മഴയോട് കൂട്ടുകൂടിയും കിന്നാരംപറഞ്ഞും ഒരു യാത്ര...
കോഴിക്കോട്: കൈയടിച്ചും പാട്ടുപാടിയും മഴയുടെ സൗന്ദര്യം നുകര്‍ന്ന് ഒരിക്കല്‍ക്കൂടി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ താമരശ്ശേരി ചുരം ആസ്വദിച്ചിറങ്ങി. വയനാട് ലക്കിടിയിലെ ജില്ലാ അതിര്‍ത്തിയില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ താഴെ പതിനഞ്ചു കിലോമീറ്റര്‍ ദൂരത്തുള്ള അടിവാരത്തേക്കു നടന്നിറങ്ങിയത്.
ഒന്‍പത് ഹെയര്‍പിന്‍ വളവുകളടക്കം കടന്നുപോകുമ്പോള്‍ മനം കുളിര്‍പ്പിക്കുന്ന പ്രകൃതിദൃശ്യങ്ങള്‍ കണ്ടാസ്വദിക്കുവാന്‍കൂടി അവസരമൊരുക്കിയുള്ളതായിരുന്നു പ്രകൃതി സംരക്ഷണ ഏകോപന സമിതി, നാഷണല്‍ ഗ്രീന്‍ കോര്‍ എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പതിനൊന്നാമത് മഴയാത്ര. കോഴിക്കോട് ജില്ലയില്‍ നിന്നു 128 സ്‌കൂളുകളും വയനാട് ജില്ലയില്‍ നിന്നു 36 സ്‌കൂളുകളും മഴയാത്രയില്‍ പങ്കാളികളായി. 13562 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ലോകത്തില്‍ പ്രകൃതിവിഷയത്തില്‍ പ്രതിവര്‍ഷം നടക്കുന്ന ഏറ്റവും വലിയ വിദ്യാര്‍ഥി സംഗമമായി മാറിയിരിക്കുകയാണ് ഈ യാത്ര.
മഴയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍.എ നസീര്‍ ആണ്. പ്രൊഫ.ശോഭീന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാഷനല്‍ ഗ്രീന്‍കോര്‍ കോഴിക്കോട് ജില്ലാ കോഡിനേറ്റര്‍ എന്‍. സിജേഷ്, സി.പി കോയ, ദീപേഷ് കരിമ്പുങ്കര, പി. ഉഷാകുമാരി, കുട്ടിയമ്മ മാണി, എബ്രഹാം ബെന്‍ഹാര്‍, പി. രമേശ്ബാബു,അഡ്വ.എ. വിശ്വനാഥന്‍ സംസാരിച്ചു. വൈകിട്ട് നാലോടെ അടിവാരത്താണ് മഴയാത്രയുടെ സമാപനം നടന്നത്. പതിനൊന്നാം വാര്‍ഷികത്തിന്റെ സ്മരണക്കായി കോഴിക്കോട് ജില്ലാകലക്ടര്‍ എന്‍. പ്രശാന്ത് ലക്കിടിയില്‍ ഓര്‍മമരം നട്ടു.
എന്‍. ഗോപാലന്‍, സി. ജയരാജ്, ഹമീദലി വാഴക്കാട്, എന്‍. സിജേഷ്, ടി.വി രാജന്‍, വി.എ രവീന്ദ്രന്‍, കെ.പി ജഗനാഥന്‍, കെ.ജി രഞ്ജിത് രാജ്, പി.ടി ശിവദാസ്, വി.കെ രാജന്‍ നായര്‍, പ്രമോദ് മണ്ണടത്ത്, ആര്‍ട്ടിസ്റ്റ് ശ്രീനിപാലേരി, സി.പി അബ്ദുറഹിമാന്‍, സിനിമാസംവിധായകന്‍ സുനില്‍ വിശ്വചൈതന്യ, സി.സി ആന്‍ഡ്രൂസ്, ഹംസ മടിക്കൈ, എം.കെ സജീവ്കുമാര്‍, സുഭീഷ് ഇല്ലത്ത്, കെ.സി റോബിന്‍സ് എന്നിവരാണ് നേതൃത്വം നല്‍കിയത്.
കഴിഞ്ഞ വര്‍ഷം നടന്ന പത്താമത് മഴയാത്രയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള ഉപഹാരങ്ങള്‍ എം.ഇ.എസ് ഫാത്തിമാറഹീം സെന്‍ട്രല്‍ സ്‌കൂള്‍ (127 വിദ്യാര്‍ഥികള്‍), ചെമ്പനോട് റെയ്മണ്ട് മെമ്മോറിയല്‍ സ്‌കൂള്‍ (108 വിദ്യാര്‍ഥികള്‍), ചാത്തമംഗലം ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്(94 വിദ്യാര്‍ഥികള്‍) എന്നിവര്‍ ഏറ്റുവാങ്ങി. കഴിഞ്ഞ വര്‍ഷത്തെ യാത്രയില്‍ ഏറ്റവും നല്ല പരിസ്ഥിതിസന്ദേശ അവതരണത്തിനുള്ള അവാര്‍ഡുകള്‍ മുക്കം പല്ലോട്ടി ഹില്‍ പബ്ലിക് സ്‌കൂള്‍, പ്രോവിഡന്‍സ് ഗേള്‍സ് എച്ച്.എസ്.എസ് എന്നിവര്‍ക്ക് വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."