വരള്‍ച്ചയ്‌ക്കെതിരേ സന്ദേശവാഹിനി ബസുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കഠിനമായികൊണ്ടിരിക്കുന്ന വരള്‍ച്ചയെ അതിജീവിക്കാന്‍ സാമൂഹിക ബോധവല്‍കരണം ലക്ഷ്യമാക്കി സന്ദേശവാഹിനി ബസുകള്‍ നിരത്തിലിറങ്ങുന്നു.
കെ.എസ്.ആര്‍.ടി.സിയുടെ സഹകരണത്തോടെ റവന്യൂ വകുപ്പാണ് വരള്‍ച്ചാ പ്രതിരോധ സന്ദേശവാഹിനി ബസുകള്‍ തയാറാക്കിയത്. ബസുകള്‍ ഇന്ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളിനു മുന്നില്‍ നിന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ഗതാഗതമന്ത്രി തോമസ് ചാണ്ടി എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും.
ജലത്തെ ബഹുമാനിക്കൂ, വരള്‍ച്ചയെ പ്രതിരോധിക്കൂ എന്ന സന്ദേശം മുന്‍നിര്‍ത്തി ദീര്‍ഘകാല ആശയപ്രചാരണം ലക്ഷ്യംവച്ചാണ് ബസുകള്‍ ഗ്രാമ-നഗരങ്ങളിലേക്ക് വിടുന്നതെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. റവന്യൂ വകുപ്പിനു കീഴിലുളള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ബസിന്റെ ഡിസൈന്‍ തയാറാക്കിയത്. കെ.എസ്.ആര്‍.ടി.സിയുടെ എടപ്പാള്‍ സെന്‍ട്രല്‍ വര്‍ക്‌ഷോപ്പിലാണ് ബസ് ബോഡി അണിയിച്ചൊരുക്കിയത്.
ലഘുലേഖനങ്ങളും പോസ്റ്ററുകളും ഇതര പ്രചാരണ സാമഗ്രികളും ബസില്‍നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കും.
ചടങ്ങില്‍ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ എം.ജി രാജമാണിക്യം ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ് എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."