വിഷുവിന് കണി കണ്ടുണരാന് വെള്ളരി വിപണിയിലെത്തി
മാള: കാര്‍ഷിക സമൃദ്ധിയുടെ ഉത്സവമായ വിഷുവിന് കണി കണ്ടുണരാന് മാളയിലെ യുവ കര്ഷകന് രജീഷ് വിളയിച്ചെടുത്ത വെള്ളരി വിപണിയിലെത്തി. ഇത്തവണത്തെ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് അഷ്ടമിച്ചിറ സ്വദേശി മണലിക്കാട്ടില്‍ എം.ബി രജീഷ് മികച്ച രീതിയില്‍ വിളവെടുക്കുന്നത്. വെള്ളരിയുടെ വിലയില്‍ ഇപ്പോള്‍ തന്നെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇനി വിഷുത്തലേന്ന് വില ഉയരാനാണ് സാധ്യത. കണിക്ക് ഉപയോഗിക്കുന്നതിനുള്ള താരതമ്യേനെ ചെറിയ ഇനമാണ് രജീഷ് ഉല്‍പ്പാദിപ്പിച്ചിരിക്കുന്നത്. സ്വര്‍ണ്ണ നിറത്തിലുള്ള ചെറിയ വെള്ളരിക്ക് വിഷുക്കാലത്ത് എന്നും ആവശ്യക്കാര്‍ ഏറെയാണ്. പോളിമര്‍ ടെക്നോളജിയില്‍ ഡിപ്ലോമ പാസായ രജീഷ് കഴിഞ്ഞ ഏഴ് വര്‍ഷമായി മുഴുവന്‍ സമയ കര്‍ഷകനാണ്. മാളയിലെ വിവിധ പ്രദേശങ്ങള്‍ കൂടാതെ കൊരട്ടിയിലും ഇത്തവണ പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷിയിറക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇതിനകം 25 ടണ്ണിലധികം കണി വെള്ളരി വിളവെടുത്തു. കര്‍ഷക കൂട്ടായ്മയിലെ അംഗങ്ങളായ ജോസഫ് പള്ളന്‍, രഞ്ജിത്ത് ചിറ്റെത്ത്, പി.എസ് ശ്രീജിത്ത്, കെ.എസ് ശ്രീജിത്ത്എന്നിവര്ക്കൊപ്പമാണ് രജീഷ് കൃഷിയിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."