വോട്ടെടുപ്പിന് ഫ്‌ളക്‌സിന്റെ മോടി വേണ്ടെന്ന് കോടതിയും
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ശ്യാംകുമാര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എം.കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു. നശിക്കാന്‍ സാധ്യതയില്ലാത്ത വസ്തുക്കള്‍ക്ക് പകരം ജീര്‍ണിക്കുന്ന വസ്തുക്കള്‍ മാത്രമേ പ്രചാരണ സാമഗ്രികളായി ഉപയോഗിക്കാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഫ്‌ളക്‌സുകളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നും ഇവ ഒരിക്കലും നശിക്കില്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ഫ്‌ളക്‌സ് ബോര്‍ഡ് ദുരുപയോഗം ചൂണ്ടിക്കാട്ടി മറ്റൊരു ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ശ്യാമിന്റെ ഹരജിയും ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഹരജിക്കാരന്‍ പറയുന്നത് ഗുരുതര പരിസ്ഥിതി പ്രശ്‌നത്തെപ്പറ്റിയാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ഉപയോഗം തടയുകയായിരുന്നു. പരിസ്ഥിതി സൗഹാര്‍ദപരമായ തെരഞ്ഞെടുപ്പായിരിക്കണം നടത്തേണ്ടതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ക്ക് വിശദീകരണം നല്‍കാനും ഹൈക്കോടതി സമയം അനുവദിച്ചു. ഹരജി പിന്നീട് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."