിന്റെ കുത്തിയതോട് ശാഖയില്‍ ചിട്ടി പണം പിരിച്ചുകൊടുക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് പരാതിക്കാര്‍.
ഫെബ്രുവരി 15 മുതല്‍ സ്ഥാപനം പൂട്ടി ഉടമകള്‍ സ്ഥലംവിട്ടതായി പരാതിയില്‍ പറയുന്നു. സാധാരണക്കാരില്‍ നിന്നും തങ്ങള്‍ ചിട്ടിയിനത്തില്‍ പിരിച്ചെടുത്ത തുകയുമായാണ് സ്ഥാപന ഉടമകള്‍ മുങ്ങിയത്. മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷംവരെ പലര്‍ക്കും നിക്ഷേപമുണ്ട്.
പരാതിക്കാര്‍ സ്ഥലം പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. തീരെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പണം നഷ്ടമായതെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. ധനകാര്യസ്ഥാപനത്തിന്റെ ഉടമകളുടെ സ്വാധീനഫലമായി പൊലിസും നിശബ്ദരാണ്. നിക്ഷേപങ്ങള്‍ സ്വീകരിച്ച് വഞ്ചിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതിന് കേരള നിയമസഭ നിയമം പാസാക്കിയിട്ടുണ്ടെന്ന് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു.
നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് 2013ല്‍ പാസാക്കിയ നിയമത്തില്‍ ഇത്തരം സംഭവങ്ങളില്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറെ കോംപറ്റന്റ് അതോറിറ്റിയായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. വഞ്ചന കേസിനെതിരേ പൊലിസിനും നടപടി സ്വീകരിക്കാവുന്നതാണ്. കുത്തിയതോട് സംഭവത്തില്‍ ജില്ലാ കലക്ടറോ പൊലിസോ നടപടി സ്വീകരിച്ചിട്ടില്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."