കനത്ത മഴയ്ക്കും കാറ്റിനുമിടെ മാലദ്വീപില്‍നിന്ന് ജലാശ്വയുടെ രണ്ടാം യാത്ര
സ്വന്തം ലേഖകന്‍
കൊച്ചി: കനത്ത മഴയിലും കാറ്റിലും കടല്‍ പ്രക്ഷുബ്ധമായിരിക്കെ മാലദ്വീപില്‍നിന്ന് പ്രവാസികളുമായി രണ്ടാംഘട്ട നാവികസേന കപ്പല്‍ പുറപ്പെട്ടു. സമുദ്രസേതു ദൗത്യമനുസരിച്ച് ഐ.എന്‍.എസ് ജലാശ്വയാണ് ഇന്നലെ വൈകിട്ടോടെ മാലദ്വീപില്‍നിന്ന് കൊച്ചിയിലേക്ക് യാത്ര ആരംഭിച്ചത്.
കപ്പലില്‍ 588 പേരാണുള്ളത്. ഇതില്‍ ആറ് ഗര്‍ഭിണികളുള്‍പ്പെടെ 70 പേര്‍ സ്ത്രീകളാണ്. എട്ട് പെണ്‍കുട്ടികളും 13 ആണ്‍കുട്ടികളുമുണ്ട്. കേരളത്തിലും ലക്ഷദ്വീപിലും ഉള്ളവരെ മാത്രമാണ് ഇത്തവണ കൊണ്ടുവരുന്നത്. ഇതര സംസ്ഥാനക്കാരെ വിമാനമാര്‍ഗം കൊണ്ടുപോകാമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
ഇന്നലെ പുലര്‍ച്ചെയാണ് ഐ.എന്‍.എസ് ജലാശ്വ രണ്ടാംഘട്ട ദൗത്യത്തിന് മാലദ്വീപിലെ തുറമുഖത്തെത്തിയത്. രാവിലെ മുതല്‍ തന്നെ എമിഗ്രേഷന്‍ നടപടികള്‍ വേലാന്‍ വിമാനത്താവളത്തില്‍ ആരംഭിച്ചു.
യാത്ര പുറപ്പെടേണ്ടവര്‍ സ്വന്തം ചെലവില്‍ ഇവിടെ എത്തണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇവരെ പ്രത്യേക ബസിലാണ് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കപ്പലില്‍ കയറാനായി തുറമുഖത്ത് എത്തിച്ചത്. രാവിലെ 10ഓടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി യാത്രക്കാരെ കപ്പലിലേക്ക് പ്രവേശിപ്പിക്കാന്‍ തുടങ്ങിയിരുന്നു.
കടല്‍ പ്രക്ഷുബ്ധമായതിനാല്‍ പലര്‍ക്കും കപ്പലിലേക്ക് കയറാന്‍ പ്രയാസം നേരിട്ടതായി നാവികസേന അറിയിപ്പില്‍ പറയുന്നു.
കുട്ടികളെ എടുത്ത് കപ്പലിനുള്ളിലേക്ക് കൊണ്ടുപോകാന്‍ സേനാംഗങ്ങളും സഹായിച്ചു. യാത്രാ നടപടികളില്‍ ചിലത് പ്രതികൂല കാലാവസ്ഥ കാരണം കപ്പിലിനുള്ളില്‍ വച്ചാണ് നടത്തിയത്. മെയ് പത്താം തിയതിയായിരുന്നു ഐ.എന്‍.എസ് ജലാശ്വയുടെ ആദ്യ ദൗത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."