ഹജ്ജ് മിഷനില്‍ കൂടുതല്‍ മലയാളി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്മാന്
ജിദ്ദ: മലയാളികളായ ഹജ്ജ് തീര്‍ഥാടകരെ സഹായിക്കാന്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ കൂടുതല്‍ മലയാളി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന് ശൈഖിനോട് ആവശ്യപ്പെട്ടു. ജിദ്ദ കോണ്‍സുലേറ്റില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹജ്ജിന്റെ പ്രധാന കര്മദിനങ്ങളില് അറഫയിലും മക്കയിലും മൂന്നു നേരം ഭക്ഷണം നല്‍കുമെന്നും നൂര്‍ ശൈഖ് പറഞ്ഞു. ഇതില്‍ കേരളീയ ഭക്ഷണം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്മാന് അഭ്യര്‍ഥിച്ചു.
ഹജ്ജ് കര്മങ്ങളെക്കുറിച്ചുള്ള പരിശീലനം, ബാഗേജ് കാര്യത്തിലുള്ള കൃത്യത, അച്ചടക്കം എന്നിവയില്‍ കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്നും ഇതിനു നേതൃത്വം നല്കുന്ന ഹജ്ജ് കമ്മിറ്റിയെ അഭിന്ദിക്കുന്നതായും കോണ്‍സല്‍ ജനറല്‍ പറഞ്ഞു.
മലയാളി മെഡിക്കല്‍ സ്റ്റാഫിനെയും ഡോക്ടര്‍മാരെയും കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ കൂടുതല്‍ താമസിക്കുന്ന മേഖലകളില്‍ നിയോഗിക്കണമെന്ന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം കോണ്‍സുല്‍ ജനറലിന് നല്കി.
ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേണ്‍ റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍, നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം, ഹജ്ജ് വെല്‍ഫെയര്‍ ഫോറം ചെയര്മാന് ചെമ്പന്‍ അബ്ബാസ്, ഒ.ഐ.സി.സി ഹജ്ജ് സെല്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ശനിയാസ് കുന്നിക്കോട്, മക്ക കെ.എം.സി.സി ഭാരവാഹികളായ മുജീബ് പൂക്കോട്ടൂര്‍, അബ്ദുല്‍ മുഹൈമീന്‍ ആലുങ്ങല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."