ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; സൈനികന്‍ ഉള്‍പെടെ രണ്ട് മരണം
ടെല്‍അവീവ്: യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരിച്ചെത്തിയ ദിനത്തിലും ഇസ്‌റാഈലില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം. വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് മധ്യ വടക്കന്‍ ഇസ്‌റാഈലില്‍ ഹിസ്ബുല്ല കനത്ത ആക്രമണമാണ് നടത്തിയത്. റോക്കറ്റുകളില്‍ ഒന്ന് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ബെന്‍ ഗൂറിയന്‍ വിമാനത്താവളത്തിലും പതിച്ചു. ഇക്കാര്യം ഇസ്‌റാഈല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചിട്ടുണ്ട്.
ടെല്‍അവീവില്‍ വിമാനത്താവളത്തോട് ചേര്‍ന്നുള്ള സൈനികതാവളം ആക്രമിച്ചെന്ന് ഹിസ്ബുല്ല അവകാശപ്പെട്ടു. ആഴ്ചകള്‍ക്കുമുമ്പ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു യു.എസ് സന്ദര്‍ശനം കഴിഞ്ഞു മടങ്ങുംവഴിയും ബെന്‍ഗൂരിയന്‍ വിമാനത്താവളം ലക്ഷ്യമിട്ട് ഹിസ്ബുല്ല വ്യോമാക്രമണം നടത്തിയിരുന്നു.
ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ സൈനികന്‍ ഉള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്‌റാഈല്‍ അറിയിച്ചു. പ്രതിരോധസേനയുടെ എഞ്ചിനീയറിങ് ബറ്റാലിയനിലെ സൈനികനായ അരയെല്‍ സോസ്‌നോവാണ് കൊല്ലപ്പെട്ടത്. വടക്കന്‍ ഗസ്സയിലെ ആക്രമണത്തില്‍ 20കാരനായ അരയെല്‍ സോസ്‌നോവ് കൊല്ലപ്പെട്ടത്. മറ്റൊരാളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
തെക്കന്‍ ലബനാനില്‍ ഇസ്‌റാഈല്‍ സൈന്യം കരയാക്രമണം നടത്തുന്നതിനിടയിലും ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്താനുള്ള കഴിവ് തങ്ങള്‍ക്കുണ്ടെന്ന് ഇന്നലെ രാവിലെയും ഉച്ചകഴിഞ്ഞും മധ്യ ഇസ്‌റാഈലിന് നേരെ നടത്തിയ ആക്രമണത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഹിസ്ബുല്ല. ആക്രമണം ഭയന്ന് ആളുകള്‍ വിമാനത്താവളത്തിലെ റോഡിലുള്‍പ്പെടെ ഒളിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അതിനിടെ ലെബനാന് നേരെ ആക്രമണം തുടരുകയാണ് ഇസ്‌റാഈല്‍. തലസ്ഥാനമായ ബെയ്‌റൂത്തിലെ തെക്കന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നത്. ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങള്‍ നാല് ആക്രമണങ്ങളെങ്കിലും നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആക്രമണങ്ങളില്‍ തീ പടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം, ജീവഹാനിയുണ്ടായതായി റിപ്പോര്‍ട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."