പരിധിയില്‍ കൂടുതല്‍ പണമയച്ച കൊടുവള്ളി സ്വദേശി ജയില്‍ മോചിതനായി
റിയാദ്: വരുമാനത്തേക്കാള്‍ കൂടുതല്‍ പണം കൈമാറ്റം ചെയ്ത കേസില്‍ പിടിയിലായ കോഴിക്കോട് സ്വദേശി ജയില്‍ മോചിതനായി. പരിധിയില്‍ കൂടുതല്‍ പണം നാട്ടിലേക്കയച്ച കേസില്‍ രണ്ടു വര്‍ഷം ജയില്‍ തടവനുഭവിച്ച കൊടുവള്ളി സ്വദേശി അലി (50) യാണ് തടവനുഭവിച്ച ശേഷം ജയില്‍ മോചിതനായി നാട്ടിലേക്ക് മടങ്ങിയത്.
മക്കയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് അലി വരവില്‍ കവിഞ്ഞ തുക നാട്ടിലേക്കയച്ച കേസില്‍ പിടിയിലായത്. ശിക്ഷാ കാലാവധി കഴിഞ്ഞ് പതിനൊന്നു മാസം പിന്നിട്ടിട്ടും മോചനം ലഭിക്കാത്തതില്‍ ആശങ്കയിലായിരുന്നു അലിയുടെ കുടുംബം. അതിനിടെ മാതാവിന്റെ വേര്‍പാടും അലിയെ തളര്‍ത്തിയിരുന്നു.
രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞിട്ടും ജയില്‍ മോചിതനാകാതിരുന്നതിനെ തുടര്‍ന്ന് ആശങ്കയിലായ കുടുംബം ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന്, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍, വെല്‍ഫെയര്‍ ഇന്‍ചാര്‍ജ് ഫൈസല്‍ മമ്പാട് എന്നിവര്‍ ഇന്ത്യന്‍ എംബസിയുടെ വെല്‍ഫെയര്‍ വിഭാഗവുമായി ബന്ധപ്പെടുകയും അലിയുടെ മോചനത്തിനു വേണ്ട ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അലിയുടെ മോചനം യാഥാര്‍ഥ്യമായത്.
രാജ്യത്തെ പണമിടപാടുകള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ അധികൃതര്‍ വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രാദേശിക ബാങ്കുകള്‍ വഴി പോലുമുള്ള ഇടപാടുകളും നടത്തുന്നതും ശമ്പളത്തേക്കാള്‍ കൂടുതല്‍ നാട്ടിലേക്കയയ്ക്കുന്നതടക്കമുള്ള പണമിടപാടുകള്‍ കര്‍ശന നിരീക്ഷണമാണ് സഊദി മോണിറ്ററി അതോറിറ്റി നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."