താമരശേരി ചുരം റോഡ് തകര്‍ച്ച: മന്ത്രി സുധാകരന്‍ സ്ഥലം സന്ദര്‍ശിക്കും
കോഴിക്കോട്: തകര്‍ന്ന താമരശേരി ചുരം റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കാനുള്ള നടപടിക്കു വേഗം കൂട്ടാനായി അടുത്ത ദിവസം തന്നെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ സ്ഥലം സന്ദര്‍ശിക്കും. ചുരം റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടിയുടെ ഭാഗമായി ഇന്നലെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണനും ചിപ്പിലിത്തോട് സന്ദര്‍ശിച്ചിരുന്നു. കലക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്ന ശേഷമായിരുന്നു മന്ത്രിമാര്‍ ചിപ്പിലിത്തോട്ടില്‍ എത്തിയത്.
താമരശേരി ചുരം റോഡിലെ ഗതാഗത പ്രശ്‌നം അതീവ ഗൗരവത്തോടെയാണു കാണുന്നതെന്നും നാളെ മുതല്‍ നിയന്ത്രിതരീതിയില്‍ റോഡില്‍ ഗതാഗതം പുനഃസ്ഥാപിക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ റോഡില്‍ പണി നടത്തുന്നതിനു തടസമുണ്ടായിരുന്നു. നിലവില്‍ സ്ഥിതി മാറി. മൂന്നു മാസം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്.
യാത്രാസൗകര്യം സുഗമമാക്കുക എന്നതാണു ലക്ഷ്യം. അതുകൊണ്ടു തന്നെ പണി എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മൂന്ന് ചീഫ് എന്‍ജിനീയര്‍മാര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കൂടി സ്ഥലം സന്ദര്‍ശിച്ച ശേഷം റോഡ് നിര്‍മാണം സംബന്ധിച്ചു കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. ഇടിഞ്ഞ ഭാഗങ്ങള്‍ മാത്രമല്ല, ചുരം റോഡ് പൂര്‍ണമായും സംരക്ഷിക്കപ്പെടണം. സുരക്ഷിതമായ യാത്ര ഒരുക്കുന്നതിനായി മറ്റുള്ള പ്രശ്‌നങ്ങളും കണ്ടെത്തി സമയബന്ധിതമായി പരിഹരിക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
കലക്ടറേറ്റില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."