അധികൃതരുടെ അനാസ്ഥ: വില്ലേജ് ഓഫിസ് കെട്ടിടം നോക്കുകുത്തിയായി
പെരിയ: അധികൃതരുടെ അനാസ്ഥ കാരണം വില്ലേജ് ഓഫിസ് കെട്ടിടം നോക്കുകുത്തിയായി മാറി. പെരിയ വില്ലേജ് ഓഫിസ് കെട്ടിടമാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും അനാസ്ഥ കാരണം പ്രവര്‍ത്തനം തുടങ്ങാത്തത്. നിലവിലുള്ള കെട്ടിടം അപകടത്തിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിരുന്നില്ല.
ഇതേ തുടര്‍ന്ന് കെട്ടിടത്തിന്റെ അപകടാവസ്ഥയും ജീവനക്കാരുടെയും വില്ലേജ് ഓഫിസിനെ ആശ്രയിക്കുന്നവരുടെയും ഭീതിയും ചൂണ്ടികാട്ടി രണ്ടി വര്‍ഷം മുന്‍പ് മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയതോടെയാണ് അധികൃതര്‍ പുതിയ കെട്ടിടം പണിയാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പെരിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് എതിര്‍വശത്തായി പുതിയ കെട്ടിടം സ്ഥാപിക്കുകയും ചെയ്തു.
കെട്ടിടം പണി പൂര്‍ത്തിയായിട്ടും ഇതിന്റെ ഉദ്ഘാടനം അധികൃതര്‍ നടത്തിയിരുന്നില്ല. ഇത് സംബന്ധമായി സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് ഒരാഴ്ചക്കകം തന്നെ കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി നിര്‍വഹിച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം 24ന് ആണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഒരു മാസം പൂര്‍ത്തിയാകാറായിട്ടും പുതിയ കെട്ടിടത്തില്‍ വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
കെട്ടിടത്തില്‍ വൈദ്യുതി കണക്ഷനും ആവശ്യത്തിന് ഫര്‍ണിച്ചറുകളും കിട്ടാത്തതാണ് പുതിയ കെട്ടിടത്തില്‍ വില്ലേജ് പ്രവര്‍ത്തനം തുടങ്ങാത്തതെന്നു ജീവനക്കാര്‍ പറയുന്നു. ആവശ്യമായ ഫര്‍ണിച്ചറുകള്‍ വാങ്ങാനുള്ള അനുമതി ലഭിക്കുകയും കെട്ടിടത്തില്‍ വൈദ്യുതി ലഭിക്കുകയും ചെയ്താല്‍ മാത്രമേ പുതിയ കെട്ടിടത്തില്‍ വില്ലേജ് ഓഫിസ് പ്രവര്‍ത്തനം തുടങ്ങുകയുള്ളൂ.
അതേ സമയം സംസ്ഥാനത്തെ തന്നെ മാതൃകാ വില്ലേജ് ഓഫിസാണ് പെരിയയിലേതെന്നു ഉദ്ഘാടന സമയത്ത് മന്ത്രി പറഞ്ഞിരുന്നെങ്കിലും മാതൃകാ ഓഫിസ് പ്രവര്‍ത്തനം എപ്പോള്‍ തുടങ്ങുമെന്നറിയാതെ ആശങ്കയിലാണ് വില്ലേജ് ഓഫിസ് ജീവനക്കാരും പൊതു ജനങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."