ജൂണ്‍ 21 ചരിത്രത്തിലെ ഭാഗ്യദിനം; അര്‍ജന്റീനക്കിത് മറക്കാനാവാത്ത ദുരന്തം
നിഷ്‌നിയിലെ പുല്‍തകിടിയില്‍ മെസ്സിയും കൂട്ടരും പന്തുതട്ടി തുടങ്ങുംവരെ ലോകകപ്പിന്റെ ചരിത്രത്തില്‍ ജൂണ്‍ 21 അര്‍ജന്റീനയുടെ ഭാഗ്യദിനമായിരുന്നു. ഒടുവില്‍ ക്രൊയേഷ്യന്‍ പടയോട്ടത്തില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന അര്‍ജന്റീനക്ക് ജൂണ്‍ 21 ഒരിക്കലും മറക്കാനാവാത്ത ദുരന്തദിനമായി മാറി. ലോകകപ്പ് ചരിത്രത്തില്‍ ജൂണ്‍ 21 അര്‍ജന്റീനയുടെ ഭാഗ്യദിനമായിരുന്നു. കടന്നു പോയ അഞ്ചു ലോകപ്പുകളില്‍ എതിരാളികളെ ഗോള്‍ അടിക്കാന്‍ അനുവദിക്കാത്ത ദിനം.
അര്‍ജന്റീന പരാജയമറിയാതെ മുന്നേറിയ ജൂണ്‍ 21. വിവിധ ലോകകപ്പുകളിലെ അഞ്ചു കളികളില്‍ നാലിലും വിജയം. ഒരു സമനില. എതിരാളികള്‍ക്ക് സമ്മാനിച്ചത് 14 ഗോളുകള്‍. ജൂണ്‍ 21 എന്ന ഭാഗ്യദിനത്തിലെ ആറാം ലോകകപ്പ് പോരാട്ടം ഒടുവില്‍ ദുരന്തദിനമായി മാറി. ലോകകപ്പ് ചരിത്രത്തില്‍ 1974 ലെ ലോകകപ്പിന് ശേഷമുള്ള ഏറ്റവും വലിയ തോല്‍വിയെയാണ് അര്‍ജന്റീന നേരിട്ടത്. ക്രൊയേഷ്യയോട് ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. ആദ്യ പോരാട്ടത്തില്‍ ഐസ്‌ലന്റിനോട് സമനില പിടിക്കേണ്ടി വന്ന അര്‍ജന്റീന റഷ്യന്‍ ലോകകപ്പില്‍നിന്ന് പുറത്തേക്കുള്ള വഴിയിലെത്തി നില്‍ക്കുന്നു. 44 വര്‍ഷം മുന്‍പായിരുന്നു വലിയ തോല്‍വിയിലൂടെ അര്‍ജന്റീന ലോകകപ്പില്‍ പന്തുതട്ടിയത്. 1974 ല്‍ ഗ്രൂപ്പ് നാലിലായിരുന്നു അര്‍ജന്റീനയുടെ സ്ഥാനം. എതിരാളികള്‍ ഇറ്റലിയും പോളണ്ടും ഹെയ്തിയും. ഗ്രൂപ്പു പോരിലെ ആദ്യ എതിരാളി പോളണ്ടായിരുന്നു. 3-2 ന് അര്‍ജന്റീനയെ പോളണ്ട് വീഴ്ത്തി.
ഇറ്റലിയോട് 1-1 ന്റെ സമനില കുരുക്കില്‍ വീണു. ആദ്യ രണ്ടു പോരാട്ടങ്ങളിലും വിജയിക്കാനാവാതെ ഇതേ അവസ്ഥയില്‍ തന്നെയായിരുന്നു അന്നും അര്‍ജന്റീന. ഒടുവില്‍ ഹെയ്തിയെ അവസാന മത്സരത്തില്‍ വീഴ്ത്തി വിജയ വഴിയിലേക്ക് തിരിച്ചു വന്നു. പോളണ്ട് ഇറ്റലിയെ തോല്‍പ്പിച്ചതോടെ അര്‍ജന്റീന രണ്ടാം റൗണ്ടിലേക്ക് എത്തി. പക്ഷെ, ആ ലോകകപ്പില്‍ അവസാന എട്ടിന് അപ്പുറത്തേക്ക് പന്തടിക്കാന്‍ അര്‍ജന്റീനക്ക് കഴിഞ്ഞില്ല.
രണ്ടു ഗ്രൂപ്പുകളിലായി അരങ്ങേറിയ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വീഴാനായിരുന്നു വിധി. ബ്രസീലും ജര്‍മനിയും ഹോളണ്ടുമായിരുന്നു ഗ്രൂപ്പില്‍. ബ്രസീലിനും ഹോളണ്ടിനും മുന്നില്‍ അടിയറവു പറഞ്ഞ അര്‍ജന്റീന 1974 ലെ ലോകകപ്പില്‍ നിന്ന് പുറത്തായി. കാല്‍പന്തുകളിയുടെ വിശ്വപോരാട്ടത്തില്‍ ഇനി നിലനില്‍ക്കണമെങ്കില്‍ കണക്കിലെ കളിയും നൈജീരിയും ഐസ്‌ലന്റും തുണയ്ക്കണം. പക്ഷെ, കരുത്തു ചോര്‍ന്ന പ്രതിരോധവും തന്ത്രങ്ങളില്ലാത്ത മധ്യനിരയും ലക്ഷ്യം തെറ്റിപ്പായുന്ന ആക്രമണവും അര്‍ജന്റീനയുടെ വിധി ഗ്രൂപ്പ് പോരില്‍ തന്നെ അവസാനിപ്പിക്കാനാണ് സാധ്യത.
മൈതാനത്ത് നിഴല്‍ മാത്രമായി പോയ ലയണല്‍ മെസ്സി. ചങ്കുറപ്പോടെ മുന്നില്‍ നിന്നു നയിക്കാന്‍ പോരാളിയില്ലാത്ത അവസ്ഥ. കരുത്തും കളിയഴകും ചോര്‍ന്നു പോയ അര്‍ജന്റീനക്ക് ഇതിലപ്പുറമൊന്നും ആഗ്രഹിക്കാനാവില്ല. ഇനി നേരിടാനുള്ളത് നൈജീരിയയെ. ആഫ്രിക്കന്‍ കരുത്തരെ വീഴ്ത്തിയാലും പ്രീക്വാര്‍ട്ടറിലേക്ക് കടക്കാന്‍ കണക്കിലെ കളിയില്‍ ജയിക്കണം. മികച്ച ഗോള്‍ ശരാശരി വേണം. ഇപ്പോഴുള്ളത് ഏക ഗോള്‍ സമ്പാദ്യമാണ്. നൈജീരിയയും ഐസ്‌ലന്റും കനിഞ്ഞാല്‍ മാത്രമേ അടുത്തഘട്ടത്തില്‍ അര്‍ജന്റീനയെ ലോകകപ്പ് പോരാട്ടത്തില്‍ കാണാനാവു. ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതോടെ നൈജീരിയയുടെയും ഐസ്‌ലന്റിന്റേയും പ്രകടനങ്ങളെ ആശ്രയിച്ചിരിക്കും അര്‍ജന്റീനയുടെ ഭാവി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."