നഗരം ഗുണ്ടകളുടെ പിടിയില്‍; പൊലിസുകാര്‍ക്കും രക്ഷയില്ല
പാലക്കാട്: നഗരം ഗുണ്ടകളുടെ പിടിയില്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗുണ്ടകളുടെ അക്രമത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. പൊലീസുകാര്‍ക്കു പോലും രക്ഷയില്ലാത്ത അവസ്ഥയാണ് നഗരത്തിലുള്ളത്.കഴിഞ്ഞ ദിവസം പട്ടാപകലാണ് ഗതാഗതം നിയന്ത്രിക്കുന്നതിനിടയില്‍ പൊലീസുകാരെ ആക്രമിച്ചത്. നോര്‍ത് പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രതീഷിനും(36), സുനിലിനുമാണ് ക്രൂരമായി മര്‍ദനമേറ്റത്. ബൈക്ക് യാത്രക്കാരായ കൊടുവായൂര്‍ നൊച്ചൂര്‍ സ്വദേശികളായശ്രീജിത്ത്, സഹോദരന് രഞ്ജിത് എന്നിവരാണ് ആക്രമിച്ചത്. രണ്ടാഴ്ച്ച മുന്‍പ് മൂത്താന്തറ ഭാഗത്തു വച്ചും ജോലിക്കിടെ രണ്ടു സിവില്‍ പൊലിസ് ഓഫിസര്‍മാരെ ഗുണ്ടാ സംഘം ആക്രമിച്ചിരുന്നു. ഈ കേസിലെ മുഖ്യപ്രതി സുരേഷ് ഇപ്പോഴും ഒളിവിലാണ്.
രാത്രി നഗരത്തില്‍ സഞ്ചരിക്കാന്‍ ജനങ്ങള്‍ ഭയക്കുകയാണ്. രാത്രി എട്ട് മണി കഴിഞ്ഞാല്‍ കോട്ടമൈതാനവും, പരിസരവും വിജനമാണ്. മുന്‍പൊക്കെ രാത്രി പൊലിസ് റോന്ത് പതിവുണ്ടായിരുന്നു. ഇപ്പോള്‍ പേരിനു മാത്രമായി ബസ് സ്റ്റാന്‍ഡുകളിലും എട്ട് മണി കഴിഞ്ഞാല്‍ പൊലിസിന്റെ സേവനം ഇല്ല. പൊലിസുകാര്‍ക്ക് പോലും ഭയമില്ലാതെ ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."