കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന് സപ്ലൈകോയില്‍ നിയമനം
തിരുവനന്തപുരം: മൂന്നു ലക്ഷം രൂപ കരാറുകാരില്‍ നിന്നു കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന് നിര്‍ണായക തസ്തികയില്‍ നിയമനം. അഴിമതിക്കേസില്‍നിന്നു രക്ഷിക്കാമെന്നു പറഞ്ഞാണ് കൈക്കൂലി വാങ്ങിയത്.
സപ്ലൈകോയില്‍ ലോ ഓഫിസര്‍ തസ്തികയിലാണ് ഇദ്ദേഹത്തെ നിയമിച്ചത്. പ്രധാന തസ്തികകളില്‍ നിയമിക്കരുതെന്ന് ഭക്ഷ്യ വകുപ്പിന്റേയും വിജിലന്‍സിന്റേയും നിര്‍ദേശം ലംഘിച്ചാണ് സര്‍ക്കാര്‍ ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. കരാറുകാര്‍ ഉള്‍പ്പെട്ട ഒട്ടേറെ അഴിമതിക്കേസുകളില്‍ ഇനി സപ്ലൈകോയുടെ നിലപാട് തീരുമാനിക്കേണ്ടത് ഇതേ ഉദ്യോഗസ്ഥനായിരിക്കും.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു സപ്ലൈകോയിലെ ഗുണനിലവാര പരിശോധന വിഭാഗം മാനേജരായിരുന്ന രവികുമാര്‍ കോഴിക്കോട് സ്വദേശിയായ കരാറുകാരില്‍ നിന്ന് മൂന്നുലക്ഷം രൂപ കൈപ്പറ്റിയത്.
ഗുണനിലവാരമില്ലാത്ത തുവരപ്പരിപ്പ് ഇറക്കുമതിചെയ്ത കേസില്‍ നിന്ന് രക്ഷപെടുത്താമെന്ന് പറഞ്ഞായിരുന്നു കൈക്കൂലി.കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രവികുമാറിനെ സപ്ലൈകോ സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷം മൂന്നാഴ്ച മുന്‍പ് രവികുമാര്‍ സര്‍വിസില്‍ തിരികെ പ്രവേശിച്ചു.
കൊച്ചിയിലെ സപ്ലൈകോ ആസ്ഥാനത്തോ, കോഴിക്കോട്ടോ രവികുമാറിനെ നിയമിക്കരുതെന്ന് കേസ് അന്വേഷിച്ച വിജിലന്‍സ് വിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്. പ്രധാന തസ്തികകളില്‍ ഇരുത്തരുതെന്ന് ഭക്ഷ്യ വകുപ്പ് സെക്രട്ടറിയും സപ്ലൈകോയോട് ആവശ്യപ്പെട്ടിരുന്നതാണ്. ഇതെല്ലാം ലംഘിച്ചാണ് ലോ ഓഫിസറായി നിയമനം നല്‍കിയിരിക്കുന്നത്.
കരാറുകാര്‍ ഉള്‍പ്പെട്ട ഒട്ടേറെ അഴിമതിക്കേസുകള്‍ സപ്ലൈകോയില്‍ നിലവിലുണ്ട്. കേസില്‍ നിന്നൊഴിവാക്കാന്‍ കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയ ആള്‍ തന്നെയാണ് ഈ കേസുകളിലെല്ലാം ഇനി സപ്ലൈകോയുടെ നിലപാട് തീരുമാനിക്കേണ്ടത്. രവികുമാര്‍ കൈക്കൂലി വാങ്ങിയ കേസും കോടതിയുടെ പരിഗണനയില്‍ വരും.അപ്പോഴും ലോ ഓഫിസറായ രവികുമാറിന് അനുകൂലമായ തീരുമാനമെടുത്ത് സ്വയം രക്ഷപെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."