കനത്ത മഴ താഴ്ന്ന പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കുന്നു
വൈക്കം: രണ്ടുദിവസമായി തിമിര്‍ത്തുപെയ്യുന്ന മഴ താഴ്ന്ന പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കുന്നു. ഉദയനാപുരം, തലയോലപ്പറമ്പ്, വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളിലാണ് നാശം ഏറ്റവുമധികം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ രണ്ടുദിവസമായി തകര്‍ത്തുപെയ്യുന്ന മഴ ഉദയനാപുരം പഞ്ചായത്തിനെയാണ് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ വാഴമന, കൊടിയാട്, വൈക്കപ്രയാര്‍, പടിഞ്ഞാറെക്കര, മുട്ടുങ്കല്‍, തേനാമിറ്റം പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കിയിരിക്കുകയാണ്. നാട്ടുതോടുകള്‍ നികത്തിയതും നിലവിലുള്ള നാട്ടുതോടുകളില്‍ നീരൊഴുക്ക് നിലച്ചതുമെല്ലാമാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.
പനി ഉള്‍പ്പെടെയുള്ള അസുഖങ്ങളും ഈ പ്രദേശങ്ങളില്‍ തല പൊക്കുന്നുണ്ട്. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളൊന്നും കാര്യമായ രീതിയില്‍ നടന്നില്ലെന്ന ആക്ഷേപമുണ്ട്. നാലുവശവും വെള്ളം നിറയുമ്പോഴും ഇവിടെയെല്ലാം കുടിവെള്ള ക്ഷാമവുമുണ്ട്. വാട്ടര്‍ അതോറിട്ടി കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കാന്‍ റോഡുകള്‍ വെട്ടിപ്പൊളിച്ചത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും വെട്ടിലാക്കിയിരിക്കുകയാണ്. ഭൂരിഭാഗം ഗ്രാമീണ റോഡുകളും കാല്‍നട യാത്രപോലും സാധ്യമല്ലാത്തവിധം തകര്‍ന്നുകിടക്കുന്നു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ കോരിക്കല്‍, പഴമ്പെട്ടി, തേവലക്കാട് പ്രദേശങ്ങളിലുള്ളവരുടെ അവസ്ഥ തീര്‍ത്തും ദയനീയമാണ്. ഈ ഭാഗത്തെ ഭൂരിഭാഗം വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വീടുകളുടെ മുറ്റം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്‌കൂളിലേക്കുള്ള യാത്ര വെല്ലുവിളികള്‍ നിറഞ്ഞതാണ്.
കോരിക്കല്‍ പഴമ്പെട്ടി നിവാസികളുടെ വെള്ളപ്പൊക്ക കെടുതികള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുവാന്‍ കാലങ്ങളായി കോടിക്കണക്കിന് രൂപയുടെ ഫണ്ടുകള്‍ ഉപയോഗിച്ച് പലതരത്തിലുള്ള പണികള്‍ നടത്താറുണ്ടെങ്കിലും ഇതൊന്നും ഒരു തരത്തിലുമുള്ള ഗുണവും ഇവര്‍ക്ക് ഉണ്ടാക്കിയിട്ടില്ല. പഞ്ചായത്തിലെ പ്രധാന നാട്ടുതോടായ കുറുന്തുറ പുഴയില്‍ നീരൊഴുക്ക് നിലച്ചതോടെയാണ് മഴക്കാലം ഇവര്‍ക്ക് ഇത്രയധികം വെല്ലുവിളിയായി തീര്‍ന്നത്. അടിയം ഭാഗത്തും വെള്ളപ്പൊക്ക കെടുതികള്‍ ഉയരുന്നുണ്ട്.
തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളിലും മഴ നാശം വിതക്കുകയാണ്. വെച്ചൂര്‍ പഞ്ചായത്തിലെ നെല്‍കര്‍ഷകരെയാണ് തിമിര്‍ത്തുപെയ്യുന്ന മഴ വേവലാതിപ്പെടുത്തുന്നത്. കാരണം പാടശേഖരത്തില്‍ നിറയുന്ന വെള്ളം യഥാസമയത്ത് വറ്റിക്കാന്‍ കഴിയാതെ വരുന്നു. ചെറിയ കാറ്റും മഴയും ഉണ്ടായാല്‍ വൈദ്യുതി നിലക്കുന്നതാണ് കര്‍ഷകരെ ബാധിക്കുന്ന പ്രശ്‌നം. കനത്ത മഴയില്‍ വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് വടകര പുതുവല്‍കോളനി മഠത്തില്‍ വീട്ടില്‍ റെജിയുടെ വീടിന്റെ ഒരു ഭാഗം് ഇടിഞ്ഞുവീണു. അപകടം നടക്കുന്ന സമയത്ത് വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."