ഹാര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്
സൂറത്ത്: പട്ടേല്‍ സമുദായത്തെ അനുനയിപ്പിച്ച് തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള നീക്കം ബി.ജെ.പി ശക്തമാക്കിയിരിക്കെ പട്ടീദാര്‍ അനാമത് ആന്ദോളന് സമിതി നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരുന്നു. ഇതുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകരുമായി അദ്ദേഹം കൂടിയാലോചന നടത്തി. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായും ചര്‍ച്ച നടത്തും. പട്ടീദാര്‍ അനാമത് ആന്ദോളന് സമിതിയിലെ ഒന്‍പത് അംഗങ്ങളടങ്ങുന്ന കോര്‍ ഗ്രൂപ്പിലെ അഞ്ചുപേരും ഹാര്ദ്ദികിനൊപ്പം കോണ്‍ഗ്രസില്‍ ചേരും.
ഗുജറാത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച 77 അംഗങ്ങളില്‍ മൂന്നുപേര്‍ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. കന്‍വര്‍ജി ബവാലിയ ആണ് ആദ്യമായി ബി.ജെ.പിയിലേക്ക് ചേക്കേറിയത്. പിന്നാലെ ഉന്ഝാ എം.എല്‍.എ ആശാ പട്ടേലും അടുത്തിടെ തലാലാ എം.എല്‍.എ ബാഗാഭായി ബരാദും ബി.ജെ.പിയില്‍ ചേര്‍ന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നില അത്രമെച്ചമല്ലെന്ന അവസ്ഥയിലായിരിക്കെയാണ് ഹാര്‍ദ്ദിക് കോണ്‍ഗ്രസിലേക്കു വരുന്നത്. ഇതോടെ സംസ്ഥാനത്തെ പട്ടേല്‍ സമുദായ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസില്‍ ചേരുന്ന കാര്യം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ഹാര്‍ദ്ദിക് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി തങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുമെന്നും തുടര്‍ന്നായിരിക്കും പാര്‍ട്ടിയില്‍ ചേരുന്ന കാര്യം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കാര്യവും ഹാര്‍ദ്ദിക് വ്യക്തമാക്കി. ഈ മാസം 12ന് അഹമ്മദാബാദില്‍ നടക്കുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ രാഹുല്‍, പ്രിയങ്ക തുടങ്ങിയവര്‍ സംബന്ധിക്കും. ഈ യോഗത്തില്‍ വച്ചായിരിക്കും ഹാര്‍ദ്ദിക്കിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."