പേരാവൂര്‍, മട്ടന്നൂര്‍, ഇരിക്കൂര്‍ മണ്ഡലം: സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം 15ന്
ഇരിട്ടി: പേരാവൂര്‍, മട്ടന്നൂര്‍, ഇരിക്കൂര്‍, നിയോജക മണ്ഡലങ്ങളുടെ വൈദ്യൂതീകരണ പ്രഖ്യാപനം 15ന് വൈദ്യുതി മന്ത്രി എം.എം മണി മൂന്നിടങ്ങളിലായി നടത്തും. ഇതോടെ കണ്ണൂര്‍ ജില്ല സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി മാറും. കണ്ണൂരില്‍ എട്ടു നിയോജക മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. മലയോര പ്രദേശങ്ങള്‍ കൂടുതലുള്ളതിനാല്‍ പേരാവൂര്‍, ഇരിക്കൂര്‍, മട്ടന്നൂര്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തികളില്‍ താമസം നേരിട്ടതാണ് പ്രഖ്യാപനം വൈകാന്കാരണം. ശ്രീകണ്ഠാപുരം വൈദ്യുതി സര്‍ക്കിളിന്റെ കീഴില്പെടുന്ന ഈ മൂന്ന് മണ്ഡലങ്ങളിലായി 6088 പുതിയ വൈദ്യുതി കണക്ഷനുകളാണ് സമ്പൂര്‍ണ ലക്ഷ്യം കൈവരിക്കുന്നതിനായി നല്‍കിയത്. ഇതില്‍ 1242 പേര്‍ക്ക് വയറിങ്ങ് പ്രവര്‍ത്തികളും സൗജന്യമായി നല്കി. പുതിയ കണക്ഷന് കിട്ടിയവരില്‍ 1823 പേര് എസ്.ടി വിഭാഗത്തിലും 392 പേര് എസ്.സി വിഭാഗത്തിലുംപെട്ടവരാണ്. 126.24 കിലോമീറ്റര്‍ എല്‍.ടി വൈദ്യുതി ലൈന്‍ പുതുതായി വലിച്ചു. 5300ഓളം പുതിയ വൈദ്യുതി തൂണുകള്‍ സ്ഥാപിച്ചു. 6.94 കോടി രൂപ ചെലവായി. 22 സെക്ഷനുകളിലെ എ.ഇമാര്‍ ഉള്‍പ്പെടെ നാനൂറോളം ജീവനക്കാര്‍ പ്രത്യേക ടാസ്ക് ഫോഴ്സായി നാലുമാസം നീണ്ട ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ലക്ഷ്യം കൈവരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."