ആദ്യകാല മുജാഹിദ് നേതാക്കള്‍ക്ക് തെറ്റുപറ്റിയിട്ടുണ്ടെന്ന് മര്‍കസുദ്ദഅ്‌വ വിഭാഗം
കോഴിക്കോട്: മുജാഹിദ് വിഭാഗത്തിലെ മുന്‍കാല നേതാക്കള്‍ തെറ്റായ പ്രബോധനം നടത്തിയിട്ടുണ്ടാകാമെന്നും പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ അത്തരം കാര്യങ്ങള്‍ തിരുത്തുകയാണ് ഇപ്പോള്‍ തങ്ങള്‍ ചെയ്യുന്നതെന്നും മുജാഹിദ് മര്‍ക്കസുദ്ദഅ്‌വ വിഭാഗം. ഇജ്തിഹാദി (പഠനഗവേഷണം)ലൂടെ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയുള്ള രീതിയാണ് ഇപ്പോള്‍ മുജാഹിദുകള്‍ പിന്തുടരുന്നതെന്നും കെ.എന്‍.എം മര്‍കസുദ്ദഅ്‌വ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലമ്പൂര്‍ കരുളായിയില്‍ ജിന്ന് ചികിത്സയുമായി ബന്ധപ്പെട്ട് യുവാവ് മരണപ്പെടാനിടയായ സംഭവത്തില്‍ വിസ്ഡം മുജാഹിദ് ഗ്രൂപ്പിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു മര്‍കസുദ്ദഅ്‌വ വിഭാഗം നേതാക്കള്‍ വക്കം മൗലവി ഉള്‍പ്പെടെയുള്ള മുന്‍കാല നേതാക്കളെ തള്ളിപ്പറഞ്ഞത്. ജിന്ന് ചികിത്സയെ മുന്‍കാല നേതാക്കള്‍ അനുകൂലിച്ചതായി പറയുന്നുണ്ടെന്നും ആദ്യകാല മുജാഹിദ് നേതാക്കള്‍ മന്ത്രജപം, വിഷചികിത്സ തുടങ്ങിയവ നടത്തിയതായി രേഖകളുണ്ടെന്നുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് അബ്ദുല്‍ ലത്തീഫ് കരുമ്പിലാക്കല്‍ മുന്‍കാല നേതാക്കള്‍ക്ക് തെറ്റുപറ്റിയിട്ടുണ്ടാകാമെന്ന് ഏറ്റുപറഞ്ഞത്.
അന്ധവിശ്വാസം, ജിന്ന്, മാരണം, തീവ്രവാദം എന്നീ വിഷയങ്ങളില്‍ മുജാഹിദ് പ്രചാരണം നടത്തിയിട്ടും മുജാഹിദില്‍പ്പെട്ടവര്‍ തന്നെ ഈ രംഗങ്ങളില്‍ സജീവമാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പുതിയ ആശയധാരകള്‍ പിന്തുടര്‍ന്നവരാണ് അത്തരം മേഖലകളിലെത്തിയതെന്നായിരുന്നു മറുപടി. ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലും മുജാഹിദ് നേതാക്കള്‍ക്കൊപ്പം സ്ത്രീകള്‍ വേദിയിലെത്തി. ഐ.എസ്.എം മര്‍കസുദ്ദഅ്‌വ വിഭാഗം നടത്തിയ ജിന്ന് ചികിത്സക്കെതിരേയുള്ള പ്രതിഷേധ സദസിലും സ്ത്രീകളുടെ സാന്നിധ്യമുണ്ടായിരുന്നു. സ്ത്രീ പുരുഷ വിവേചനം വേണ്ടെന്നും സ്ത്രീകള്‍ മുഖം മറക്കേണ്ടതില്ലെന്നുമുള്ള നിലപാട് കഴിഞ്ഞ സമ്മേളനത്തില്‍ മര്‍കസുദ്ദഅ്‌വ വിഭാഗം സ്വീകരിച്ചിരുന്നു. ഇതിനെതിരേ കെ.എന്‍.എം സി.ഡി ടവര്‍ വിഭാഗം കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ കെ.എന്‍.എം മര്‍കസുദ്ദഅ്‌വ ജന. സെക്രട്ടറി സി.പി ഉമര്‍ സുല്ലമി, ബി.പി.എ ഗഫൂര്‍, ഖദീജാ നര്‍ഗീസ്, റുക്‌സാന വാഴക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതിഷേധ സദസ് ഡോ. കെ.ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. അലി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."