ബന്ധുവിനെ കൊലപ്പെടുത്തിയ കേസില്‍ ജാര്‍ഖണ്ഡ് ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍
ധന്‍ബാദ്: ബന്ധുവും കോണ്‍ഗ്രസ് നേതാവുമായ നീരജ് സിങിനെ കൊലപ്പെടുത്തിയ കേസില്‍ ജാര്‍ഖണ്ഡ് ബി.ജെ.പി എം.എല്‍.എ സഞ്ജീവ് സിങിനെ പൊലിസ് അറസ്റ്റ് ചെയ്തു.
ജാരിയ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സഞ്ജീവ് സിങിന് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് ബോക്കാറോ റേഞ്ച് ഐ.ജി സാകേത് കുമാര്‍ അറിയിച്ചു.
കൊല്ലപ്പെട്ട നീരജ് സിങ് ധന്‍ബാദ് കോര്പറേഷന് മുന്‍ ഡെപ്യൂട്ടി മേയറാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 21നാണ് അദ്ദേഹം വെടിയേറ്റ് മരിക്കുന്നത്. തന്റെ പേഴ്സനല്‍ അസിസ്റ്റന്റ് അശോക് യാദവ്, ഗണ്മാന് മുന്ന തിവാരി എന്നിവര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം.
ആക്രമണത്തിന് പിന്നില്‍ സഞ്ജീവ് സിങ്, സഹോദരന് സിദ്ധാര്‍ഥ് സിങ്, മറ്റ് മൂന്നുപേര്‍ എന്നിവര്‍ക്ക് പങ്കുള്ളതായി പൊലിസ് തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അടുത്തു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജാരിയ മണ്ഡലത്തില്‍ മത്സരിക്കാനുള്ള നീരജ് സിങിന്റെ തീരുമാനമാണ് അദ്ദേഹത്തെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."