ഹജ്ജ് സേവന വിസക്ക് ഫീസ് വര്‍ദ്ധനവ് ഒഴിവാക്കുമെന്ന് സഊദി മന്ത്രി സഭ
റിയാദ്: ഹജ്ജ് സമയത്തെ വിവിധ സേവനങ്ങള്‍ക്കായി എത്തുന്ന ജോലിക്കാരുടെ വിസക്കുള്ള ഫീസുകള്‍ ഉയര്‍ത്തേണ്ടെന്ന് സഊദി മന്ത്രി സഭാ തീരുമാനം. രാജ്യത്തെ മുഴുവന്‍ വിസകള്‍ക്കും ഫീസുകള്‍ കുത്തനെ ഉയര്‍ത്തിയ ശേഷം ഹജ്ജ് സേവന വിസകളിലും ഇത് ബാധകമായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് ഇത് ഒഴിവാക്കി മുഴുവന്‍ വിസ ചിലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന തീരുമാനം കൈകൊണ്ടത്. സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീരുമാനം പുറപ്പെടുവിച്ചത്.
ഹജ്ജ് സമയത്തു ബലികര്‍മവും അതുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളും ചെയ്യാന്‍ എത്തുന്ന ജോലിക്കാരുടെ വിസ ഫീസ് അടുത്ത അഞ്ചു വര്‍ഷത്തേക്ക് സര്‍ക്കാര്‍ വഹിക്കാനാണ് തീരുമാനം. അഞ്ച് വര്‍ഷത്തെ കാലാവധി തീരുന്ന വേളയില്‍ വിസ ഫീസുമായി ബന്ധപ്പെട്ട നടപടി കൈകൊള്ളാന്‍ ധനകാര്യ മന്ത്രാലയത്തെ മന്ത്രിസഭ ചുമതലപ്പെടുത്തി. നേരത്തെ തന്നെ ഇത്തരം ജോലിക്കാരുടെ വിസ ഫീസ് സര്‍ക്കാര്‍ വഹിക്കുമെന്ന് രാജ വി്ജ്ഞാപനം ഉണ്ടായിരുന്നുവെങ്കിലും മുഴുവന്‍ വിസകളുടെയും ഫീസുകള്‍ കുത്തനെ ഉയര്‍ത്തിയ സാഹചര്യത്തില്‍ ഹജ്ജ് സേവനത്തിനെത്തുന്ന ജോലിക്കാരുടെ വിസയുമായി ബന്ധപ്പെട്ട സംശയത്തിനാണ് ഇതോടെ അറുതിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."