HOME
DETAILS
MAL
വാണിജ്യ മേഖലയെ പിടിച്ചുയര്‍ത്താനൊരുങ്ങി സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീളുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
backup
May 15 2020 | 04:05 AM
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഏര്‍പെടുത്തിയ ലോക്ക്ഡൗണ്‍ എങ്ങനെ തുടരുമെന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം വരാനിരിക്കെ വ്യവസായ- വാണിജ്യ മേഖല കൂടുതല്‍ തുറന്ന് സജീവമാക്കാനുള്ള നടപടികള്‍ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പ്രധാന മേഖലകളില്‍ ദീര്‍ഘകാല ആഘാതം നേരിട്ടതിനാല്‍ സാമ്പത്തികരംഗം സാധാരണ നിലയിലാവാന്‍ ഏറെ സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍.
വൈറസ് വ്യാപനം കൂടി പരിഗണിച്ചാവും വിപണി തുറക്കുന്ന കാര്യത്തില്‍ തീരുമാമെടുക്കുകയെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. അതേസമയം വൈറസിനെ ഭയന്ന് ഇനിയും അടച്ചിടുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നിലവില്‍ 20,000 കോടി രൂപയുടെ വരുമാനം നല്‍കുന്ന ടൂറിസം മേഖല പാടെ തകര്‍ന്ന അവസ്ഥയിലാണ്. പ്രവാസി വരുമാനം ഏറ്റവും മോശം നിലയില്‍ എത്തിനില്‍ക്കുന്നു. 12 ലക്ഷത്തിലധികം പേര്‍ തൊഴിലെടുക്കുന്ന മോട്ടോര്‍ വാഹന- ഗതാഗത മേഖല പൂര്‍ണമായും നിശ്ചലമാണ്. വിദ്യാഭ്യാസ മേഖല സ്തംഭിച്ചു. ആള്‍ക്കൂട്ടമില്ലാത്തതിനാല്‍ ഓഡിറ്റോറിയങ്ങള്‍, ചെറുഹാളുകള്‍, മാളുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയവര്‍ക്കൊന്നും ഏറെനാളായി വരുമാനമില്ല.
കൊവിഡ് പ്രതിസന്ധി അയഞ്ഞാലും സാമ്പത്തികരംഗം സാധാരണ നിലയിലാകാന്‍ ഏറെ നാളെടുക്കും. രണ്ടാംഘട്ട ലോക്ക് ഡൗണില്‍ 15,000 കോടിയായിരുന്നു വരുമാന നഷ്ടം. എന്നാല്‍ വൈറസിനെ ഭയന്ന് തൊഴില്‍ നിലച്ച് ഇങ്ങനെ തുടരാനാവില്ലെന്ന് വിദഗ്ധര്‍ സര്‍ക്കാരിനെ അറിയിച്ചുകഴിഞ്ഞു. വരുമാനമടഞ്ഞ ഏപ്രിലില്‍ നിന്ന് വിപണി ചെറുതായെങ്കിലും ചലിച്ചുതുടങ്ങിയ മെയ് മാസത്തില്‍ മാറ്റം പ്രകടമായിരുന്നു. മദ്യവില്‍പന, ആഭരണശാലകള്‍, വന്‍കിട ടെക്‌സ്റ്റൈല്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇളവു നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
നാലാം ഘട്ടത്തില്‍ വിപണി ഉണരുമെന്നാണ് പ്രതീക്ഷ. സ്വയം പര്യാപ്തതയിലൂന്നി കൃഷിക്കും പരമ്പരാഗത വ്യവസായ- വാണിജ്യ മേഖലയ്ക്കും ഊന്നല്‍ തുടരും. പ്രവാസികളെയടക്കം പരിഗണിച്ച് പുതിയ പാക്കേജുകള്‍ വരും. പൊതുഗതാഗതം കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമാകും. നാലാം ഘട്ടത്തില്‍ കൂടി നിയന്ത്രണങ്ങള്‍ പ്രതീക്ഷിക്കണമെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. നിയന്ത്രിത അളവില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവു നല്‍കി വിപണി ചലിപ്പിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."