മൂത്തേത്ത് കോളനിയുടെ സമഗ്ര വികസനത്തിന് ഒരു കോടിയുടെ പദ്ധതി
കരുനാഗപ്പള്ളി: നഗരസഭയിലെ 21ാം ഡിവിഷനിലെ മൂത്തേത്ത് കോളനിയില്‍ ആര്‍. രാമചന്ദ്രന്‍ എം.എല്‍.എയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ഒരു കോടി രൂപയുടെ 'അബേദ്കര്‍ ഗ്രാമം' പദ്ധതി നടപ്പാക്കുന്നു.
ഹൗസിങ് ബോര്‍ഡ് തയാറാക്കിയ മാസ്റ്റര്‍പ്ലാന്‍ പ്രകാരം ഗുണഭോക്താക്കളായ 32 വീടുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനായി 42 ലക്ഷം രൂപയും റോഡ് നിര്‍മാണം, സംരക്ഷണഭിത്തി നിര്‍മാണം, വെള്ളക്കെട്ട് ഒഴിവാക്കല്‍ എന്നിവയ്ക്ക് 28.2 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വൈദ്യുതീകരണ പ്രവൃത്തികള്‍ക്കായി മൂന്നു ലക്ഷം രൂപയും ശുദ്ധജല വിതരണം മെച്ചപ്പെടുത്തുന്നതിന് അഞ്ചുലക്ഷം രൂപയും ഇന്റര്‍നെറ്റ് കണക്ഷനോടുകൂടിയ ലൈബ്രറി വികസനത്തിന് 4.5 ലക്ഷം രൂപയും അയല്‍ക്കൂട്ടങ്ങള്‍ക്കു തൊഴില്‍ പ്രാവീണ്യവും തൊഴിലും സൃഷ്ടിക്കുന്നതിന് ഈ പദ്ധതി പ്രകാരം വകയിരുത്തിയിട്ടുണ്ട്.
പദ്ധതികള്‍ നടപ്പാക്കുന്നതിനോടനുബന്ധിച്ചു തന്നെ ഇവിടത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി കുഴല്‍ കിണര്‍ സ്ഥാപിക്കുന്നതിന് 12 ലക്ഷം രൂപ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാകുന്നതോടെ മൂത്തേത്ത് കോളനിയിലെ താമസക്കാര്‍ക്കു മെച്ചപ്പെട്ട ജീവിതസൗകര്യം ലഭ്യമാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
പദ്ധതി പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സന്‍ എം. ശോഭന അധ്യക്ഷയാകും. ഓച്ചിറ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ എ. രാകേഷ് പദ്ധതി വിശദീകരിക്കും.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എസ്. വസുമതി, നഗരസഭാ വൈസ് ചെയര്‍മാന്‍ ആര്‍. രവീന്ദ്രന്‍ പിള്ള, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സുബൈദ കുഞ്ഞുമോന്‍, മഞ്ജു, പി. ശിവരാജന്‍, സുരേഷ് പനകുളങ്ങര, ദീപ്തി എല്‍, എം.കെ വിജയഭാനു, ബി. ഉണ്ണികൃഷ്ണന്‍, ഷംസുദ്ദീന്‍ കുഞ്ഞ്, ജി. സാബു, മുനമ്പത്ത് ഗഫൂര്‍, പ്രീതിമോള്‍, പി.കെ ബാലചന്ദ്രന്‍, ജെ. ജയകൃഷ്ണപിള്ള, എന്‍. അജയകുമാര്‍, എ. വിജയന്‍, എം.എ സലാം, എം.എസ് ഷൗക്കത്ത്, സദാനന്ദന്‍, സംഘാടക സമിതി കണ്‍വീനര്‍ എന്‍. പ്രസന്നന്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."