റുഷ്ദിയും പാലക്കാട്ടുകാരിയും
അമേരിക്കന്‍ എഴുത്തുകാരിയായ മരിയന്ന ഹിഗിന്‍സ് ഒരു നീണ്ട യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായാണ് 1987ല്‍ ലണ്ടനില്‍ എത്തുന്നത്. മുംബൈയില്‍ ജനിച്ച്, ഓക്‌സ്‌ഫോര്‍ഡില്‍ പഠിച്ച ബ്രിട്ടീഷുകാരിയായ ക്ലാരിസ ലുലാര്‍ഡിനെ ആ വര്‍ഷം തന്നെ അവര്‍ വിവാഹം ചെയ്തു. അവര്‍ക്ക് ഒരു പുത്രനുമായി. ലണ്ടനില്‍ താമസിക്കുന്ന പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ മരിയന്ന പരിചയപ്പെടുന്നു. അധികം വൈകാതെ റുഷ്ദി-മരിയന്ന വിവാഹം നടക്കുന്നതാണ് സാഹിത്യ ലോകം കണ്ടത്. മരിയന്നക്ക് സമര്‍പ്പിച്ചുകൊണ്ട് റുഷ്ദി 'ദ സാത്തനിക് വേഴ്‌സസ് 'എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത് 1988ല്‍. നോവലില്‍ ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നതും പ്രവാചകനെ നിന്ദിക്കുന്നതുമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന കുറ്റം ചുമത്തി ഇറാന്റെ ആത്മീയ നേതാവായ ആയത്തുല്ലാ ഖുമൈനി റുഷ്ദിയെ വധശിക്ഷയ്ക്ക് വിധിച്ചുകൊണ്ടുള്ള വിധി പ്രസ്താവിക്കുന്നത് നോവല്‍ പുറത്തുവന്നു രണ്ടുമാസത്തിനുള്ളില്‍.
ഫത്‌വ വന്നതോടെ റുഷ്ദിയോടൊപ്പം മരിയന്നയും ബ്രിട്ടീഷ് രഹസ്യാന്വേഷണ വകുപ്പിന്റെ സംരക്ഷണത്തില്‍ ഒളിവില്‍ കഴിയാന്‍ നിര്‍ബന്ധിതയായി. ആ ജീവിതം ദുസഹമായിരുന്നുവെന്ന് മരിയന്ന പില്‍ക്കാലത്ത് എഴുതി. പ്രത്യേകിച്ചും താന്‍ കാന്‍സര്‍ രോഗിയാണ് എന്നറിഞ്ഞതു മുതല്‍ റുഷ്ദിയുടെ പെരുമാറ്റത്തില്‍ വന്ന പരിണാമം. 'ആ മനുഷ്യന്‍ മഹത്തായ സാഹിത്യം രചിക്കുന്നുണ്ടാവാം. മഹത്തായ സംഭവങ്ങള്‍ സൃഷ്ടിക്കുന്നുണ്ടാവാം. എന്നാല്‍ വ്യക്തിപരമായി അയാള്‍ ഒട്ടും മഹാനല്ല തന്നെ'-അവര്‍ തുറന്നു പറഞ്ഞു. മരിയന്നയുടെ നേരെ വധഭീഷണിയുണ്ടായിരുന്നില്ലെങ്കിലും അവര്‍ തന്റെ കൂടെ കഴിയണമെന്ന് റുഷ്ദി ശഠിച്ചു. മരിയന്ന അതനുസരിക്കാന്‍ സന്നദ്ധയുമായി. പക്ഷേ, എഴുതാനുള്ള സ്വാതന്ത്ര്യം റുഷ്ദി അവര്‍ക്ക് നിഷേധിച്ചു. മാത്രമല്ല, തന്റെ മേല്‍വിലാസത്തില്‍ അറിയപ്പെടുന്ന അവര്‍ തന്നെ സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്ന് അപഖ്യാതി പ്രചരിപ്പിക്കാനും മടികാണിച്ചില്ല. മരിയന്നക്ക് പിന്നെ പിടിച്ചു നില്‍ക്കാനായില്ല. 1993ല്‍ അവര്‍ നിയമപരമായി മോചനം നേടി.
അതിനു മുന്‍പേ തന്നെ റുഷ്ദി പുതിയൊരു ഇണയെ കണ്ടുവച്ചിരുന്നു. ബ്ലൂംസ്‌ബെറി പ്രസിദ്ധീകരണ ശാലയില്‍ എഡിറ്ററായ എലിസബത്ത് ലെസ്റ്റ്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് 'ദ വിന്റേജ് ബുക് ഓഫ് ഇന്ത്യന്‍ റൈറ്റിങ് 'എന്ന പേരില്‍ ഭാരതീയ സര്‍ഗാത്മക സാഹിത്യത്തെപ്പറ്റി ഒരു കൃതി തയാറാക്കാനുള്ള ചുമതല ബ്ലൂംസ്‌ബെറി പ്രസാധനാലയം റുഷ്ദിയെയും ലെസ്റ്റിനെയുമാണ് ഏല്‍പിച്ചിരുന്നത്. 1998ല്‍ നിയമപരമായി വിവാഹിതരാവുന്നതിനു മുന്‍പേ അവര്‍ക്കൊരു കുഞ്ഞും ജനിച്ചിരുന്നു. (വിന്റേജ് ബുക്കിനെ നിരൂപകര്‍ നിരാകരിക്കുക മാത്രമല്ല, അത് ഭാരതീയ സര്‍ഗാത്മക സാഹിത്യത്തിനു തന്നെ അപമാനമാണെന്നു വിലയിരുത്തപ്പെടുക കൂടി ചെയ്തു. സാദത് ഹസന്‍ മന്‍ടോ ഒഴികെ ഇതില്‍ വന്ന മറ്റെല്ലാവരും ആംഗ്ലോ-ഇന്ത്യന്‍ എഴുത്തുകാരായിരുന്നു. താരാശങ്കറോ അമൃതാപ്രീതമോ തകഴിയോ ജി. ശങ്കരക്കുറുപ്പോ അനന്തമൂര്‍ത്തിയോ ജയകാന്തനോ ആരും ഇതിലില്ലായിരുന്നു)
'ലവ്, ലോസ് ആന്‍ഡ് വാട്ട് വി എയ്റ്റ് ' പുസ്തകത്തിന്റെ കവര്‍
*******
പാലക്കാടന്‍ അഗ്രഹങ്ങള്‍ വിട്ട് ചെന്നൈയിലേക്കു താമസം മാറ്റിയ അച്ഛനമ്മമാര്‍ക്ക് ജനിച്ച വിജയ ഓങ്കോളജിയില്‍ വൈദഗ്ധ്യം നേടിയ നഴ്‌സായിരുന്നു. ഫൈബര്‍ മരുന്നു കമ്പനി ഉദ്യോഗസ്ഥനായിരുന്നു ഭര്‍ത്താവ് വൈദ്യനാഥന്‍. 1970ല്‍ ജനിച്ച മകള്‍ക്ക് അവര്‍ പത്മപാര്‍വതി എന്നു പേരിട്ടു. എന്നാല്‍ മകള്‍ക്ക് രണ്ടു വയസുള്ളപ്പോള്‍ വേര്‍പിരിഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിച്ചെങ്കിലും അതിനിടെ വൈദ്യനാഥന്‍ വേറെ വിവാഹം കഴിക്കുകയും രണ്ടു കുട്ടികള്‍ കൂടി ഉണ്ടാവുകയും ചെയ്തിരുന്നു. തമിഴ് യാഥാസ്ഥിക ബ്രാഹ്മണ സമൂഹത്തില്‍ വിവാഹമോചിതയായി കഴിയുക എന്ന കുറ്റം ചാര്‍ത്തലില്‍ നിന്ന് രക്ഷനേടാന്‍ വിജയ അമേരിക്കയിലെ പ്രശസ്തമായ ബ്ലോവന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററില്‍ ജോലി സമ്പാദിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ മാതാപിതാക്കള്‍ക്കൊപ്പം ചെന്നൈയിലായിരുന്ന പത്മപാര്‍വതിയെ പത്മലക്ഷ്മി എന്നു പേരാക്കി അമേരിക്കയിലേക്കു കൊണ്ടുപോയി. 'കറുത്ത ജിറാഫ് 'എന്ന സഹപാഠികളുടെ പരിഹാസങ്ങളെയും ഒരു കാറപകടത്തെയും കുടലിലെ ഒരു മാരകരോഗത്തെയും അതിജീവിച്ച് മസാച്ചുസെറ്റ്‌സിലെ ക്ലാര്‍ക്ക് സര്‍വകലാശാലയില്‍ നിന്ന് തിയേറ്റര്‍ ആര്‍ട്‌സില്‍ ബിരുദം നേടി.
തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍ ഭാഷകള്‍ വശമുള്ള പത്മലക്ഷ്മി സ്‌പെയിനില്‍ വച്ച് മോഡലിങ് ജീവിതം ആരംഭിച്ചു. 'സാന്‍ഡോകാന്‍', 'പിരേറ്റ്‌സ് '(1999) എന്നീ ഇറ്റാലിയന്‍ ചിത്രങ്ങളിലൂടെ സിനിമാരംഗത്തെത്തി. മരിയാ കാരിയോടൊപ്പം അഭിനയിച്ച 'ഗ്ലിറ്റി'(2001)ലൂടെ ഹോളിവുഡിലും തല കാട്ടാനായി.
ഇന്ത്യയില്‍ പത്മലക്ഷ്മി ആദ്യം അറിയപ്പെടുന്നത്, മേനിയഴകിലൂടെ മോഷണം തൊഴിലാക്കിയ മൂന്നു പെണ്‍കിടാങ്ങളുടെ കഥ പറഞ്ഞ ബോക്‌സ് ഓഫിസില്‍ പാളിപ്പോയ 'ബ്ലൂം' (2003) എന്ന ചിത്രത്തിലൂടെയാണ്. പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയായ (ബംഗാളി) ചിത്രാബാനര്‍ജി ദിവാകരുണിയുടെ 'മിസ്ട്രസ് ഓഫ് സ്‌പൈസി'ന്റെ സിനിമാവിഷ്‌ക്കാരത്തിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.
ഒമര്‍ ഷെരീഫ്, നവീന്‍ ആന്‍ഡ്ര്യൂസ് എന്നിവരുടെ കൂടെ 'ദ ടെന്‍ കമാന്‍ഡ്‌മെന്റ്‌സ്' എന്ന ടി.വി പരമ്പരയിലും മറ്റും പത്മലക്ഷ്മി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ക്ക് അന്തര്‍ദേശീയ പ്രശസ്തി നേടിക്കൊടുത്തത് 'ടോപ് ചെഫ് ', 'മെല്‍റ്റിങ് പോട്ട് ' പോലുള്ള പാചകപരിപാടികളാണ്. ഇത് 'എമ്മി' അവാര്‍ഡിനും അവരെ അര്‍ഹയാക്കിയിട്ടുണ്ട്. 'ഈസി എക്‌ബോട്ടിക്,' 'ടാന്‍ഗി, 'ടാര്‍ട് ഹോട്ട് ആന്റ് ബ്രീറ്റ് 'എന്നീ പാചകകൃതികളും ബെസ്റ്റ് സെല്ലറുകളാണ്.
അമേരിക്കയില്‍ ന്യൂയോര്‍ക്കില്‍ വച്ചാണ് പത്മലക്ഷ്മി, സല്‍മാന്‍ റുഷ്ദിയെ പരിചയപ്പെടുന്നത്. 2001ല്‍ 'എലിസബത്താണ് എന്റെ ജീവന്‍ രക്ഷിച്ചത്, അവളാണ് എനിക്കു ഭാഗ്യം കൊണ്ടുവന്നത് 'എന്ന് 'ഫത്‌വ' പിന്‍വലിച്ചതിനു ശേഷം പ്രഖ്യാപിച്ചു നടന്നിരുന്ന റുഷ്ദി 'വിന്റേജ് ബുക്കി'ന്റെ പശ്ചാത്തലത്തിലോ മറ്റോ എലിസബത്ത് ലെസ്റ്റുമായി പിന്താങ്ങിക്കഴിഞ്ഞിരുന്ന കാലം. വെളുത്ത ഉത്തരേന്ത്യക്കാരന് കറുത്ത ദക്ഷിണേന്ത്യക്കാരിയില്‍ താത്പര്യം ജനിക്കാന്‍ ഒട്ടും സമയം വേണ്ടിവന്നില്ല. തിരിച്ചിങ്ങോട്ടും. പിന്നീടങ്ങോട്ട് മധുരിക്കുന്ന പ്രണയദിനങ്ങളായിരുന്നു. ലെസ്റ്റുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിനു ശേഷം 2002ല്‍ റുഷ്ദി പ്രണയിനിയെ നിയമപരമായിത്തന്നെ പുതിയ വധുവാക്കി. അങ്ങനെ പത്മലക്ഷ്മി റുഷ്ദിയുടെ നാലാമത്തെ പത്‌നിയായി. അന്ന് വരന് വയസ് 55 കഴിഞ്ഞിരുന്നു. വധുവിനാകട്ടെ പ്രായം 31. ഈ പ്രണയകാലത്തെപ്പറ്റി റുഷ്ദി 'ഫ്യൂരി' എന്ന പേരില്‍ ഒരു മൂന്നാംകിട പൈങ്കിളി നോവല്‍ എഴുതിയിട്ടുണ്ട്.
പതിവുപോലെ നാലുകൊല്ലം കൊണ്ട് പത്മലക്ഷ്മി-റുഷ്ദി വിവാഹ ബന്ധം തകര്‍ന്നു. അപ്പോഴേക്കും ഈ ദാമ്പത്യത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചിരുന്നു. 'ഫ്യൂരി' ആരാലും ഗൗനിക്കപ്പെടാതെ പോയപ്പോള്‍ റുഷ്ദിയുടെ തിരിച്ചുവരവായി കൊട്ടിഘോഷിക്കപ്പെട്ട നൊബേല്‍ സമ്മാനം നേടുമെന്നു വരെ എഴുതിപ്പിടിപ്പിക്കപ്പെട്ട നോവലുകളാണ് 'ജോസഫ് ആന്റണ്‍' (2012), 'ദ ഗ്രൗണ്ട് ബിനീത്ത് ഹെര്‍ഫിറ്റ് 'എന്നിവ. എന്നാല്‍ ഇവയോടൊപ്പം പുറത്തുവന്ന മറ്റൊരു പ്രമുഖ ആംഗ്ലോ-ഇന്ത്യന്‍ നോവലിസ്റ്റായ വിക്രം സേത്തിന്റെ 'ടു ലിവ്‌സി'ലാണ് നിരൂപകരും വായനക്കാരും പ്രശംസ മുഴുവന്‍ വാരിക്കോരി ചൊരിഞ്ഞത്. റുഷ്ദിയെ ഏറ്റവും പ്രകോപിതനാക്കിയ കാലഘട്ടമായിരുന്നു ഇതെന്നു മാത്രമല്ല, 'ജോസഫ് ആന്റണി'ല്‍ പത്മലക്ഷ്മിയെ പരോക്ഷമായെങ്കിലും വ്യക്തിപരമായി ആക്ഷേപിക്കുന്ന ഭാഗങ്ങള്‍ ആരും കണ്ടതായി പോലും ഭാവിച്ചില്ല.
ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് അന്തര്‍ദേശീയ വനിതാ ദിനത്തില്‍ പത്മലക്ഷ്മിയുടെ ആത്മകഥയായ 'ലവ്, ലോസ് ആന്‍ഡ് വാട്ട് വി എയ്റ്റ് 'പുറത്തിറങ്ങി. (ഹാര്‍പര്‍ കോളിന്‍സ്, 336 പേജ്, 699 രൂപ). സ്വാഭാവികമായും ഇതിലെ ആദ്യത്തെ രണ്ട് അധ്യായങ്ങള്‍ റുഷ്ദിയുമൊന്നിച്ചുള്ള ജീവതത്തെ പരാമര്‍ശിക്കാനാണ് നീക്കിവച്ചിരിക്കുന്നത്. മരിയന്ന ഹിഗിന്‍സ് വര്‍ഷങ്ങള്‍ക്കു മുമ്പേ വ്യക്തമാക്കിയ കാര്യങ്ങള്‍ക്ക് അടിവരയിടുകയും 'ജോസഫ് ആന്റണി'ല്‍ റുഷ്ദി തന്നെക്കുറിച്ച് നടത്തിയ നിരുത്തരവാദപരമായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയും മാത്രമല്ല, ഈ 'മഹാനായ' എഴുത്തുകാരന്റെ പൊള്ളത്തരം നിര്‍ഭയമായും നിശ്ചയദാര്‍ഢ്യത്തോടെയും തുറന്നുകാട്ടുന്ന പുതിയ വിവരങ്ങള്‍കൂടി ഈ കൃതിയില്‍ ഉള്‍ക്കൊള്ളുന്നുണ്ട്.
ദുരാഗ്രഹിയായ റുഷ്ദി തനിക്കു മീതെ മറ്റൊരെഴുത്തുകാരനും ഇല്ലെന്നു കരുതുന്ന വ്യക്തിയാണെന്ന് മരിയന്നയെപ്പോലെ പത്മലക്ഷ്മിയും രേഖപ്പെടുത്തുന്നു. സ്വന്തം പത്‌നിക്കുതന്നെയും ജീവിതത്തില്‍ ഒരു സ്ഥാനവും അദ്ദേഹം കല്‍പിച്ചു കൊടുത്തിരുന്നില്ല എന്നും പുതിയ ഇന്ത്യ എന്ന വിഷയം കൈകാര്യം ചെയ്യുന്ന ഒരു ലക്കത്തിലേക്ക് മുഖചിത്രമായി തന്നെ അവരിപ്പിക്കാന്‍ 'ന്യൂസ് വീക്ക് ' വാരിക ഉദ്ദേശിക്കുന്ന കാര്യം അറിഞ്ഞതില്‍ ആഹ്ലാദവതിയായ പത്മലക്ഷ്മി ഇത് ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ലഭിച്ച തണുപ്പന്‍ പ്രതികരണം ഇങ്ങനെ: ''നല്ലത്...ന്യൂസ് വീക്ക് എന്നെ മുഖചിത്രമായി ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിരുന്നത് എന്റെ തലമണ്ടക്ക് ആരോ വെടിവെക്കാന്‍ ശ്രമിച്ചപ്പോള്‍ മാത്രമായിരുന്നു''.
കൂടുതല്‍ സമ്പന്നനായ ഒരാളെ നേടിയെടുക്കാന്‍ വേണ്ടിയാണ് പത്മലക്ഷ്മി തന്നെ ഉപേക്ഷിച്ചു പോയതെന്ന് 'ജോസഫ് ആന്റണി'ല്‍ റുഷ്ദി കുറ്റപ്പെടുത്തുന്നുണ്ട്(നോവലില്‍ പേരുകള്‍ മാറ്റിയാണ് ഉപയോഗിച്ചിരിക്കുന്നത്). റുഷ്ദിക്ക് ശേഷം പത്മ വിവാഹം ചെയ്തത് സമ്പന്ന ബിസിനസുകാരനായ ടെഡി ഫോസ്റ്റ്മാനെയാണ്. ടെഡിയെ തനിക്ക് നേരത്തേ പരിചയമില്ലായിരുന്നുവെന്നും 2007 ജനുവരിയില്‍ റുഷ്ദിയില്‍ നിന്ന് വിവാഹമോചനം നേടി മാസങ്ങള്‍ക്കു ശേഷമാണ് അദ്ദേഹവുമായി ബന്ധപ്പെടുന്നതെന്നും തെളിവുകള്‍ നിരത്തി പത്മ സമര്‍ഥിക്കുന്നു. തന്റെ ഭൂതകാലവും രോഗവും മനസിലാക്കിയിട്ടുള്ള ടെഡി തന്നെയും മകള്‍ കൃഷ്ണയെയും പൊന്നുപോലെ സംരക്ഷിച്ചുവെന്നും കൂടി അവര്‍ സാക്ഷ്യപ്പെടുത്തുന്നു(കാന്‍സര്‍ ബാധിച്ച് ടെഡി 2011ല്‍ മരിച്ചു).
എല്ലാവര്‍ഷവും ഒക്‌ടോബര്‍ മാസമടുക്കുമ്പോള്‍ റുഷ്ദി മൂഡ് ഔട്ട് ആകുമെന്ന് പത്മലക്ഷ്മി തുറന്നുപ്രഖ്യാപിക്കുന്നു. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാന പ്രഖ്യാപനമാണു കാരണം. താന്‍ നൊബേലിന് അര്‍ഹനാണെന്ന് തീര്‍ച്ചയായും അദ്ദേഹം കരുതിയിരുന്നു, കൊതിച്ചിരുന്നു. നൊബേല്‍ മറ്റൊരാള്‍ക്കാണെന്നറിഞ്ഞാല്‍ അദ്ദേഹം ശപിച്ചുതുടങ്ങും. അവ പതിവായി ഇങ്ങനെയാണ് അവസാനിക്കുക: ''ഓ, നോബല്‍ നിഷേധിക്കപ്പെട്ട പ്രതിഭാശാലികള്‍ എത്രയോ പേരുണ്ട്. പ്രൌസ്റ്റ് ജോയ്‌സ്...ഇപ്പോള്‍ ഞാനും.''
ആരോടും കാലുഷ്യമില്ലാതെ കരുണാര്‍ദ്രമായാണ് പത്മലക്ഷ്മി 'ലവ് ലോസ് ആന്‍ഡ് വാട്ട് വി എയ്റ്റ് ' രചിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. സാഹിത്യപരമായി വലിയ മേന്മയൊന്നും അവകാശപ്പെടാനില്ലെങ്കിലും ഇതില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്ന ആത്മാര്‍ഥതയും സത്യസന്ധതയും വായനക്കാരെ ഹഠാദാകര്‍ഷിക്കുക തന്നെ ചെയ്യും. വെറുതെയല്ല, പ്രസിദ്ധീകരിച്ച ദിവസം മുതല്‍ ഇന്നും ഈ ആത്മകഥ 'ന്യൂയോര്‍ക്ക് ടൈംസി'ന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."