സത്താറയില്‍ ശിവജിയുടെ പിന്തുടര്‍ച്ചക്കാരന് ഇത്തവണ എളുപ്പമാകില്ല
പൂനെ: ഛത്രപതി ശിവജിയുടെ നേതൃത്വത്തിലുള്ള മറാത്ത സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു സത്താറ. അതുകൊണ്ടുതന്നെ മറാത്തക്കാരുടെ എക്കാലത്തേയും ഭരണാധികാരിയെന്ന് മാത്രമല്ല യോദ്ധാക്കളില്‍ യോദ്ധാവെന്ന് വിശേഷിപ്പിക്കുന്ന ശിവജിയുടെ രാജ്യത്തിന്റെ ആസ്ഥാനമായ സത്താറയെയും മറാത്തക്കാര്‍ വിസ്മരിക്കില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശിവജിയുടെ ആസ്ഥാനം നിലനിന്നിരുന്ന സത്താറ വീണ്ടും ശ്രദ്ധേയമാകുകയാണ്. ശിവജിയുടെ പിന്തുടര്‍ച്ചക്കാരനും എന്‍.സി.പി നേതാവുമായ ഉദയന്‍ രാജ് ഭോസ്‌ലെയാണ് ഇവിടെ അധികാരത്തിനായി ഗോദയിലിറങ്ങുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 5.22 ലക്ഷം വോട്ടുകള്‍ നേടിയാണ് ഉദയന്‍ രാജ് ഭോസ്‌ലെ ഇവിടെ നിന്ന് വിജയിച്ചത്. എതിരാളിയായ ശിവസേനയിലെ പുരുഷോത്തം ജാദവിന് ലഭിച്ചത് 1.55 ലക്ഷം വോട്ടുകളായിരുന്നു. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉദയന്‍ രാജിന് ലഭിച്ചത് 5.32 വോട്ടുകളായിരുന്നു. അന്നും എതിരാളി പുരുഷോത്തം ജാദവ് ആയിരുന്നു. അദ്ദേഹത്തിന് ലഭിച്ചത് 2.35 ലക്ഷം വോട്ടുകളായിരുന്നു.
വര്‍ഷങ്ങളായി സത്താറ എന്‍.സി.പിയുടെ ശക്തികേന്ദ്രമാണ്. അത് സാധ്യമായതാകട്ടെ ഭോസ്‌ലെയില്‍ കൂടിയായിരുന്നു. സത്താറയുടെ പശ്ചിമ ഭാഗം കാര്‍ഷിക മേഖലയാണ്. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഡാമുകളിലൊന്നായ കൊയാന ഡാം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ചെറുതും വലുതുമായ നദികളാല്‍ സമ്പന്നവുമാണ് സത്താറ. പ്രദാന ഹില്‍ സ്റ്റേഷനായ മഹാബലേശ്വറും ഈ മണ്ഡലത്തിലാണ്.
ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നതാണ് യാഥാര്‍ഥ്യം. ഉദയന്‍ രാജിന് ബന്ധുവും എന്‍.സി.പിയിലെ നിയമസഭാ സാമാജികനുമായ ശിവേന്ദ്രരാജ് ഭോസ്‌ലെ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. രാജകുടുംബാംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തെരഞ്ഞെടുപ്പിലും സ്വാധീനിക്കുമോയെന്നതാണ് ഇപ്പോള്‍ ഉയരുന്ന ആശങ്ക. ശിവേന്ദ്ര രാജയും അനുയായികളും ബി.ജെ.പിയിലേക്ക് പോയേക്കുമെന്ന വാര്‍ത്ത പുറത്തു വന്നിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ശിവേന്ദ്ര മുന്‍എന്‍.സി.പി നേതാവും ഇപ്പോള്‍ ബി.ജെ.പി എം.എല്‍.എയുമായ നരേന്ദ്ര പാട്ടീലുമായി ചര്‍ച്ച നടത്തിയത് എന്‍.സി.പിയില്‍ വലിയ വിവാദത്തിന് വഴിവച്ചിട്ടുണ്ട്.
എന്‍.സി.പിയില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ബി.ജെ.പി നേതൃത്വവും കൊണ്ടുപിടിച്ച ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന് ചുമതലപ്പെടുത്തിയത് നരേന്ദ്ര പാട്ടീലിനെയാണ്. തെരഞ്ഞെടുപ്പില്‍ ശിവസേനക്ക് അവര്‍ക്കിഷ്ടപ്പെട്ട മറ്റേതെങ്കിലും സീറ്റ് നല്‍കി ഇവിടെ പരീക്ഷണത്തിനിറങ്ങാനാണ് ഇപ്പോള്‍ ബി.ജെ.പിയുടെ തീരുമാനം. എന്നാല്‍ ശിവജിയുടെ പിന്തുടര്‍ച്ചക്കാരനെ മറികടക്കാന്‍ ഇവിടെ ബി.ജെ.പിക്ക് നന്നായി വിയര്‍ക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."