നമുക്ക് വാളുകളെ കലപ്പകളാക്കി മാറ്റാം'
മൗലാന അബുല്‍ കലാം ആസാദ് തന്റെ 'ഇന്ത്യ വിന്‍സ് ഫ്രീഡം' എന്ന കൃതിയില്‍ ഒരു സംഭവം അനുസ്മരിക്കുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരികൊള്ളുന്ന കാലത്ത് ഗാന്ധിജി അന്നത്തെ വൈസ്രോയി ലിന്‍ലിത്ത്‌ഗോ പ്രഭുവിനെ സന്ദര്‍ശിച്ചു. ഹിറ്റ്‌ലറെ നേരിടാന്‍ ബ്രിട്ടീഷ് ജനത ആയുധം ഉപേക്ഷിക്കണമെന്നും ആത്മശക്തി കൊണ്ടാണ് നാസി ശക്തിയെ നേരിടേണ്ടതെന്നും ഗാന്ധി വൈസ്രോയിയോട് പറഞ്ഞു. ഈ നിര്‍ദേശം കേട്ട് ഞെട്ടിപ്പോയ വൈസ്രോയി മൗനിയായി ഇരുന്നുപോയി. സാധാരണ തന്റെ എ.ഡി.സിയെ വിളിച്ചു ഗാന്ധിജിയെ അദ്ദേഹത്തിന്റെ കാറുവരെ അനുഗമിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ എ.ഡി.സിയെ വിളിക്കുകയോ യാത്ര പറയുകയോ ഉണ്ടായില്ല. ഗാന്ധിജി ഏകാകിയായി തന്റെ കാറിനടുത്തേക്ക് നടന്നു പോയി.
ഇന്ത്യയില്‍ യുദ്ധക്കൊതിയുടെ ആസുരമായ ഭ്രാന്ത് കാട്ടുതീ പോലെ വ്യാപിക്കുകയും ഇന്ത്യയും പാകിസ്താനും ഭ്രാതൃഹത്യാപരമായ കലഹത്തില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ ആരുംതന്നെ ഗാന്ധിജിയെ പോലെ അസാധാരണമായ ആശയങ്ങള്‍ അവതരിപ്പിക്കുന്നില്ല എന്നത് ഏറെ ദുഃഖകരമാണ്. യുദ്ധങ്ങളുടെ അര്‍ഥരാഹിത്യത്തെ പറ്റി ചിന്തിക്കുകയും യുദ്ധവും സൈനികരും പടക്കോപ്പുകളും ഇല്ലാത്ത ഒരു ലോകത്തെ നാം സ്വപ്‌നം കാണുകയും ചെയ്യാത്തത് എന്തുകൊണ്ടാണ്.
ലിയോ ടോള്‍സ്റ്റോയ് തന്റെ 'മണ്ടന്‍ ഇവാന്‍' എന്ന കഥയില്‍ യുദ്ധത്തിന്റെയും സൈന്യത്തിന്റെയും നിരര്‍ഥതയെ പരിഹരിക്കുന്നുണ്ട്. മൂന്ന് സഹോദരന്മാര്‍ സൈനികനായ സൈമണ്‍, കച്ചവടക്കാരനായ തറസ്, മണ്ടനായ ഇവാന്‍ എന്നിവര്‍ മൂന്നു രാജ്യങ്ങളിലെ രാജാക്കന്മാരായി മാറുന്നു. അസൂയാലുവായ പിശാച് സൈമണെ അവന്റെ സൈനിക മോഹം കൊണ്ടും തറസിനെ അവന്റെ ധന മോഹം കൊണ്ടും നശിപ്പിക്കുന്നു. എന്നാല്‍ മണ്ടനായ ഇവാനെ മാത്രം പിശാചിന് ഒന്നും ചെയ്യാനായില്ല. പിശാച് ഇവാനെ സൈന്യം രൂപീകരിക്കാന്‍ പ്രേരിപ്പിച്ചു. സൈന്യം അനാവശ്യമാണ് എന്നായിരുന്നു ഇവാന്റെ നിലപാട്. അങ്ങനെ ഇവാന്റെ രാജ്യം സൈന്യമില്ലാത്ത രാജ്യമായി നിലനിന്നു.
പിശാച് അടുത്ത തന്ത്രം പയറ്റി. അയല്‍രാജ്യമായ തരാക്കാനിലെ രാജാവിനെ മണ്ടന്‍ ഇവാന്റെ രാജ്യത്തെ ആക്രമിക്കാന്‍ പ്രേരിപ്പിച്ചു. സര്‍വായുധ സജ്ജരായ തരാക്കന്‍ സൈന്യം ഇവാന്റെ രാജ്യത്തെ ആക്രമിച്ചു. എന്നാല്‍ മണ്ടന്മാരായ ഇവാന്റെ പ്രജകള്‍ തരാക്കന്‍ സൈന്യത്തെ ഭക്ഷണവും ആതിഥ്യവും നല്‍കി സ്വീകരിക്കുകയാണ് ഉണ്ടായത്. ആരും ഒരു പ്രതിരോധവും നടത്തിയില്ല. ''ഇത് കറിക്ക് പയറ് മുറിക്കുന്നത് പോലെ അരസ പരിപാടിയാണല്ലോ''എന്ന് മുറുമുറുത്ത് സൈനികര്‍ തിരിച്ചു പോയി. തരാക്കന്‍ രാജാവ് ഗ്രാമങ്ങള്‍ ചുട്ടെരിക്കാന്‍ ഉത്തരവിട്ടു. അപ്പോഴും ഇവാന്റെ പ്രജകള്‍ പ്രതിരോധിച്ചില്ല; അവര്‍ കരഞ്ഞു. മനം മടുത്ത സൈനികര്‍ അക്രമം നിര്‍ത്തി ഓടിപ്പോയി. അങ്ങനെ വലിയ സൈന്യം ഉണ്ടായിരുന്ന സൈമന്റെ രാജ്യം നശിക്കുകയും ഒറ്റ പട്ടാളക്കാരനും ഇല്ലാതിരുന്ന മണ്ടന്‍ ഇവാന്റെ രാജ്യം അതിജീവിക്കുകയും ചെയ്തു.
ടോള്‍സ്റ്റോയിയുടെ സൈന്യമില്ലാത്ത രാജ്യം എന്ന ആശയം ഒരു ദിവാസ്വപ്‌നമായി തോന്നാം. എന്നാല്‍ സൈന്യമില്ലാത്ത പതിനഞ്ച് രാജ്യങ്ങള്‍ ലോകത്ത് ഇന്നുണ്ട്. അവയില്‍ മിക്കതും കൊച്ചു രാജ്യങ്ങളാണ്. എന്നാല്‍ ഐസ്‌ലാന്‍ഡ്, കോസ്റ്റ റിക്ക തുടങ്ങിയ വലിയ രാജ്യങ്ങളും കൂട്ടത്തിലുണ്ട്. അതിലൊന്നാണ് മധ്യ യൂറോപ്പിലെ രാജ്യമായ ലീക്റ്റന്‍സ്‌റ്റൈന്‍. 1868ല്‍ എന്‍പത് അംഗങ്ങളുണ്ടായിരുന്ന സൈന്യത്തെ ലീക്റ്റന്‍സ്‌റ്റൈന്‍ പിരിച്ചു വിട്ടു; നിത്യമായ നിഷ്പക്ഷത പ്രഖ്യാപിച്ചു. രണ്ടു ലോകമഹായുദ്ധങ്ങളിലും ഈ രാജ്യം നിഷ്പക്ഷത പാലിച്ചു. അവസാനത്തെ പട്ടാളക്കാരനായ ആന്‍ഡ്രിയാസ് കെയ്‌ബെര്‍ സേവനത്തില്‍നിന്ന് പിരിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഒരു മെഴുകുപ്രതിമ നിര്‍മിച്ച് രാജകൊട്ടാരത്തിന്റെ കവാടത്തില്‍ പ്രതിഷ്ഠിച്ചു. ആ പ്രതിമയാണ് രാജ്യത്തിന്റെ ഏകനായ അനശ്വരനായ പട്ടാളക്കാരന്‍.
കോസ്റ്ററിക്കയാണ് അനുകരണീയമായ മറ്റൊരു മാതൃക. മധ്യ അമേരിക്കയിലെ മറ്റു രാജ്യങ്ങളെല്ലാം ദാരിദ്ര്യത്തിലും രാഷ്ട്രീയ അസ്ഥിരതയിലും നട്ടം തിരിയുമ്പോള്‍ കോസ്റ്ററിക്ക സമ്പന്നവും ശാന്തവുമായി നിലകൊള്ളുന്നു. 2018 ലെ ലോക സന്തോഷ സൂചികയില്‍ 13 മത് സ്ഥാനത്തും ലാറ്റിനമേരിക്കയില്‍ ഒന്നാം സ്ഥാനത്തുമാണ് കോസ്റ്ററിക്ക. ജീവിത നിലവാരത്തില്‍ മധ്യ അമേരിക്കന്‍ രാജ്യങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ് ഈ രാജ്യം. ഇതിന് കാരണം ഈ രാജ്യത്തിന് വിഭവങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഒരു സൈന്യമില്ല എന്നതാണ്. 1948 ല്‍ കോസ്റ്ററിക്ക അവരുടെ സൈന്യം പിരിച്ചു വിട്ടു. മിച്ചം വന്ന ഭീമമായ തുക വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളില്‍ ചെലവഴിച്ചു. ഫലമോ ഈ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടം തന്നെ നടത്തി. കോസ്റ്ററിക്കയുടെ അയല്‍രാജ്യമായ പാനമയുമായുള്ള അതിര്‍ത്തി സൈനിക വിമുക്തമാക്കി. 1989 ല്‍ പാനമയും സൈന്യത്തെ പിരിച്ചു വിട്ടു. ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ടതാണ്.
കോസ്റ്ററിക്ക പോലുള്ള രാജ്യങ്ങളുടെ അനുഭവത്തില്‍നിന്ന് മറ്റൊരു ചോദ്യം ഉത്ഭവിക്കുന്നു. എന്തുകൊണ്ട് ലോകത്തെ മുഴുവന്‍ സൈനിക വിമുക്തമാക്കിക്കൂടാ. ഇതിന് ആദ്യം യുദ്ധം എന്ന ആശയത്തെ തന്നെ നിയമ വിരുദ്ധമാക്കി മാറ്റണം. ഇരുപതാം നൂറ്റാണ്ടു വരെ ലോകത്ത് പല രാജ്യങ്ങളിലും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കക്ഷികള്‍ തമ്മില്‍ ദ്വന്ദ്വയുദ്ധം നടത്തുന്നത് നിയമവിധേയമായിരുന്നു. അമേരിക്കയുടെ ഏഴാമത്തെ പ്രസിഡന്റായ ആന്‍ഡ്രൂ ജാക്‌സണ്‍ 1806ല്‍, തന്റെ ഭാര്യയെ അപവാദം പറഞ്ഞ ഒരാളെ ദ്വന്ദ്വയുദ്ധത്തില്‍ വധിക്കുകയുണ്ടായി. അത് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തെ ബാധിച്ചതേയില്ല. 1804ല്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആരോണ്‍ ബര്‍ അമേരിക്കയുടെ സ്ഥാപക പിതാക്കളില്‍ ഒരാളായ അലക്‌സാണ്ടര്‍ ഹാമില്‍ട്ടനെ ദ്വന്ദ്വയുദ്ധത്തില്‍ വധിക്കുകയുണ്ടായി.
എന്നാല്‍ സംസ്‌കാരത്തിന്റെ സ്വാഭാവിക വളര്‍ച്ചയില്‍ ദ്വന്ദ്വയുദ്ധം നിയമവിരുദ്ധമായി. ദ്വന്ദ്വയുദ്ധത്തിനും യുദ്ധത്തിനും ഒരേ യുക്തിപരമായ അടിസ്ഥാനമാണ് ഉണ്ടായിരുന്നത്. വ്യക്തികള്‍ തമ്മിലുള്ള ദ്വന്ദ്വയുദ്ധം നിയമവിരുദ്ധമെങ്കില്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ദ്വന്ദ്വയുദ്ധം നിയമവിധേയമാകുന്നത് എങ്ങനെ?
അന്താരാഷ്ട്രനിയമത്തെ ശക്തിപ്പെടുത്തുകയും യുദ്ധം എന്ന ശാപത്തെ ഇല്ലാതാക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു ആഗോള ഭരണകൂടം സ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു അന്താരാഷ്ട്ര പൊലിസും ലോക കോടതിയും സ്ഥാപിക്കേണ്ടതുണ്ട്. ഇതൊരു അപ്രായോഗിക ആശയമായി തോന്നാം. എന്നാല്‍ 1865 ല്‍ ജൂള്‍സ് വെര്‍നെ 'ഫ്രം ദി എര്‍ത്ത് ടു ദി മൂണ്‍' എന്ന ശാസ്ത്രനോവലില്‍ ചന്ദ്ര പര്യവേക്ഷണം എന്ന ആശയം അവതരിപ്പിച്ചപ്പോള്‍ അത് ഇതിനേക്കാള്‍ അപ്രായോഗികമായ ആശയമായിരുന്നു. ചന്ദ്രപര്യവേക്ഷണം സാധ്യമാക്കിയ മനുഷ്യന് എന്തുകൊണ്ട് യുദ്ധവും സൈന്യവും ഇല്ലാത്ത ഒരു ആഗോള ഭരണകൂടത്തിന് കീഴിലുള്ള ലോകം സാധ്യമാക്കി ക്കൂട. മാനവ സ്ഥാപനങ്ങള്‍ കുടുംബത്തില്‍ നിന്നാണ് ആരംഭിച്ചത്. അത് പിന്നീട് വംശവും ഗോത്രവുമായി. തുടന്ന് ഫ്യൂഡല്‍ രാഷ്ട്രവും ദേശ രാഷ്ട്രവുമായി വളര്‍ന്നു. സ്വാഭാവികമായി അടുത്ത പടി സര്‍വമാനവരാശിയേയും ഉള്‍കൊള്ളുന്ന ആഗോള രാഷ്ട്രമാണ്. അത് സംഭവിച്ചില്ലെങ്കില്‍ മാനവ സംസ്‌കാരത്തിന്റെ വളര്‍ച്ച മുരടിച്ചു എന്നാണ് മനസിലാക്കേണ്ടത്. ആണവായുധങ്ങള്‍ അടക്കമുള്ള നശീകരണായുധങ്ങളുടെ വ്യാപനം ഈ ദിശയിലുള്ള ചിന്തയും ചലനവും അനിവാര്യമാക്കുന്നു.
ബെര്‍ട്രാന്‍ഡ് റസല്‍ അദ്ദേഹത്തിന്റെ 'മാനവരാശിയുടെ ഭാവി' എന്ന പ്രബന്ധത്തില്‍ ആണവായുധങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യരാശിക്ക് അതിവിദൂര ഭാവിയില്‍ സംഭവിക്കാവുന്ന മൂന്ന് സാധ്യതകള്‍ അവതരിപ്പിക്കുന്നുണ്ട്. ഒന്നുകില്‍ ഭൂമുഖത്തുള്ള മനുഷ്യര്‍ മുഴുവന്‍, ഒരുപക്ഷെ ജീവന്‍ മുഴുവന്‍, നശിച്ചു പോകാം. രണ്ട്, മനുഷ്യ സംസ്‌കാരം ശിലാ യുഗത്തിലേക്ക് മടങ്ങിപ്പോകാം. മൂന്ന്, മനുഷ്യ രാശിയെ മുഴുവന്‍ ഉള്‍കൊള്ളുന്ന ഒരു ആഗോള ഭരണകൂടം രൂപം കൊള്ളുക. ഒന്നാമത്തേയും രണ്ടാമത്തേയും സാധ്യതകള്‍ ഒഴിവാക്കാനുള്ള പ്രായോഗികമായ വഴി മൂന്നാമത്തെ സാധ്യതയെ സാക്ഷാത്കരിക്കുക എന്നതാണ്. സൈനിക ശക്തിയുടെയല്ല മറിച്ച് അന്താരാഷ്ട്രനിയമത്തിന്റെയും ഒരു ആഗോള ഭരണഘടനയുടെയും അടിസ്ഥാനത്തിലായിരിക്കണം പ്രസ്തുത ആഗോള ഭരണകൂടം.
അതുകൊണ്ട് യുദ്ധവും സൈനികരും ആയുധപ്പുരകളുമില്ലാത്ത ഒരു ലോകം നമുക്ക് സ്വപ്‌നം കാണാം. നമുക്ക് ഇങ്ങനെ പ്രാര്‍ഥിക്കാം: ''മണ്ടന്‍ ഇവാന്‍, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ ഇച്ഛ നടപ്പാക്കപ്പെടേണമേ, യുദ്ധത്തിന്റെയും അക്രമത്തിന്റെയും പൈശാചിക പ്രേരണകളില്‍നിന്ന് ഞങ്ങളെ മോചിപ്പിക്കേണമേ''.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."