പാറ്റൂര്‍കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് വിജിലന്‍സ്
കൊച്ചി: പാറ്റൂരിലെ വിവാദ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും ഉടമസ്ഥത സംശയകരമാണെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. പാറ്റൂര്‍ ഭൂമിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് നല്കിയ ഹരജിയിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കി വിശദീകരണം നല്‍കിയത്.
വിവാദഭൂമിയുമായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ വില്ലേജ് ഓഫിസിലെ രേഖകളില്‍ കൃത്രിമം കാട്ടിയെന്നും തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സ്വീവേജ് പൈപ്പ് കടന്നു പോകുന്നത് സര്‍ക്കാര്‍ ഭൂമിയിലൂടെയാണെന്ന് ജലവിഭവ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. പൈപ്പ് ലൈന്‍ കടന്നുപോകുന്നത് സ്വകാര്യ ഭൂമിയിലൂടെയാണെന്ന് റവന്യൂ വകുപ്പും സ്വകാര്യ ബില്‍ഡറും പറയുന്നതില്‍ കഴമ്പില്ല. സ്വകാര്യ ഭൂമിയാണെന്നതിന് ഹാജരാക്കിയ റവന്യൂ രേഖയില്‍ പൊരുത്തക്കേടുണ്ടെന്ന് രജിസ്ട്രേഷന് വിഭാഗം ഐ.ജി അറിയിച്ചിരുന്നു. ഇതു വ്യാജമാണെന്നാണ് സംശയം.
ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ട്. അക്കാലത്ത് ഭൂമി സര്ക്കാരിന്റേതായിരുന്നെന്ന് വ്യക്തമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടെന്നും വിജിലന്‍സ് ഡിവൈ.എസ്.പി ജി.എല്‍. അജിത്കുമാര്‍ നല്കിയ വിശദീകരണ പത്രികയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."