ബംഗളൂരുവിലെ മലയാളികള്‍ പ്രതിസന്ധികള്‍ക്കു നടുവിലെന്ന്
തിരുവനന്തപുരം: ബംഗളൂരുവിലുള്ള മലയാളികള്‍ പ്രതിസന്ധികള്‍ക്കു നടുവിലാണ് ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ട്. പ്രവാസികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി സഭയ്ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.
ബംഗളൂരുവിലെ മലയാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാന്‍ അവിടം സന്ദര്‍ശിച്ച സമിതിയുമായി വ്യത്യസ്ത സാമൂഹ്യ,സാമ്പത്തിക ചുറ്റുപാടുകളിലുള്ള മലയാളികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
യാത്രാദുരിതം, സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാവാത്ത സാഹചര്യം, വസ്തു കൈയേറ്റം, യാത്രക്കാരെ കൊള്ളയടിക്കല്‍ തുടങ്ങി പലതരം പ്രതിസന്ധികളാണ് മലയാളി സമൂഹം നേരിടുന്നത്. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രകള്‍ പൊതുവെ ദുരിതപൂര്‍ണമാണ്.
വയനാടു വഴിയുള്ള രാത്രിയാത്രാ നിരോധനം, കെ.എസ്.ആര്‍.ടി.സി ബസുകളുടെ കാര്യക്ഷമതയില്ലായ്മ, സീസണ്‍ അനുസരിച്ച് സ്വകാര്യ ബസുകളുടെ അമിത ചാര്‍ജ് വര്‍ധന എന്നിവ സൃഷ്ടിക്കുന്ന യാത്രാദുരിതത്തിന് ആക്കം കൂട്ടിക്കൊണ്ടാണ് കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ ബാനസവാടിയില്‍ യാത്ര അവസാനിപ്പിക്കണമെന്ന റെയില്‍വേയുടെ തീരുമാനമുണ്ടായത്. ബംഗളൂരുവില്‍ മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതും വലിയൊരു പ്രശ്‌നമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ കുടുംബാംഗങ്ങള്‍ക്കാവില്ല. അടുപ്പമുള്ളവരോ സംഘടനകളോ ഒക്കെയാണ് അതു ചെയ്യുന്നത്. കാര്യമായ സാമ്പത്തിക ശേഷിയില്ലാത്ത ഇവര്‍ കടം വാങ്ങിയും പിരിവെടുത്തും മറ്റുമാണ് ഇതിനു പണം കണ്ടെത്തുന്നത്.
കാരുണ്യ പദ്ധതി വഴി ഇതിനായി സഹായം നല്‍കുന്നുണ്ടെങ്കിലും സാങ്കേതിക തടസങ്ങളും ചട്ടങ്ങളിലെ ചില നിബന്ധനകളും കാരണം അതു ലഭിക്കാത്ത അവസ്ഥയുണ്ടാകുന്നു. മലയാളികളുടെ ഭൂമി തട്ടിയെടുക്കാനുള്ള സംഘടിത നീക്കങ്ങള്‍ ഇവിടെയുണ്ടാകുന്നു. മലയാളി വിദ്യാര്‍ഥികള്‍ പലതരം ചൂഷണങ്ങള്‍ക്കു വിധേയരാകുന്നു. ബംഗളൂരുവിലും കര്‍ണാടകയുടെ ഇതര ഭാഗങ്ങളിലുമായി ലക്ഷക്കണക്കിനു മലയാളികള്‍ താമസിക്കുന്നുണ്ടെങ്കിലും അവര്‍ എത്ര പേരുണ്ടെന്നോ അവരെ സംബന്ധിച്ച മറ്റു കാര്യങ്ങളോ കേരള സര്‍ക്കാരിന് വ്യക്തമായി അറിയാത്ത അവസ്ഥയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് കാര്യക്ഷമമാക്കാനും സ്‌കാനിയ, വോള്‍വോ തുടങ്ങിയ ഹൈടെക് സര്‍വിസുകള്‍ വിപുലപ്പെടുത്താനും നടപടി സ്വീകരിക്കാന്‍ സമിതി ഗതാഗത വകുപ്പിനോടു ശുപാര്‍ശ ചെയ്തിട്ടുണ്ട്. ബംഗളൂരുവില്‍ നോര്‍ക്കയുടെ കീഴില്‍ വനിതാ ഹോസ്റ്റല്‍ ആരംഭിക്കണം. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി എത്തിച്ചേരുന്ന മലയാളികള്‍ക്ക് ബംഗളൂരുവില്‍ സഹായ കേന്ദ്രവും കോള്‍ സെന്ററും ഉള്‍ക്കൊള്ളുന്ന കേരള ഹൗസ് ആരംഭിക്കാനും ശുപാര്‍ശയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."