ശ്രീ ശ്രീ രവിശങ്കറിന്റെ പഴയ അഭിമുഖം വീണ്ടും വിവാദത്തില്‍
ബാബരി പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച മൂന്നുപേരും തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍. കക്ഷികള്‍ നല്‍കിയ എല്ലാ പേരുകളും തള്ളിക്കൊണ്ടാണ്
ദക്ഷിണേന്ത്യക്കാരായ മൂന്നുപേരുകള്‍ സുപ്രിംകോടതി സ്വയം തിരഞ്ഞെടുത്തിരിക്കുന്നത്.
'ഹിന്ദുക്കള്‍ക്കെതിരേ വിധി വന്നാല്‍
ഇവിടെ ചോരപ്പുഴയൊഴുകും'
ബാബരി ഭൂമി തര്‍ക്കം പരിഹരിക്കാനുള്ള മധ്യസ്ഥ സമിതിയില്‍ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിനെ ഉള്‍പ്പെടുത്തിയതോടെ ബാബരിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പഴയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വീണ്ടും വിവാദമാകുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ രവിശങ്കര്‍ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖമാണ് വീണ്ടും പൊങ്ങിവന്നിരിക്കുന്നത്. അയോധ്യാ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയയാവുമെന്നും ഹിന്ദുക്കള്‍ക്കെതിരേ വിധി വന്നാല്‍ ഇവിടെ ചോരപ്പുഴയൊഴുകുമെന്നുമാണ് രവിശങ്കര്‍ പറഞ്ഞത്.
മുസ്‌ലിംകള്‍ ബാബരി ഭൂമി രാമക്ഷേത്രം പണിയാന്‍ ഹിന്ദുക്കള്‍ക്കു വിട്ടുകൊടുക്കണമെന്നും അതിനു പകരം അയോധ്യയില്‍ മറ്റൊരിടത്ത് അഞ്ചേക്കര്‍ ഭൂമി പള്ളിപണിയാന്‍ നല്‍കാമെന്നുമുള്ള ഓഫര്‍ രവിശങ്കര്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു. വിശ്വഹിന്ദുപരിഷത്തും അതേ ഓഫറാണ് മുന്നോട്ടുവയ്ക്കുന്നത്. അയോധ്യ മുസ്‌ലിംകളുടെ വിശ്വാസവുമായി ബന്ധപ്പെട്ട സ്ഥലമല്ല. രാമന്റെ ജന്മസ്ഥലം അവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാന്‍ കഴിയില്ല. ഇസ്‌ലാമിക വിധി പ്രകാരം തര്‍ക്കമുള്ള സ്ഥലത്ത് നിസ്‌കരിക്കാന്‍ പാടില്ലെന്നും അതിനാല്‍ അവിടെ പള്ളി പണിയുന്നത് ശരിയല്ലെന്നും രവിശങ്കര്‍ വാദിച്ചിരുന്നു.
രാമക്ഷേത്രം പണിയുന്നതിനെതിരേ വിധി വന്നാല്‍ അവിടെ രക്തപ്പുഴയൊഴുകും. ഹിന്ദുഭൂരിപക്ഷം വിധി അംഗീകരിക്കുമെന്നാണോ കരുതുന്നത്. അവരുടെ ദേഷ്യമെല്ലാം മുസ്‌ലിംകളോടാവും. മുസ്‌ലിംകള്‍ക്ക് എതിരേ വിധിവന്നാല്‍ അവര്‍ക്ക് തങ്ങള്‍ തോല്‍പ്പിക്കപ്പെട്ടതായി തോന്നാം. അതിനാല്‍ ആ ഭൂമി സ്വമേധയാ കൈമാറുന്നതാണ് നല്ലത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനും താന്‍ പറയുന്ന അഭിപ്രായത്തോട് യോജിപ്പാണെന്നും രവിശങ്കര്‍ പറഞ്ഞിരുന്നു. ഈ അഭിപ്രായം എന്‍.ഡി.ടി.വി, എ.എന്‍.ഐ തുടങ്ങിയവയ്ക്ക് നല്‍കിയ അഭിമുഖത്തിലും രവിശങ്കര്‍ ആവര്‍ത്തിച്ചിരുന്നു.
ജസ്റ്റിസ് ഫക്കീര്‍
മുഹമ്മദ് ഇബ്രാഹിം ഖലീഫുല്ല
ജസ്റ്റിസ് ഖലീഫുല്ലയായിരിക്കും മധ്യസ്ഥ സംഘത്തിന്റെ ചെയര്‍മാന്‍. ചെന്നൈയില്‍ നിയമം പഠിച്ച ഖലീഫുല്ല മദ്രാസ് ഹൈക്കോടതിയില്‍ ജസ്റ്റിസായി 2000ത്തിലാണ് നിയമിക്കപ്പെടുന്നത്. പിന്നീട് ജമ്മു-കശ്മിര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി.
2012 ഏപ്രിലില്‍ സുപ്രിംകോടതി ജഡ്ജിയായി നിയമിച്ചു. 2016 ജൂലൈ 22നാണ് സുപ്രിംകോടതിയില്‍നിന്ന് വിരമിക്കുന്നത്. ബി.സി.സി.ഐ കേസില്‍ ഖലീഫുല്ല നടത്തിയ ഉള്‍ക്കാഴ്ചയോടെയുള്ള ഇടപെടലുകളെക്കുറിച്ച് അന്നത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ എടുത്തുപറഞ്ഞിരുന്നു.
ശ്രീ ശ്രീ രവിശങ്കര്‍
ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകനായ രവിശങ്കര്‍ തഞ്ചാവൂരിലെ പാപനാശത്താണ് ജനിച്ചത്. 2018ന്റെ തുടക്കത്തില്‍ ബാബരി തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമം നടത്തിയിരുന്നു. മുസ്്‌ലിംകള്‍ ഭൂമി സ്വമേധയാ വിട്ടുകൊടുക്കണമെന്നായിരുന്നു ചര്‍ച്ചയില്‍ രവിശങ്കറിന്റെ നിര്‍ദേശം.
എന്നാല്‍ മുസ്്‌ലിംപക്ഷം അത് തള്ളി. ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനു കീഴില്‍ ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട് രവിശങ്കര്‍.
അഡ്വക്കറ്റ് ശ്രീറാംപഞ്ചു
ചെന്നൈയിലെ മുതിര്‍ന്ന അഭിഭാഷകനായ പഞ്ചു മധ്യസ്ഥതയിലെ വിദഗ്ധനായാണ് അറിയപ്പെടുന്നത്.
മധ്യസ്ഥ ചര്‍ച്ചകള്‍ക്കായുള്ള ദ മീഡിയേഷന്‍ ചേംബേഴ്‌സ് എന്ന സംഘടനയുടെ സ്ഥാപകനും അസോസിയേഷന്‍ ഫോര്‍ ഇന്ത്യന്‍ മീഡിയേറ്റേഴ്‌സിന്റെ പ്രസിഡന്റുമാണ്.
പഞ്ചു ഡയരക്ടറായി ഇന്റര്‍നാഷനല്‍ മീഡിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നൊരു സ്ഥാപനവുമുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച മീഡിയേറ്ററായാണ് പഞ്ചു അറിയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."