ഒരുമുഴം മുന്‍പേ ചിത്രം തെളിഞ്ഞ് മലപ്പുറം
മലപ്പുറം: വിവിധ തലങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുകള്‍ കൂടാതെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ നടന്ന മലപ്പുറത്താണ് ഇത്തവണ കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യചിത്രം തെളിഞ്ഞത്. ഇടതു, വലതു മുന്നണികളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായ ജില്ലയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ മത്സരിക്കാറുണ്ടെങ്കിലും പ്രസക്തമല്ല. പൊന്നാനി മണ്ഡലത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ.സി നസീറിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ തുടങ്ങിയ മലപ്പുറത്തെ സ്ഥാനാര്‍ഥി നിര്‍ണയം സിറ്റിങ് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും ഇരുവരുടെയും തട്ടകങ്ങളില്‍ തന്നെ ജനവിധി തേടുമെന്ന പ്രഖ്യാപനത്തോടെ ഏറെക്കുറെ പൂര്‍ണമായി.
വാട്ടര്‍തീം പാര്‍ക്കിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍, വിവിധ കേസുകള്‍ എന്നിവ നിലനില്‍ക്കുന്ന നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ മാറ്റിനിര്‍ത്തിയുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളാണ് തുടക്കം മുതല്‍ സി.പി.എം നടത്തിയത്്. 19 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയ ഇടതുപക്ഷത്തിന് പൊന്നാനിയിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ വെള്ളിയാഴ്ച വൈകിട്ടുവരേ കാത്തിരിക്കേണ്ടിവന്നു. മന്ത്രി കെ.ടി ജലീല്‍, താനൂര്‍ എം.എല്‍.എ വി. അബ്ദുറഹ്മാന്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, നിയാസ് പുളിക്കലകത്ത് തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും ഒടുവില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പി.വി അന്‍വര്‍ മത്സരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിക്കുകയായിരുന്നു. 2009 മുതല്‍ തുടര്‍ച്ചയായി പൊന്നാനിയില്‍നിന്ന് ജയിച്ചുകയറി മൂന്നാം അങ്കത്തിനിറങ്ങുന്ന ഇ.ടി മുഹമ്മദ് ബഷീര്‍ കേരളത്തില്‍ മൂന്നു മന്ത്രിസഭകളില്‍ അംഗയായി കഴിവുതെളിയിച്ചിട്ടുണ്ട്. 1983ലെ ഉപതെരഞ്ഞെടുപ്പില്‍ പെരിങ്ങളത്തു നിന്ന് ജയിച്ചു കയറിയ ഇ.ടി 1991, 1996, 2001 വര്‍ഷങ്ങളില്‍ തിരൂരില്‍ നിന്നാണ് നിയമസഭയിലെത്തിയത്്. യു.പി.എ സര്‍ക്കാരിനു കീഴില്‍ വിവിധ സമിതികളില്‍ അംഗമായ ഇ.ടി കേന്ദ്ര വഖ്ഫ് കൗണ്‍സില്‍ അംഗം കൂടിയായിരുന്നു.
ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017ല്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പിലൂടെ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ കുഞ്ഞാലിക്കുട്ടിക്കിത് ലോക്‌സഭയിലേക്കുള്ള രണ്ടാം അങ്കമാണ്. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ പദവിയില്‍ നിന്ന് തുടങ്ങിയ കുഞ്ഞാലിക്കുട്ടി 1982ലും 1987ലും മലപ്പുറത്തു നിന്നും 1991, 1996, 2001 വര്‍ഷങ്ങളില്‍ കുറ്റിപ്പുറത്തു നിന്നും നിയമസഭയിലെത്തി. ഇതിനിടെ 1991നും 2016നും ഇടക്ക് അഞ്ചുമന്ത്രിസഭകളില്‍ മന്ത്രിയായും തിളങ്ങി.
രണ്ടാംതവണയും എസ്.എഫ്.ഐ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി.പി സാനുവാണ് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരേ മത്സരിക്കുന്ന ഇടതു സ്ഥാനാര്‍ഥി. 68കാരനായ കുഞ്ഞാലിക്കുട്ടിയേക്കാള്‍ 38 വയസു കുറവുള്ള വി.പി സാനുവിനെ കളത്തിലിറക്കിയെങ്കിലും ജില്ലയിലെ പോരാട്ടം പൊന്നാനിയില്‍ കേന്ദ്രീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പൊന്നാനിയില്‍ ഇ.ടിക്കെതിരേ മത്സരിക്കുന്ന പി.വി അന്‍വര്‍ 2011ല്‍ ഏറനാട് മണ്ഡലത്തില്‍ നിന്നും 2014ല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടി. 2016ല്‍ കോണ്‍ഗ്രസിലെ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയ കരുത്തിലാണ് പൊന്നാനി പിടിക്കാനെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."