മഹാരാഷ്ട്രയില്‍ സമൂഹ വ്യാപനത്തിന് തെളിവുകള്‍ ലഭിച്ചതായി ആരോഗ്യവകുപ്പ്
മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിലും മറ്റുഭാഗങ്ങളിലും കൊവിഡ്-19 സമൂഹവ്യാപനം നടന്നതിന് തെളിവുകള്‍ ലഭിച്ചതായി സംസ്ഥാന രോഗ നിരീക്ഷണ ഓഫിസര്‍ ഡോ. പ്രതീപ് അവതെ.
മഹാരാഷ്ട്രയില്‍ കേസുകള്‍ വര്‍ധിക്കുന്നതായാണ് ചിത്രം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങളിലും കൊറോണ വൈറസ് ബാധിച്ച ജനകൂട്ടത്തെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. മുംബൈയില്‍ മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമൂഹവ്യാപനം നടന്നതിന്റെ തെളിവുകള്‍ ലഭിച്ചു. എന്നാല്‍ മൊത്തത്തിലുള്ള ചിത്രം നോക്കുമ്പോള്‍ പ്രത്യേക ക്ലസ്റ്ററുകളായാണ് വ്യാപനം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തിന്റെ സ്ഥിതി വ്യത്യസ്തമാണെന്നും ഇത് ജനസാന്ദ്രത കൂടിയ നഗരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌ക്വയര്‍ കിലോമീറ്ററില്‍ 20,000 പേരാണ് ജീവിക്കുന്നത്. ഇതാണ് മുംബൈയില്‍ കൊവിഡ്-19 കേസുകള്‍ വര്‍ധിക്കാന്‍ കാരണം.
മഹാരാഷ്ട്രയില്‍ 22,000ല്‍ അധികം കൊവിഡ് കേസുകളാണ് ഇതു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 830ല്‍ അധികം പേര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ 4,200 ഓളം പേര്‍ രോഗമുക്തരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."