വെറുതേ കിടന്ന് ഉറങ്ങല്ലേ...
#ജാവിദ് അഷ്‌റഫ്
മാര്‍ച്ച് 15 ലോക ഉറക്കദിനമാണ്
ഉറക്കം
ആരോഗ്യത്തിന്റെ അടിസ്ഥാനഘടകങ്ങളിലൊന്നാണ് ഉറക്കം. സമ്പൂര്‍ണമായ വിശ്രമാവസ്ഥ. സുഖമായി ഉറങ്ങുക എന്നത് ഏതൊരാളുടേയും സ്വപ്നമാണ്. ജീവികള്‍ക്ക് ഭക്ഷണം പോലെ അത്യന്താപേക്ഷിതമാണ് ഉറക്കം. ദീര്‍ഘകാലമുള്ള ഉറക്കക്കുറവ് തലച്ചോറിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുമെന്നാണ് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നത്.
ഉറക്കക്കുറവ് പൊണ്ണത്തടിക്കും ടൈപ്പ് 2 ഡയബെറ്റിസിനും കാരണമാകുമെന്നും ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആയുര്‍വ്വേദാചാര്യന്മാര്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉറക്കമുണരണമെന്നു പഠിപ്പിക്കുന്നു. സൂര്യോദയത്തിന് മുമ്പുള്ള മൂന്നു മണിക്കൂര്‍ സമയത്താണ് ഇത് ആരംഭിക്കുന്നത്.
നേരത്തെ ഉറങ്ങാനും നേരത്തെ ഉറക്കമുണരാനുമാണ് വിവിധ മതങ്ങളും പഠിപ്പിക്കുന്നത്. അല്‍പ്പം ഉറങ്ങുന്നതു പോല തന്നെ അപകടകരമാണ് കൂടുതല്‍ ഉറങ്ങുന്നതും. പ്രമേഹം, നടുവേദന പോലുള്ള അനേകം രോഗങ്ങള്‍ വരുത്തിവയ്ക്കും. ആരോഗ്യവാനായ ഒരാള്‍ 6 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് നിഗമനം. ഊണൊഴിക്കാം പക്ഷെ ഉറക്കമൊഴിക്കാനാവില്ലെന്ന പഴമൊഴിതന്നെ ഉറക്കത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.
ഉറക്കത്തിന്റെ ഘട്ടങ്ങള്‍
നോണ്‍ റാപ്പിഡ് ഐ മൂവ്‌മെന്റ് സ്ലീപ് (എന്‍.ആര്‍.ഇ.എം), റാപ്പിഡ് ഐ മൂവ്‌മെന്റ് സ്ലീപ് (ആര്‍.ഇ.എം) എന്നിങ്ങനെ ഉറക്കത്തിനു രണ്ട് ഘട്ടങ്ങളുണ്ട്. ഉറങ്ങാന്‍ കിടന്ന് ആദ്യത്തെ ഒരുമണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ എന്‍ ആര്‍ഇഎം ആയിരിക്കും. തുടര്‍ന്നാണ് ആര്‍ഇഎം വരുന്നത്. പിന്നെ ഉറക്കത്തിന്റെ രണ്ട് ഘട്ടങ്ങളിലൂടെയും ശരീരം മാറി മാറി കടന്നു പോകും.
ഉണര്‍ന്നിരിക്കുന്ന സമയത്ത് ശരീരത്തിനുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കുന്നത് എന്‍ആര്‍ഇഎം സമയത്താണ്. വളര്‍ച്ചയെ സഹായിക്കുന്ന ഗ്രോത്ത് ഹോര്‍മോണ്‍ ഈ സമയത്ത് കൂടുതലായും ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.
ഉറക്കിയ വൈറസ്
ആധുനിക വൈദ്യശാസ്ത്രത്തിന്റെ നിഗമനമനുസരിച്ച് തലച്ചോറിലെ ഹൈപ്പോതലാമസില്‍ ഉണ്ടാകുന്ന ട്യൂമറുകള്‍ ശരീരവലിപ്പം കൂട്ടുകയും ഉറക്കം വര്‍ധിപ്പിക്കുകയും ചെയ്യും.
അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ കറുത്ത വര്‍ഗക്കാര്‍ താമസിച്ചിരുന്ന പ്രദേശത്ത് 1915 മുതല്‍ പന്ത്രണ്ട് വര്‍ഷത്തോളം ഒരു തരം മസ്തിഷ്‌ക രോഗം ബാധിക്കുകയുണ്ടായി. രോഗം ബാധിച്ചവരെല്ലാം തുടര്‍ച്ചയായി ഉറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഇതിനെക്കുറിച്ച് പല വിധത്തിലുള്ള പഠനങ്ങളും നടന്നു. എന്‍സഫലൈറ്റിസ് ലിത്താര്‍ജിക്ക എന്ന വൈറസ് ആയിരുന്നു രോഗകാരണം.
ആസ്ട്രിയന്‍ ന്യൂറോളജിസ്റ്റായ കോണ്‍സ്റ്റന്റിന്‍ വോണ്‍ എക്കോണമോ, ഫ്രഞ്ച് പാത്തോളജിസ്റ്റായ ജീന്‍ റെനെ ക്രുഷ്യസ് എന്നിവര്‍ ചേര്‍ന്നാണ് ഈ വൈറസിനെ തിരിച്ചറിഞ്ഞത്. ഹൈപ്പോതലാമസിനെ വൈറസ് ബാധിക്കുന്നതോടു കൂടി സ്ലീപ്പിംഗ് സിക്ക്‌നസിലേക്ക് രോഗി മാറും. ദീര്‍ഘകാലം ഈ രോഗം ബാധിച്ചവര്‍ക്ക് പാര്‍ക്കിന്‍സോണിസം പോലുള്ള രോഗങ്ങള്‍ ബാധിക്കുന്നതായും കണ്ടെത്തി.
മെലാറ്റോണിനും ഇരുട്ടും
തലച്ചോറിലെ പിനിയല്‍ ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണാണ് മെലാറ്റോണിന്‍. സൂര്യപ്രകാശം മങ്ങുന്ന സമയത്താണ് ഈ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഹോര്‍മോണിന്റെ അളവ് വര്‍ധിക്കുന്നതിന് അനുസരിച്ച് നമുക്ക് ഉറങ്ങാനുള്ള പ്രേരണ കൂടും. ഗാഢമായ ഉറക്കം ലഭിക്കുന്നവരുടെ ശരീരത്തില്‍ മെലാറ്റോണിന്റെ അളവ് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കും.
സ്ലീപ് അപ്നിയ
ഉറക്കത്തിലുള്ള ശ്വാസതടസത്തിനെയാണ് സ്ലീപ് അപ്നിയ എന്നു വിളിക്കുന്നത്. ശ്വാസക്കുഴലിലും അനുബന്ധപേശികളിലും തലച്ചോറിനുള്ള നിയന്ത്രണ വ്യതിയാനമാണ് ഈ രോഗത്തിന് കാരണം. ശ്വസന നാളി ഇടുങ്ങുന്നതും പേശികള്‍ തടിക്കുന്നതും ഇതിന് കാരണമാകാറുണ്ട്. ഉറക്കത്തില്‍ ശ്വാസ തടസം നേരിടുന്നവര്‍ക്ക് നന്നായി ശ്വസിക്കാനും ഇപ്പോള്‍ ഒരു സംവിധാനം ഉണ്ട്. സിപാപ് (കണ്ടിന്യൂസ് പോസിറ്റീവ് എയര്‍ വേ പ്രഷര്‍) എന്ന ശ്വസന സംവിധാനമാണിത്. 1981 ല്‍ കോളിന്‍ സിപാപ് ആണ് ഈ സംവിധാനം വിജയകരമായി പരീക്ഷിച്ചത്. ഉയര്‍ന്ന മര്‍ദ്ദത്തില്‍ ശ്വാസനാളിയിലേക്ക് വായു കടത്തി വിടുന്നതിനാല്‍ ശ്വസനനാളിയെ എപ്പോഴും തുറന്ന് നില്‍ക്കാന്‍ സിപാപ് സഹായിക്കും.
നാര്‍കോലെപ്‌സി
അനിയന്ത്രിതമായി, സ്ഥലകാലബോധമില്ലാതെയുള്ള ഉറക്കമാണിത്. ഇത്തരം രോഗം ബാധിച്ചവര്‍ ഏത് സാഹചര്യത്തിലും ഉറങ്ങിപ്പോകും. മാത്രമല്ല ഈ ഉറക്കം നിയന്ത്രിക്കാന്‍ ശ്രമിച്ചാലും സാധിക്കില്ല.
കൂര്‍ക്കം വലി
ഉറക്കത്തില്‍ കൂര്‍ക്കം വലി പ്രശ്‌നമുള്ളവര്‍ നിരവധിയാണ്. ഇതുമൂലം സമീപത്തുള്ളവരുടെ ഉറക്കം പോയെന്നും വരാം. ശ്വാസോച്ഛ്വാസം ചെയ്യുന്ന സമയത്ത് വായു കടന്നു പോകുന്ന വഴിയില്‍ തടസമുണ്ടാകുമ്പോഴാണ് കൂര്‍ക്കം വലി ഉയര്‍ന്നു കേള്‍ക്കുക. മൂക്കിലെ ദശ, ടോണ്‍സിലുകളുടെ വളര്‍ച്ച, നാക്കിന്റെ വലിപ്പം, തൊണ്ടയിലെ പേശികളുടെ അയവ്, താടിയെല്ലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം കൂര്‍ക്കം വലിക്ക് കാരണമാകാം.
സ്വപ്നാടനം
ഉറക്കത്തിലുള്ള നടത്തത്തെയാണ് സ്വപ്നാടനം (സോംനാംബുലിസം) എന്നു വിളിക്കുന്നത്. സ്വപ്നാടനമുള്ളയാള്‍ക്ക് പരുക്കുപറ്റാനുള്ള സാധ്യത കൂടുതലാണ്.
ജെറ്റ്‌ലാഗ്
വിവിധ ടൈം സോണുകളിലൂടെ സഞ്ചരിക്കുന്ന ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന അനിയന്ത്രിത ക്ഷീണമാണിത്. അമേരിക്കയിലേക്കു യാത്ര പോയ ഒരു ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ആദ്യ ദിവസങ്ങളില്‍ അവിടുത്തെ പകലില്‍ ഉറക്കം വരികയും രാത്രി ഉറക്കമില്ലായ്മ അനുഭവപ്പെടുകയും ചെയ്യും. ജെറ്റ്‌ലാഗ് എന്നാണ് ഈ പ്രശ്‌നത്തിന് പറയുക. ഈ സമയം ശരീരത്തെ സംരക്ഷിക്കുന്നത് മെലാറ്റോണിന്‍ ആണ്.
ഉറക്കത്തിനും ഗവേഷണം
ഉറക്കത്തെക്കുറിച്ച് ലോകത്ത് അനേകം ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. ഉറങ്ങുമ്പോള്‍ തലച്ചോറിനുണ്ടാകുന്നമാറ്റങ്ങളാണ് മുഖ്യ പഠനവിഷയം. 1809ല്‍ ലൂയിഗി റൊളാന്‍ഡോ എന്ന ഗവേഷന്‍ പക്ഷികളില്‍ നടത്തിയ പരീക്ഷണപ്രകാരം തലച്ചോറിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്താല്‍ അവ ദീര്‍ഘകാലം ഉറങ്ങുന്നതായി കണ്ടെത്തി. അമേരിക്കയിലെ ഉറക്ക ഗവേഷണങ്ങളുടെ പിതാവായ നതാനിയല്‍ ക്ലീറ്റ്മാന്‍ ആണ് ഉറക്കത്തെക്കുറിച്ച് മുന്നേറ്റപരമായ പഠനങ്ങള്‍ നടത്തിയിട്ടുള്ളത്. 1939 ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ള 'ഉറക്കവും ഉണര്‍വും' എന്ന പുസ്തകം ഈ രംഗത്തെ ആധികാരിക ഗ്രന്ഥമാണ്. ഇദ്ദേഹവും സഹപ്രവര്‍ത്തകനായ യൂഗെന്‍ അസറിന്‍സ്‌കിയും ചേര്‍ന്നാണ് ഉറക്കത്തിന് വിവിധ ഘട്ടങ്ങളുണ്ടെന്ന് കണ്ടെത്തിയത്.
ഹൈബര്‍നേഷന്‍
മാസങ്ങളോളം ഉറങ്ങുന്ന അനേകം ജീവികള്‍ ഭൂമുഖത്തുണ്ട്. ഒപ്പോസം, മാര്‍മോട്ട്, നിലയണ്ണാന്‍, മുള്ളെലി, ഡോര്‍മൗസ് തുടങ്ങിയവരൊക്കെ ദീര്‍ഘകാലം ഉറങ്ങുന്നവരാണ്. ശിശിര നിദ്ര (ഹൈബര്‍നേഷന്‍) എന്നാണ് ഈ ദീര്‍ഘകാല ഉറക്കത്തിനു പേര്. ഇവരില്‍ ചിലര്‍ ആവശ്യമായ ഭക്ഷണം കൂട്ടില്‍ കരുതിവച്ചാണ് ഉറക്കത്തിന് തയാറാകുക. ഉറക്കത്തില്‍നിന്ന് എപ്പോഴെങ്കിലും എഴുന്നേറ്റാല്‍ ഭക്ഷണം അകത്താക്കും.
എന്നിട്ട് വീണ്ടും കിടന്നുറങ്ങും. തണുപ്പില്‍നിന്നു രക്ഷതേടുന്നതിനേക്കാള്‍ മഞ്ഞ് കാലത്ത് ഇര തേടാനുള്ള ബുദ്ധിമുട്ട് മൂലമാണ് ഇങ്ങനെ കിടന്നുറങ്ങുന്നതത്രേ. ഭക്ഷണമില്ലാതെ തുടര്‍ച്ചയായി ഇങ്ങനെ കിടന്നുറങ്ങുന്നതിന് അവയുടെ ശരീരം ചില സഹായങ്ങള്‍ ചെയ്തു കൊടുക്കും. ശരീര താപനില കുറയ്ക്കുക, അത്യാവശ്യ ശരീര പ്രവര്‍ത്തനങ്ങളൊഴിച്ചുള്ള കാര്യങ്ങള്‍ നിര്‍ത്തിവയ്ക്കുകയോ കുറയ്ക്കുകയോ ചെയ്യും. ഡോര്‍ മൗസുകള്‍ ഇങ്ങനെ ഉറങ്ങുന്നതിന് മുമ്പ് പരമാവധി ഭക്ഷണങ്ങള്‍ അകത്താക്കി കൊഴുപ്പ് വര്‍ധിപ്പിക്കാറുണ്ട്്. ഈ കൊഴുപ്പ് അത്യാവശ്യ ശരീരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവയെ സഹായിക്കും. തണുപ്പ് കാലം പോലെ തന്നെ വേനല്‍കാലത്ത് കിടന്നുറങ്ങി ഊര്‍ജ്ജം ലാഭിക്കുന്ന ജീവികളുമുണ്ട്. അമേരിക്കയിലും ആസ്‌ത്രേലിയയിലും കാണപ്പെടുന്ന ലംഗ് ഫിഷ് ഇതിനൊരുദാഹരണമാണ്.
സ്ലീപ് ലാബ്
വിവിധ രോഗങ്ങള്‍ക്ക് ലാബുകളില്‍ പോയി പരിശോധന നടത്താറുണ്ടല്ലോ. ഇപ്പോഴിതാ ഉറക്കപ്രശ്‌നങ്ങളെക്കുറിച്ച് പരിശോധന നടത്താന്‍ ലാബ് സംവിധാനം വന്നിരിക്കുന്നു. പേര് സ്ലീപ് ലാബ്. സ്ലീപ് അപ്നിയ പോലുള്ള നിദ്രാഭംഗങ്ങളാണ് മുഖ്യമായും ഈ ലാബില്‍ പരിശോധന നടത്തുന്നത്. പരിശോധന നടത്താനാഗ്രഹിക്കുന്ന രോഗി മുഖ്യമായും ചെയ്യേണ്ട കാര്യം എന്താണെന്നോ?-ലാബില്‍ ചുമ്മാ കിടന്നുറങ്ങുക.
ഉറക്കത്തിനും
ഒരു സ്റ്റൈല്‍
മനുഷ്യന്‍ കൂടുതലായും കിടന്നാണ് ഉറങ്ങാറ്. കുതിര നിന്നുറങ്ങും. മീന്‍ കണ്ണ് തുറന്ന് ഉറങ്ങും. വെള്ളത്തിലൂടെ ഒഴുകി നടന്ന് ഉറങ്ങുന്നവരാണ് വാല്‍റസുകള്‍. തലകീഴായി ഉറങ്ങുന്നവരാണ് വവ്വാലുകള്‍. വെള്ളത്തിനടിയില്‍ കിടന്ന് ഉറങ്ങാന്‍ കഴിവുള്ളവരാണ് ഹിപ്പൊപൊട്ടാമസുകള്‍.
നെപ്പോളിയനും
ഉറക്കവും
നെപ്പോളിയന്‍ ചക്രവര്‍ത്തി ഉറങ്ങുന്നതിന് വ്യത്യസ്തമായൊരു വഴി സ്വീകരിച്ചിരുന്നവത്രേ. വെളുപ്പും കറുപ്പും കള്ളികള്‍ അടങ്ങിയ ഒരു ചതുരാകൃതി മനസില്‍ അദ്ദേഹം സങ്കല്‍പ്പിക്കും. ഓരോ വെളുത്ത കള്ളിയും കറുത്ത കള്ളിയായി അടയ്ക്കുന്ന രീതിയാണ് അടുത്തത്. എല്ലാ കള്ളിയും അടയുന്നതോടെ അദ്ദേഹത്തെ ഉറക്കം തേടിയെത്തുമത്രേ.
ഉറക്കത്തിനും ഒരു ദിനം
ദിനംപ്രതി ഉറങ്ങുന്നവരാണ് നാം. എന്നാല്‍ ഉറക്കത്തിനായൊരു ദിനവും ലോകത്തുണ്ട്. മാര്‍ച്ച് 15 ലോക ഉറക്ക ദിനമായി ആചരിക്കുന്നു. എന്നുവച്ച് അന്നു മുഴുവന്‍ ഉറങ്ങിക്കളയല്ലേ...
ഉറക്ക ഗുളികകള്‍
ഉറങ്ങുന്നതിന് കൂടുതല്‍ പേരും ഉറക്കഗുളികകള്‍ ഉപയോഗിക്കുന്ന കാലമാണിത്. ഉറക്ക ഗുളികകള്‍ ഉപയോഗിച്ച് ഉറങ്ങി ശീലിച്ചവര്‍ക്ക് പിന്നീട് അതില്ലാതെ ഉറങ്ങാന്‍ പറ്റില്ലെന്നതാണ് ബാക്കിപത്രം. മാത്രമല്ല ബുദ്ധിമാന്ദ്യം, ക്ഷീണം, ഓര്‍മക്കുറവ് തുടങ്ങിയവ ഉറക്ക ഗുളികകളുടെ പാര്‍ശ്വഫലങ്ങളാണ്.
ഉറക്കം ഒരു ജോലി
ജോലിക്കിടയില്‍ ഉറങ്ങുന്നവരുണ്ട്. എന്നാല്‍ ജോലി തന്നെ ഉറക്കമായാലോ? അങ്ങനെയും ഒരു ജോലി ലോകത്തുണ്ട്. ഉറക്കത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്കായി സുഖമായി ഉറങ്ങിക്കൊടുക്കലാണ് അതിലൊന്ന്. ലോകത്തെ പ്രധാനപ്പെട്ട മെത്ത നിര്‍മാതാക്കളുമായി ബന്ധപ്പെട്ടാണ് മറ്റൊന്ന്.
കിടന്നുറങ്ങലാണ് ജോലിയെന്ന് കരുതി ചുമ്മാ കിടന്നുറങ്ങിയാല്‍ പോരാ. നിദ്രാനുഭവ റിപ്പോര്‍ട്ട് കമ്പനിക്ക് യഥാസമയം നല്‍കേണ്ടതുണ്ട്. ഒപ്പം മെത്തകള്‍ക്ക് ചെരിവുണ്ടോ, പരിധിയില്‍ കൂടുതല്‍ ഉയരമുണ്ടോ തുടങ്ങിയ പലകാര്യങ്ങളും വേണ്ടപ്പെട്ടവരെ അറിയിക്കുകയും വേണം.
എന്താ ഇപ്പോള്‍ ഉറക്കം പോയോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."