ഡി.എം.ഡി.കെ ഏതു മുന്നണിയില്‍; രണ്ടു ദിവസത്തിനകം നിലപാട് വ്യക്തമാക്കുമെന്ന് വിജയകാന്ത്
ചെന്നൈ: തമിഴ്നാട്ടില്‍ നടന് വിജയകാന്തിന്റെ ഡി.എം.ഡി.കെ (ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം) പാര്‍ട്ടി ഏത് മുന്നണിയിലാണെന്ന കാര്യത്തില്‍ അനിശ്ചിതത്വം. വിലപേശല്‍ രാഷ്ട്രീയവുമായി ഡി.എം.ഡി.കെ രണ്ട് മുന്നണികളിലും എത്തിയിട്ടുണ്ടെങ്കിലും ആര്‍ക്കും ഉറപ്പു നല്കാന് ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ റാലിയുടെ പോസ്റ്ററുകളില്‍ എന്‍.ഡി.എ മുന്നണയില്‍ വിജയകാന്തിന്റെ പേരും ഫോട്ടോയും ഉള്‍പെടുത്തിയിരുന്നു. അതിനു മുന്‍പ് ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യത്തില്‍ ചേരുന്നതിനായി ചര്‍ച്ച നടത്തിയും അദ്ദേഹം വിലപേശല്‍ രാഷ്ട്രീയം ശക്തമാക്കിയിരുന്നു.
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏതു മുന്നണിക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനകം നിലപാട് വ്യക്തമാക്കുമെന്നാണ് ഇപ്പോള്‍ ഡി.എം.ഡി.കെ പറഞ്ഞത്. എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യത്തിനൊപ്പം ചേരുമെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം ഇന്നലെ ഡി.എം.കെയുമായി ചര്‍ച്ച നടത്തിയതായാണ് വിവരം.
ഡി.എം.ഡി.കെ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് അണ്ണാ ഡി.എം.കെ പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഇന്നലെ വിജയകാന്ത് വ്യക്തമാക്കിയത്. ഇതിനിടയില്‍ വിജയകാന്ത് ചര്‍ച്ച നടത്തിയതായി ഡി.എം.കെ അറിയിച്ചതോടെ മുന്നണികളില്‍ ആശയക്കുഴപ്പവും രൂക്ഷമായി. എന്നാല്‍ ഏതു മുന്നണിയില്‍ ചേരുമെന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കുമെന്ന് വിജയകാന്ത് അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ക്കായി ഡി.എം.ഡി.കെ രണ്ടു മുന്നണികളുമായി വിലപേശല്‍ തുടരുകയാണെന്നാണ് സൂചന. അര്‍ഹമായ പ്രാതിനിധ്യമില്ലെങ്കില്‍ ഒരു മുന്നണിയിലും ചേരാതെ തനിച്ചു മത്സരിക്കാന്‍ തയാറാണെന്ന് വിജയകാന്തിന്റെ ഭാര്യയും പാര്‍ട്ടി ട്രഷററുമായ പ്രേമലത വ്യക്തമാക്കിയിട്ടുണ്ട്.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിച്ചപ്പോള്‍ ഡി.എം.ഡി.കെയ്ക്ക് 10 ശതമാനം വോട്ടുകള്‍ നേടാനായിട്ടുണ്ട്. 2011ല്‍ അണ്ണാ ഡി.എം.കെ സഖ്യത്തിലും 2014ല്‍ എന്‍.ഡി.എ മുന്നണിയിലും ചേര്‍ന്നാണ് മത്സരിച്ചിരുന്നത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലൊഴികെ മത്സരിച്ചപ്പോഴെല്ലാം ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."