തയാറായിരിക്കാന്‍ സേനയോട് അഫ്ഗാന് പ്രസിഡന്റ് സമാധാന കരാറില്‍ വീണ്ടും ഉലച്ചില്‍?
കാബൂള്‍: അഫ്ഗാനില്‍ ഭീകരാക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ താലിബാന് അടക്കമുള്ള സംഘടനകള്‍ക്കെതിരേ വീണ്ടും അഫ്ഗാന്റെ നീക്കം. ഇത്തരം സംഘങ്ങള്‍ക്കെതിരേ പ്രത്യാക്രമണത്തിന് തയാറായിരിക്കാന്‍ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി സൈന്യത്തിന് നിര്‍ദേശം നല്കി.
ഇതോടെ, അമേരിക്കയും താലിബാനും തമ്മില്‍ നേരത്തെ ഒപ്പുവച്ച സമാധാന കരാറിന്റെ ഭാവി വീണ്ടും തുലാസിലായിരിക്കുകയാണ്.കഴിഞ്ഞ ദിവസം അഫ്ഗാനില്‍ നടന്ന രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ അന്‍പതിലേറെ പേര് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ കാബൂളിലെ പ്രസവാശുപത്രിയില്‍ നടന്ന ഭീകരാക്രമണത്തില്‍ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 24 പേരാണ് കൊല്ലപ്പെട്ടിരുന്നത്.
ഇതിനു പിന്നാലെയാണ് അഫ്ഗാന് പ്രസിഡന്റ് സൈന്യത്തിനു പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. ശത്രുക്കള്‍ക്കെതിരേ പ്രത്യാക്രമണം നടത്തുന്നതിന് ഒരുങ്ങിയിരിക്കാന്‍ സൈന്യത്തോട് താന്‍ ഉത്തരവിട്ടെന്നായിരുന്നു അഷ്റഫ് ഗനി അറിയിച്ചത്.നേരത്തെ, കഴിഞ്ഞ ദിവസം അഫ്ഗാനില്‍ ഒരു പൊലിസ് ഉദ്യോഗസ്ഥന്റെ സംസ്കാര ചടങ്ങിലുണ്ടായ സ്ഫോടനത്തില്‍ അന്‍പതോളം പേരും കാബൂളിലെ ആശുപത്രിയിലുണ്ടായ വെടിവയ്പില്‍ 24 പേരുമാണ് കൊല്ലപ്പെട്ടിരുന്നത്. രണ്ടു സംഭവങ്ങളിലുമായി നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പിഞ്ചു കുഞ്ഞുങ്ങളടക്കം കൊല്ലപ്പെട്ടതോടെ സംഭവത്തില്‍ ശക്തമായ അന്താരാഷ്ട്ര പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് താലിബാന് വ്യക്തമാക്കിയതിനു പിന്നാലെ, ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ് രംഗത്തെത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."