കെ.എം മാണിയുടെ കത്ത് ജോസഫ് കൈപ്പറ്റിയില്ല
തൊടുപുഴ: കോട്ടയം ലോക്‌സഭാ സീറ്റില്‍ കെ.എം മാണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എയുടെ പുറപ്പുഴയിലെ വസതിയില്‍ നേതാക്കള്‍ യോഗം ചേര്‍ന്നു. മോന്‍സ് ജോസഫ് എം.എല്‍.എ, മുന്‍ എം.എല്‍.എ ടി.യു കുരുവിള എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. അതിനിടെ, കെ.എം മാണി ദൂതന്‍വശം കൊടുത്തയച്ച കത്ത് പി.ജെ ജോസഫ് കൈപ്പറ്റിയില്ല. ഇത് ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കും ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്കും കാരണമായി.
സംസ്ഥാനത്ത് പലയിടത്തും ജോസഫ് വിഭാഗം നേതാക്കള്‍ ഗ്രൂപ്പ് യോഗങ്ങള്‍ ചേര്‍ന്ന് ജോസഫ് എടുക്കുന്ന ഏതു തീരുമാനത്തിനും പിന്തുണ അറിയിച്ചിട്ടുണ്ട്. ജോസഫിനെ പോലൊരു മുതിര്‍ന്ന നേതാവിനെ കെ.എം മാണി അപമാനിച്ചെന്നാണ് പൊതുവികാരം. മാണിയുടെയും മകന്റെയും ഏകാധിപത്യത്തിനെതിരേ മാണി വിഭാഗത്തിലെ തന്നെ ചില മുതിര്‍ന്ന നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. ഇവര്‍ ജോസഫുമായി ആശയവിനിമയം നടത്തുന്നുണ്ട്. പാര്‍ട്ടി പിളര്‍ത്തുന്നതിന് ജോസഫിന് മുന്നില്‍ പ്രധാന തടസമായി നില്‍ക്കുന്നത് കൂറുമാറ്റ നിരോധന നിയമമാണ്. ആറ് എം.എല്‍.എമാരുള്ള കേരളാ കോണ്‍ഗ്രസ് എമ്മിന് ജോസഫ് ഗ്രൂപ്പില്‍ ജോസഫിനെ കൂടാതെ മോന്‍സ് ജോസഫ് മാത്രമാണുള്ളത്. നാല് എം.എല്‍.എമാരുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ കൂറുമാറ്റ നിരോധനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."