കലയുടെ ആസ്ഥാനം ഇനി പൈതൃക ഗ്രാമം: തടയണക്ക് ഫണ്ടില്ലാത്തതില്‍ പ്രതിഷേധം
ചെറുതുരുത്തി: കലാമണ്ഡലത്തിലൂടെ വിശ്വ പ്രസിദ്ധമായ കലയുടെ ആസ്ഥാനം ചെറുതുരുത്തി ഇനി പൈതൃക ഗ്രാമം. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഇതിന് വേണ്ടി തുക നീക്കി വെച്ചതോടെ ജില്ലാ അതിര്‍ത്തിയായ ചെറുതുരുത്തി വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്ന കേന്ദ്രമാകുമെന്ന പ്രതീക്ഷയും കനക്കുന്നു.
കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല, നിള ക്യാംപസ്, ഭാരതപ്പുഴ ഇങ്ങനെ പോകുന്ന ജനകീയാകര്‍ഷണ കേന്ദ്രത്തിലേക്കാണ് ഇപ്പോള്‍ പൈതൃക കേന്ദ്രവും എത്തുന്നത്. കലാമണ്ഡലത്തിനോട് തൊട്ട് തലയുയര്‍ത്തി നിലകൊള്ളുന്ന ദക്ഷിണേന്ത്യന്‍ രംഗകലാ മ്യൂസിയവും പൈതൃക ഗ്രാമത്തിന്റെ മഹിമ വിളിച്ചോതും.
ഇതോടൊപ്പം ചെറുതുരുത്തി ഏറെ നാളായി ആവശ്യപ്പെടുന്ന ടൗണ്‍ ഹാള്‍ കൂടി യാഥാര്‍ഥ്യമാവുകയാണ്. ഇതിന് വേണ്ടി ബജറ്റില്‍ ഒരു കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. ജനങ്ങള്‍ക്ക് വന്‍ ദുരിതം സമ്മാനിച്ച് നിലകൊള്ളുന്ന പൈങ്കുളം, മുള്ളൂര്‍ക്കര റെയില്‍വേ ഗെയ്റ്റുകള്‍ ഒഴിവാക്കി മേല്‍പാലം നിര്‍മിക്കുന്നതിന് തുടക്കം കുറിക്കാനും ബജറ്റില്‍ തുക നീക്കിവച്ചിട്ടുണ്ട്. എന്നാല്‍ ഭാരതപുഴക്ക് കുറുകെ കോണ്‍ക്രീറ്റ് കാടായി കിടക്കുന്ന ചെറുതുരുത്തി തടയണയുടെ പൂര്‍ത്തീകരണത്തിന് ബജറ്റില്‍ ചില്ലി കാശ് നീക്കി വെക്കാത്തത് വലിയ പ്രതിഷേധം ക്ഷണിച്ച് വരുത്തുകയാണ്.
വേനല്‍ രൂക്ഷതയില്‍ കുടിവെള്ള ക്ഷാമം കൊണ്ട് വലയുന്ന അഞ്ച് പഞ്ചായത്തുകളിലേയും, ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലേയും ജനങ്ങള്‍ക്ക് ഏറെ ഗുണപ്രദമാകുന്ന പദ്ധതിയെ അവഗണിച്ചത് എന്തുകൊണ്ടാണെന്ന് പരിസ്ഥിതി സ്‌നേഹികള്‍ ചോദിക്കുന്നു.
പൈതൃകഗ്രാമം യാഥാര്‍ഥ്യമാക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാരതപുഴയിലേക്ക് തകര്‍ന്ന് വീണ പഴയ കൊച്ചി പാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."