വിഷാംശം കണ്ടെത്താന്‍ വെറും 3 മിനുട്ട്
കോഴിക്കോട്: കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍നിന്നു എത്തിക്കുന്ന വിഷാംശം കലര്‍ന്ന മത്സ്യം പിടികൂടാന്‍ സഹായിച്ചത് കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സി.ഐ.എഫ്.ടി) വികസിപ്പിച്ച റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റ്. മൂന്നു മിനുട്ടിനകം മത്സ്യത്തില്‍ കലര്‍ന്ന അമോണിയ, ഫോമാള്ഡിഹൈഡ് എന്നിവ കണ്ടെത്താനുള്ള ചെലവു കുറഞ്ഞ മാര്‍ഗമാണ് സി.ഐ.എഫ്.ടിയുടെ റാപ്പിഡ് ആക്ഷന്‍ കിറ്റ്.
പത്തുദിവസത്തിനിടെ സംസ്ഥാനത്ത് 12,000 ടണ്‍ മത്സ്യമാണ് ഇത്തരത്തില്‍ ഈ കിറ്റിന്റെ സഹായത്തോടെ കണ്ടെത്തിയത്. ഒരു കിറ്റില്‍ 25 സ്ട്രിപ്പുകളാണ് ഉള്‍പ്പെടുന്നതെങ്കിലും ഇതുപയോഗിച്ച് 50 ടെസ്റ്റുകള്‍ നടത്താമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കിറ്റ് ഉപയോഗിച്ചുള്ള പരിശോധന ക്വാളിറ്റേറ്റീവ് അനാലിസിസ് (വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തുന്ന പരിശോധന) ആയി മാത്രമേ കോടതി പരിഗണിക്കുകയുള്ളൂ എന്നതിനാല്‍ എത്രയളവില്‍ വിഷം കണ്ടെത്തിയിട്ടുണ്ടെന്ന് കണ്ടെത്തുന്നതിന് ലബോറട്ടറി വഴി നടത്തുന്ന ക്വാണ്ടിറ്റേറ്റീവ് അനാലിസിസ് പരിശോധന കൂടി നടത്തുന്നുണ്ട്.
മത്സ്യത്തില്‍ അടങ്ങിയ അമോണിയ, ഫോമാള്ഡിഹൈഡ് എന്നിവ കണ്ടെത്താന്‍ രണ്ടു സ്ട്രിപ്പുകളാണ് സി.ഐ.എഫ്.ടി വികസിപ്പിച്ചത്. നേര്‍ത്ത പേപ്പറും ഒരു ലായിനിയുമാണ് പരിശോധനാ കിറ്റിലുള്ളത്.
സ്ട്രിപ്പ് മത്സ്യത്തിലോ മീന്‍ ഇറച്ചിയിലോ ഉരസിയ ശേഷം അതിലേക്ക് ഒന്നോ രണ്ടോ തുള്ളി ലായിനി ഒഴിച്ചാല്‍ നിറം മാറ്റം നോക്കി മീനിലെ വിഷാംശം അറിയാം.കടുംനീല നിറമുണ്ടെങ്കില്‍ മീനില്‍ വിഷാംശം ഉണ്ടെന്ന് ഉറപ്പിക്കാം.
ശീതീകരിച്ചു സൂക്ഷിച്ച മത്സ്യത്തിലെ അമോണിയ കണ്ടെത്താന്‍ പ്രയാസമാണെങ്കിലും ഫോമാള്ഡിഹൈഡ് സാന്നിധ്യം പെട്ടെന്ന് തന്നെ കിറ്റില്‍ തെളിയും. ഒരു രൂപയാണ് സ്ട്രിപ്പിന് നിര്‍മാണ ചെലവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."