ലഹരി മുക്തിയിലേക്കുള്ള പാതയൊരുക്കി വെല്‍നസ് ഇന്‍സ്റ്റിറ്റ്യൂട്ട്
കുറ്റിപ്പുറം: ലഹരിമരുന്ന്, ഇന്റര്‍നെറ്റ് തുടങ്ങിയവക്കടിമപ്പെട്ടവര്‍ക്കും മാനസിക പ്രശ്‌നങ്ങളുള്ളവര്‍ക്കുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വെല്‍നസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോ സൊലൂഷന്‍സ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ കുറ്റിപ്പുറത്ത് പ്രവര്‍ത്തനമാരംഭിച്ചു. എസ്.കെ.എസ്.എസ്.എഫ് മുപ്പതാം വാര്‍ഷികാഘോഷ(ട്രൈസനേറിയം) പദ്ധതികളുടെ പ്രഥമ സംരംഭമായിട്ടാണ് കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. മാനസികാരോഗ്യ മേഖലയിലേക്കുള്ള സംഘടനയുടെ പ്രഥമ ചുവടുവെപ്പാണിത്. സാമൂഹികവും മാനസികവുമായി വ്യക്തി അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് ശാസ്ത്രീയ രീതിയില്‍ പരിഹാരം കണ്ടെത്താന്‍ ക്രിയാത്മകമായി ഇടപെടുന്ന ഒരു സംവിധാനവും സംസ്‌കാരവുമാണ് വെല്‍നസിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
സാമൂഹികഭദ്രതയെ ദുര്‍ബലപ്പെടുത്തുന്ന ലഹരിയുപയോഗത്തെ മറികടക്കാനുള്ള ചികിത്സ കാര്യക്ഷമമായി നടപ്പിലാക്കാന്‍ വെല്‍നസ് സംവിധാനമൊരുക്കിയിട്ടുണ്ട്. ഇതിലൂടെ ലഹരിക്കടിമപ്പെട്ടവരുടെ ഫലപ്രദമായ അതിജീവനത്തിന് വെല്‍നസില്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. ലഹരി വിമോചന ചികിത്സ, ആധുനിക വൈദ്യശാസ്ത്ര ചികിത്സ, മനഃശാസ്ത്ര പരിശോധനകള്‍, വിവിധ മനഃശാസ്ത്ര - സാമൂഹിക ചികിത്സ, പുനരധിവാസം, കുടുംബ കൗണ്‍സിലിങ്, മോറല്‍ ഡവലപ്‌മെന്റ്, സ്വഭാവ വൈകല്യങ്ങള്‍ക്കുള്ള ചികിത്സ, കൗമാര കൗണ്‍സിലിങ് തുടങ്ങിയ സേവനങ്ങള്‍ വെല്‍നസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭ്യമാണ്.
ഡോക്ടര്‍മാര്‍, സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, സൈക്യാട്രിക് നഴ്‌സ്, സോഷ്യല്‍ സ്‌കില്‍ ട്രെയിനര്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന സംഘമാണ് വെല്‍നസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് നേതൃത്വം നല്‍കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സയും പുനരധിവാസവും ലഭിക്കുന്ന ഒരു സ്ഥാപനമായി വളര്‍ത്തിയെടുക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ മാനസികാരോഗ്യ, സാമൂഹിക മേഖലകളില്‍ സജീവമായി ഇടപെടുന്ന ഒരു സംവിധാനമാണ് വെല്‍നസിന്റെ ലക്ഷ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9562771133, [email protected]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."